കാന്തപുരത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം; അന്വേഷണം തുടങ്ങി

Posted on: January 10, 2019 6:49 pm | Last updated: January 11, 2019 at 10:05 am

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് ഹൈടെക് സെല്‍ അന്വേഷണം തുടങ്ങി. മര്‍കസ് മീഡിയ വിഭാഗം ഡി ജി പി ലോക്നാഥ് ബെഹ്റക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

നിരന്തരം വ്യാജ പോസ്റ്റുകള്‍ നിര്‍മിച്ച് ഫേസ്ബുക്ക്, വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. വ്യാജമായുണ്ടാക്കിയ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ലിങ്കും പരാതിക്കൊപ്പം നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിനെതിരെയും മന്ത്രി കെ ടി ജലീലിനെതിരേയും കാന്തപുരം പ്രസ്താവന നടത്തിയെന്ന മട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. ഇക്കാര്യവും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.