സാമ്പത്തിക സംവരണത്തിലെ ചതി

യഥാര്‍ഥ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് പാര്‍ലിമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ തിരക്കുപിടിച്ച് സംവരണ ബില്‍ പാസ്സാക്കി എടുത്തത്. ഭൂരിപക്ഷം പാര്‍ട്ടികളുടെയും നേതാക്കള്‍ സവര്‍ണരായതിനാല്‍ അവര്‍ കേട്ട പാടേ സവര്‍ണ സംവരണം സ്വാഗതം ചെയ്തു. കേരളത്തിന് പുറത്ത് വിശിഷ്യാ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അവര്‍ണര്‍ ആര്‍ക്ക്് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പോലും സവര്‍ണ ജന്മിമാരാണ്. അതിനാല്‍ അവര്‍ണ- സവര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റുറപ്പിക്കുന്ന യജമാനനോടുള്ള കടപ്പാട് നിറവേറ്റുകയായിരുന്നു. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് അനന്തരാവകാശികളില്ലാതായിപ്പോയതാണ് സംവരണ ചര്‍ച്ചകളില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും കണ്ടത്.
Posted on: January 13, 2019 6:02 am | Last updated: January 12, 2019 at 11:09 pm

സാമൂഹികമായും വിദ്യാഭ്യാസപരമായും മാറ്റിനിര്‍ത്തപ്പെട്ട ജാതി, മത, വര്‍ഗ, വര്‍ണ വിഭാഗങ്ങളെ രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ സംവരണമല്ലാതെ പോംവഴികളില്ലെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് ഭരണഘടനാ ശില്‍പ്പികള്‍ സംവരണത്തിന് നിര്‍ദേശിച്ചതും ഭരണഘടനയില്‍ രേഖപ്പെടുത്തിയതും. സമൂഹത്തില്‍ അയിത്താചരണം നിലനിന്നിരുന്നു. തൊട്ടുകൂടായ്മ തന്നെയായിരുന്നു അത്. പൊതുസ്ഥലങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം, മാന്യമായ വസ്ത്രം ധരിക്കാനുള്ള അവകാശം, ആരാധനാ സ്വാതന്ത്ര്യം എല്ലാം നിഷേധിക്കപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന, അടിച്ചമര്‍ത്തപ്പെട്ടവരും മ്ലേച്ഛരുമായി കരുതിപ്പോന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മൂഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഏക മാര്‍ഗമായിരുന്നു സംവരണം. അതൊരു ശരിയായ തീരുമാനമായിരുന്നുവെന്ന് പില്‍ക്കാലത്ത് തെളിയുകയും ചെയ്തു. അന്ന് മുതല്‍ തന്നെ അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു വിഭാഗം ഇന്ത്യയിലൊട്ടുക്കുമുണ്ട്. ജനസംഖ്യയുടെ 70 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളെ അടക്കി ഭരിച്ചിരുന്ന സവര്‍ണരായിരുന്നു അതിന് പിന്നില്‍.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സവര്‍ണ മേധാവികള്‍ക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭീതി അതി ഭയങ്കരമായി അവരെ വേട്ടയാടുന്നുണ്ടായിരുന്നു. അതിനെ മറികടക്കാന്‍ അവര്‍ ചെയ്തത് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയരൂപവത്കരണ സ്ഥാനങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിലൂടെ ഈ 30 ശതമാനത്തില്‍ താഴെ വരുന്ന സവര്‍ണര്‍, അവര്‍ണര്‍ക്ക് അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചു. സാക്ഷാല്‍ ഭീം റാവു അംബേദ്കറിന് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല. മെറിറ്റ് നോക്കുന്നതിന് പകരം ജാതി ഭ്രാന്ത് നേതാക്കളെ വേട്ടയാടി. അതിനാല്‍ തന്നെ അവര്‍ണ വിഭാഗങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ നല്‍കാനാണ് ത്രിതല പഞ്ചായത്തുകളിലേക്കും നിയമസഭ, ലോക്‌സഭ, സര്‍ക്കാര്‍ സര്‍വീസുകള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്ഥാനങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ സംവരണം ചെയ്യാന്‍ തുടങ്ങിയത്. നിലവില്‍ ഇന്ത്യയില്‍ പട്ടികജാതി, പട്ടിക വര്‍ഗം, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒ ബി സി) എന്നീ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരം വിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നത്.
ഇന്ത്യയില്‍ പട്ടിക ജാതി വിഭാഗത്തിന് 15, പട്ടികവര്‍ഗ വിഭാഗത്തിന് 7.5, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം എന്നിങ്ങനെ ആകെ 49.5 ശതമാനമാണ് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ സംവരണം ചെയ്തിരിക്കുന്നത്.
