Connect with us

National

കോണ്‍ഗ്രസ് വിമത എം എല്‍ എമാരെ ചാക്കിടാന്‍ ബി ജെ പി; കുഴഞ്ഞുമറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യ ഭരണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അട്ടിമറിക്കാന്‍ വിപുലമായ കുതന്ത്രങ്ങള്‍ മെനഞ്ഞ് ബി ജെ പി. കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ടു പിടിക്കാനുള്ള തീവ്രനീക്കങ്ങളാണ് നടന്നുവരുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം പിമാരും എം എല്‍ എമാരും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിവരികയാണെന്ന് സൂചനയുണ്ട്.

മന്ത്രിസഭാ പുനസ്സംഘടനയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിനാല്‍ കുമാരസ്വാമി സര്‍ക്കാറുമായി ഇടഞ്ഞ ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്.
ഇവരില്‍ ഗോഖക് എം എല്‍ എ. രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിംഗ് (വിജയനഗര), ബി നാഗേന്ദ്ര (ബെള്ളാരി റൂറല്‍) എന്നിവര്‍ മുംബൈയിലെ ഒരു റിസോട്ടില്‍ കഴിയുകയാണെന്ന് കര്‍ണാടക ജലവിഭവ വകുപ്പു മന്ത്രി ഡി കെ ശിവകുമാര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. ഈ മൂന്നുപേരും സംശയത്തിന്റെ നിഴലിലാണ്.

നാഗേന്ദ്രയുടെ അടുത്ത സുഹൃത്തും അത്താണി എം എല്‍ എയുമായ മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍ (കഗ്വാഡ്), ഉമേഷ് ജാദവ് (ചിഞ്ചോളി എന്നിവരെയും പാര്‍ട്ടി നേതൃത്വം നിരീക്ഷിച്ചു വരികയാണ്. 120 സീറ്റുകളാണ് കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തിന് സംസ്ഥാനത്തുള്ളത്. ബി ജെ പിക്കു 104ഉം.

അതേസമയം, കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിടാനുള്ള യാതൊരു നീക്കവും തങ്ങള്‍ നടത്തുന്നില്ലെന്നാണ് യെദ്യൂരപ്പ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ബി ജെ പിയെ കോണ്‍ഗ്രസും ജനതാദളും വല്ലാതെ ഭയക്കുന്നുണ്ടെന്നാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ നിന്ന് വ്യക്തമാകുന്നത്.
എം എല്‍ എമാരാരും കൂറുമാറില്ലെന്നും സര്‍ക്കാറിനു ഭീഷണിയൊന്നുമില്ലെന്നും കോണ്‍ഗ്രസ്-ജനതാദള്‍ ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും എം എല്‍ എമാര്‍ തന്റെ അറിവോടെയാണ് മുംബൈയിലേക്കു പോയതെന്നും മുഖ്യമന്ത്രി കുമാരസ്വാമിയും വ്യക്തമാക്കി.

---- facebook comment plugin here -----

Latest