രാജ്യദ്രോഹ കേസ്: കനയ്യകുമാര്‍ ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: January 14, 2019 3:54 pm | Last updated: January 14, 2019 at 8:14 pm

ന്യൂഡല്‍ഹി: 2016 ഫെബ്രുവരി ഒമ്പതിന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ (ജെ എന്‍ യു) നടന്ന സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

അന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്ന കനയ്യയെ കൂടാതെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് പാട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12,000 പേജ് വരുന്ന കുറ്റപത്രം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഡല്‍ഹി പോലീസ് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്.

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരെയാണ് പോലീസ് കേസെടുത്തത്. മാര്‍ച്ചിന് അനുമതിയില്ലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ കനയ്യ കുമാര്‍ പോലീസുകാരോട് കയര്‍ത്തതായും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.