ആരാണ് മുന്നാക്കം?
സാമൂഹിക വ്യവസ്ഥിതിയില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെടുന്ന ജനവിഭാഗങ്ങളെയാണ് സവര്‍ണര്‍ അഥവാ ഉന്നത ജാതിക്കാരായി കണക്കാക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലവാരത്തിലുള്ളവരാണിവര്‍. ഇന്ത്യയുടെ ജനസംഖ്യയില്‍ 30 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഈ വിഭാഗങ്ങളില്‍ പെടുന്നവരാണ് സര്‍ക്കാര്‍ സര്‍വീസില്‍ മിക്കതും കൈയാളുന്നത്. പരമ്പരാഗത ഭൂവുടമകളും സൈനികരും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്തുപോരുന്നവരുമായ ഇവര്‍ സമൂഹത്തിന്റെ ഉച്ച നീചത്വങ്ങള്‍ക്കോ ജാതിമത, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ക്കോ ഇരയായിട്ടില്ല. അതുകൊണ്ട് സാമൂഹിക ശ്രേണിയില്‍ ഇവര്‍ ഉയര്‍ന്ന് നില്‍ക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, സിവില്‍ സര്‍വീസ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍, യൂനിയന്‍ പബ്ലിക് സര്‍വീ സ് കമ്മീഷന്‍ അംഗങ്ങള്‍, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍, എം പി, എം എല്‍ എ എല്ലാം നല്ല പങ്കും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ആയതിനാല്‍ തന്നെ ഈ വിഭാഗങ്ങള്‍ ഒരു തരത്തിലുമുള്ള തൊഴില്‍ വിവേചനങ്ങള്‍ക്കോ, വിദ്യാഭ്യാസപരമായ അവകാശ നിഷേധങ്ങള്‍ക്കോ ഇരയാകാറില്ല.
മുസ്‌ലിംകളുടെ സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 1999-2000 വര്‍ഷത്തെ ദേശീയ സാമ്പിള്‍ സര്‍വേയെ അടിസ്ഥാനമാക്കി നല്‍കിയ കണക്കുകള്‍ പ്രകാരം ഓരോ വിഭാഗത്തിലും ദാരിദ്ര രേഖക്ക് താഴെ കഴിയുന്നവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. (പട്ടിക നോക്കുക). ഇതില്‍ നിന്നും എല്ലാ വിഭാഗങ്ങളുടെയും യഥാര്‍ഥ ജീവിത പശ്ചാത്തലവും സാമൂഹിക മുഖ്യധാരയില്‍ നിന്നും എത്ര അകന്നാണ് കഴിയുന്നതെന്നും മനസ്സിലാക്കാവുന്നതാണ്.
മോദി വന്ന ശേഷം
ബി ജെ പി മഹാഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതോടെ അവര്‍ണ വിഭാഗങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിം, ദളിത് വിഭാഗങ്ങള്‍ അരക്ഷിതരും വിവേചനങ്ങള്‍ക്ക് കൂടുതല്‍ ഇരകളുമായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും അരക്ഷിതാവസ്ഥക്ക് യാതൊരു കുറവുമില്ല. പശുവിന്റെയും മറ്റും പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, ആട്ടിയോടിക്കലുകള്‍, ദാരിദ്ര്യം ചൂഷണം ചെയ്ത് നടത്തുന്ന ഘര്‍ വാപസി, ആരാധനാലയങ്ങളെ ആക്രമിക്കല്‍. ചുരുക്കത്തില്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാത്ത രൂപത്തിലേക്ക് കാര്യങ്ങള്‍ മാറി. പട്ടിക ജാതി ആക്ടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമം നടന്നു. ഈ പരിതസ്ഥിതിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ പുരോഗമനം ഒരിക്കലും സാധിക്കില്ലെന്ന് മാത്രമല്ല ഏറെ പിന്നാക്കം പോകാനാണ് സാധ്യത.
ഏറെ കാലമായി സംവരണം ലഭിച്ചിട്ടും സര്‍ക്കാര്‍ സര്‍വീസില്‍ സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച ശതമാനം പോലും ജോലി ലഭിച്ചിട്ടില്ലെന്നുള്ളതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലെ നരേന്ദ്രന്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ ഇതിന് മികച്ച ഉദാഹരണമാണ്.
അഭ്യസ്തവിദ്യരില്ലെന്നോ?
