വിരമിച്ച ജഡ്ജിമാരുടെ സര്‍ക്കാര്‍ പദവികള്‍

Posted on: January 15, 2019 8:45 am | Last updated: January 14, 2019 at 9:48 pm

ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെയാണ് 2018 ജനുവരിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. അവരുടെ നിരീക്ഷണത്തിന് ശക്തി പകരുന്നതാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍. സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ആലോക് വര്‍മയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചത് വിരമിച്ച ശേഷം കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്ക് നിയമിക്കാമെന്ന കേന്ദ്ര വാഗ്ദാനത്തില്‍ ആകൃഷ്ടനായാണെന്നാണ് ആരോപണം. സി ബി ഐ നിയമനവുമായി ബന്ധപ്പെട്ട മൂന്നംഗ ഉന്നതാധികാര സമിതിയില്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വര്‍മക്കെതിരായ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത സാഹചര്യത്തില്‍ ജസ്റ്റിസ് സിക്രിയുടെ പിന്തുണ ലഭിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ താത്പര്യം നടപ്പാക്കാനായത്. വിഷയം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രം വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കില്ലെന്ന് സിക്രി അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ വാഗ്ദാനവും തുടര്‍ന്ന് അദ്ദേഹം കൈക്കൊണ്ട സര്‍ക്കാര്‍ അനുകൂല നിലപാടും ജുഡീഷ്യറിയുടെ മേല്‍ കരിനിഴലായി അവശേഷിക്കുക തന്നെ ചെയ്യും. കഴിഞ്ഞ നവംബറിലാണ് സിക്രിയെ ട്രൈബ്യൂണല്‍ അംഗമാക്കാന്‍ കേന്ദ്രം ശിപാര്‍ശ ചെയ്തത്. പദവി ഏറ്റെടുക്കാമെന്ന് വാക്കാല്‍ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ച സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ ട്രൈബ്യൂണലുകള്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി ജൂഡീഷ്യറി സ്വഭാവമുള്ള, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ നിയമിക്കുക പതിവുണ്ട്. പലര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പേ സര്‍ക്കാര്‍ രഹസ്യമായി പദവികള്‍ വാഗ്ദാനം ചെയ്യും. സ്വാഭാവികമായും അത് നീതിനിര്‍വഹണത്തിലെ നിഷ്പക്ഷതയെ ബാധിക്കാനിടയുണ്ട്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടിയത് പോലെ ‘വിരമിക്കലിന് ശേഷം സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്ന ജഡ്ജിമാര്‍ ഒരിക്കലും സര്‍ക്കാറിന് ഇഷ്ടക്കേടുണ്ടാക്കാന്‍ ശ്രമിക്കില്ല’. അതുകൊണ്ടാണ് ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ ജോലികളില്‍ വിരമിക്കലിന് മൂന്ന് വര്‍ഷത്തിനകം ജോലിനോക്കരുതെന്ന് ജസ്റ്റിസ് കപാഡിയ, ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ തുടങ്ങിയവര്‍ നിര്‍ദേശിക്കാന്‍ കാരണം. ലിഖിത ചട്ടമല്ലെങ്കിലും ഈ നയം ജുഡീഷ്യറിയില്‍ പൊതുവെ പാലിക്കപ്പെടുകയും ചെയ്തിരുന്നു. ഈയിടെ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കമാല്‍ പാഷ തുടങ്ങിയവര്‍ സര്‍ക്കാര്‍ ജോലികളൊന്നും സ്വീകരിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞതും ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍, അടുത്ത കാലത്തായി വിശേഷിച്ചും ബി ജെ പി അധികാരത്തിലേറിയതിന് ശേഷം ഈ കീഴ്‌വഴക്കം നിരന്തരം ലംഘിക്കപ്പെടുകയും സര്‍വീസില്‍ നിന്നും വിരമിക്കുമ്പോഴേക്കും ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പദവികള്‍ നല്‍കി വരികയുമാണ്. കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര ഉപഭോക്്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ചെയര്‍മാന്‍ അഗര്‍വാള്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ഗോയല്‍ എന്നിവര്‍ കോടതികളില്‍ നിന്ന് വിരമിച്ച ഉടനെ ബി ജെ പി സര്‍ക്കാര്‍ നിയമനം കൊടുത്തവരാണ്. ഇതിന് പിന്നില്‍ സര്‍ക്കാറിന് എന്തെങ്കിലും ഉപകാര സ്മരണകളോ, നിശ്ചിത താത്പര്യങ്ങളോ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അമിത് ഷാക്കെതിരായുള്ള തുളസിറാം പ്രജാപതി കേസിലെ രണ്ടാം എഫ് ഐ ആര്‍ റദ്ദാക്കിയതിനുള്ള പ്രത്യുപകാരമായാണ് പി സദാശിവത്തിന്റെ ഗവര്‍ണര്‍ പദവിയെന്നാണ് ആരോപണം. സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടറായി ആര്‍ കെ അസ്താനയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി തള്ളിയതിനുള്ള നന്ദിപ്രകടനമാണ് ആര്‍ കെ അഗര്‍വാളിന്റെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയെന്നും പറയപ്പെടുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആന്റണി ഡൊമനികിനെ വിരമിച്ച് ഒരാഴ്ചക്കകം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച കേരള സര്‍ക്കാര്‍ നടപടിയും വിവാദമായിട്ടുണ്ട്. കഴിഞ്ഞ മെയിലായിരുന്നു നിയമനം.

കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ കറകളഞ്ഞ നീതിബോധമല്ലാതെ ബാഹ്യസമ്മര്‍ദങ്ങളൊന്നും സ്വാധീനിക്കാന്‍ ഇടവരരുത്. പ്രത്യുത അവരുടെ വിധിപ്രസ്താവങ്ങളെ അത് ബാധിക്കാന്‍ സാധ്യത ഏറെയാണ്. വിരമിച്ച ജഡ്ജിമാരുടെ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അമ്യുക്കസ് ക്യൂറിയായി നിയമിതനായ അരവിന്ദ് പി ദത്താര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. വിരമിച്ചവര്‍ക്ക് വിഹരിക്കാനുള്ള സ്വര്‍ഗമാകരുത് ട്രൈബ്യൂണലുകള്‍ പോലെയുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളെന്നും നിയമനം നടത്തുന്ന അധികാരിയും അന്യായക്കാരനും സര്‍ക്കാറാണെന്നിരിക്കെ ഇതു വിധിന്യായങ്ങളെ ബാധിച്ചേക്കാനിടയുണ്ടെന്നുമായിരുന്നു അമിസ്‌ക്യൂറിയുടെ നിഗമനം. ജഡ്ജിമാരുടെ വിരമിക്കലിന് ശേഷം ഏത് ജോലി സ്വീകരിക്കുമ്പോഴും ഒരു വ്യവസ്ഥയും നിയന്ത്രണവും വേണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. ജസ്റ്റിസ് സിക്രിയുമായി ബന്ധപ്പെട്ട വിവാദം വിരല്‍ ചൂണ്ടുന്നതും ഇത്തരമൊരു നിയന്ത്രണത്തിന്റെ അനിവാര്യതയിലേക്കാണ്.