അഭ്യസ്തവിദ്യരായ ആളുകള്‍ സംവരണ വിഭാഗത്തിലില്ല എന്ന് പറയുന്നത് ആര്‍ക്കും വിശ്വസിക്കാനാകില്ല. വിവിധ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമനകാര്യങ്ങളില്‍ സംവരണ വിഭാഗക്കാരായ ഉയര്‍ന്ന മെറിറ്റുള്ള ഉദ്യോഗാര്‍ഥികളെ പോലും പലപ്പോഴും മെറിറ്റ് സീറ്റില്‍ നല്‍കാതെ സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് മാത്രമായി പരിഗണിക്കുന്നത് അവരുടെ പ്രാതിനിധ്യത്തില്‍ കാര്യമായ കുറവുവരുത്താനിടവരുത്തുന്നുണ്ട്.
മുസ്‌ലിം ഭൂരിപക്ഷ സീറ്റുകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ സീറ്റുകളായി റിസര്‍വ് ചെയ്യുന്നതും, ന്യൂനപക്ഷ മുസ്‌ലിം സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ മത്‌സരിക്കാനായി തിരഞ്ഞെടുക്കുന്നതും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള സീറ്റുകളില്‍ അവര്‍ക്ക് നല്‍കാത്തതും രണ്ട് വിഭാഗങ്ങള്‍ക്കും അര്‍ഹമായത് കിട്ടാതാകാന്‍ ഇടയാക്കുന്നു. പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഉയര്‍ന്ന് വരുന്ന പിന്നാക്ക വിഭാഗക്കാരായ പുതുമുഖങ്ങളെ വര്‍ഗീയവാദി, കലാപകാരി, ദേശ ദ്രോഹി, കൊലപാതകി, സ്ത്രീവിരുദ്ധ മുദ്ര ചാര്‍ത്തി പൊതുസമൂഹത്തില്‍ നാണം കെടുത്തി അവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ വരേണ്യ വര്‍ഗം ശ്രമിക്കുന്നു.
സാമ്പത്തിക സംവരണ
ആവശ്യം ന്യായമോ?
സര്‍ക്കാര്‍ സര്‍വീസിലും, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലും മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് ആധികാരികമായി പഠിക്കുകയോ കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കപ്പെടുകയോ ചെയ്യാതെയാണ് പിന്നാക്കത്തിന്റെ അവകാശവാദങ്ങള്‍ മുഴക്കി സംവരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 2008ല്‍ അച്യുതാനന്ദന്‍ സര്‍ക്കാറിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്ത് ഇങ്ങനെയാണ് 10 ശതമാനം സംവരണം സവര്‍ണര്‍ നേടിയെടുത്തത്. അന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ബാക്ക് ലോഗ് നികത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നേരെ വിപരീതമായാണ്. അതുപോലേ കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം തുല്യനീതി ലഭിക്കുന്നത് ഉറപ്പ് വരുത്തുന്നതിന് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപ്പാക്കാനുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. മാത്രമല്ല യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും നടപ്പിലാക്കുന്നതില്‍ നിന്ന് ഇപ്പോഴുള്ള സര്‍ക്കാര്‍ പിന്നാക്കം പോകുകയും ചെയ്തിരിക്കുകയാണ്.
എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനം (അഥവാ പ്രതിമാസം 66,666 രൂപ) ഉള്ളവര്‍, അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ളവര്‍ ഇവരെല്ലാം സംവരണത്തിന് അര്‍ഹരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ ആളോഹരി വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ മനസ്സിലാകുന്നത് ശരാശരി മാസ വരുമാനം 900 രൂപയുള്ളവര്‍ പോലും ബി പി എല്‍ ആനുകൂല്യങ്ങള്‍ നേടാന്‍ അര്‍ഹരല്ലാത്തപ്പോഴാണ് ഇത്തരം വിചിത്രമായ മാനദണ്ഡം വെച്ചത്. രണ്ടര ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടക്കേണ്ടി വരുമ്പോഴാണ് സംവരണാനുകൂല്യ പ്രകാരം കുറഞ്ഞ വരുമാനക്കാരായി ചിത്രീകരിക്കുന്നത്.
വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ സാംഗത്യം നന്നായി അറിയുന്ന കേരളക്കാര്‍ക്ക് ഇക്കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടി വരില്ല.
എല്ലാ വിഭാഗക്കാര്‍ക്കും സംവരണം എന്ന് അവകാശപ്പെടുന്നത് കണ്ണില്‍ പൊടിയിടലാണ്, കാരണം 10 ശതമാനത്തിനകത്ത് ഓരോ വിഭാഗത്തിനുമുള്ള ക്വാട്ട നിശ്ചയിച്ചിട്ടില്ല.

കാണാപ്പുറങ്ങള്‍
സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് എതിരാകാതിരിക്കാന്‍ ഭരണഘടന തിരുത്തേണ്ടതുണ്ട്. അമ്പത് ശതമാനത്തിലധികം സംവരണത്തിനും ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. യഥാര്‍ഥ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് പാര്‍ലിമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ തിരക്കുപിടിച്ച് ചര്‍ച്ചപോലും നടത്താന്‍ അവസരം നല്‍കാതെ സംവരണ ബില്‍ പാസ്സാക്കി എടുത്തത്. ഭൂരിപക്ഷം പാര്‍ട്ടികളുടെയും നേതാക്കള്‍ സവര്‍ണരായതിനാല്‍ അവര്‍ കേട്ട പാടേ സവര്‍ണ സംവരണം സ്വാഗതം ചെയ്തു. കേരളത്തിന് പുറത്ത് വിശിഷ്യാ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അവര്‍ണര്‍ ആര്‍ക്ക്് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പോലും സവര്‍ണ ജന്മിമാരാണ്. അതിനാല്‍ അവര്‍ണ- സവര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റുറപ്പിക്കുന്ന യജമാനനോടുള്ള കടപ്പാട് നിറവേറ്റുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.
ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് അനന്തരാവകാശികളില്ലാതായിപ്പോയതാണ് സംവരണ ചര്‍ച്ചകളില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും നാം കണ്ട കാഴ്ച.
മുടന്തന്‍ ന്യായങ്ങള്‍
സാമ്പത്തിക സംവരണ അനുകൂലികള്‍ മുന്നോട്ട് വെക്കുന്ന വാദഗതികള്‍ ഇവയാണ്.
1. നിലവിലുള്ള സംവരണത്തെ ബാധിക്കുന്നില്ല.
2. പുതുതായി അനുവദിച്ച 10 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നെടുത്തതാണ്. അത് പിന്നാക്ക വിഭാഗക്കാരെ ഒരിക്കലും ബാധിക്കുന്നതല്ല.
3. കാലങ്ങളായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായി ഉയര്‍ന്നവര്‍ എന്ന പേരില്‍ സംവരണം നിഷേധിക്കപ്പെട്ടവരിലും വളരെ ദയനീയ ജീവിതം നയിക്കുന്നവരുണ്ട്. അവരെ സഹായിക്കാന്‍ സംവരണത്തിലൂടെ മാത്രമേ സാധിക്കൂ.
ഈ വാദഗതികള്‍ അടിസ്ഥാനരഹിതവും വസ്തുതക്ക് നിരക്കാത്തതുമാണ്. കാരണം:
1. സംവരണത്തിന് പുറത്തുള്ള 50.5 ശതമാനം എന്നത് മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ ആര്‍ക്കും മെറിറ്റിലൂടെ കടന്നു വരാനുള്ളതാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ട ഈ സീറ്റുകളില്‍ നിന്ന് 10 ശതമാനം മുന്നാക്കക്കാര്‍ക്ക് നല്‍കുന്നതിലൂടെ മെറിറ്റിലൂടെ കടന്ന് വരുന്നവര്‍ക്ക് കിട്ടേണ്ട അവകാശം കിട്ടാതാവുന്നു. ഇതിന്റെ പരിണിത ഫലം പിന്നാക്കക്കാര്‍ സമര്‍ഥരായാല്‍ പോലും റിസര്‍വേഷന്‍ സീറ്റുകളില്‍ ഒതുങ്ങും.
2. സാമൂഹികമായ പരിഗണന വെച്ച് കായിക മത്സരങ്ങളില്‍ പോലും സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത് പോലെ തന്നെ കാണേണ്ട, പരിഗണിക്കേണ്ട വിഷയമാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരോടുള്ള സമീപനം. ഒരേ മാനദണ്ഡം വെച്ച് പുരുഷനെയും സ്ത്രീയെയും മത്സരിപ്പിക്കുന്നത് സ്ത്രീക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കലാണ്. അത് പിന്നാക്കം നില്‍ക്കുന്നവരെ കൂടുതല്‍ പിന്നാക്കമാക്കാനേ ഉപകരിക്കൂ.
3. സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളതല്ല. അതിന് സാമൂഹിക ക്ഷേമ വകുപ്പിന് കീഴില്‍ മറ്റുവഴികള്‍ തേടാവുന്നതാണ്. സംവരണം സമൂഹത്തിന്റെ ഭാഗമാക്കാനുള്ളതാണ്.

ഫര്‍സാന എ