Connect with us

Kerala

എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച രണ്ട് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ് ബി ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ കസ്റ്റിഡിയില്‍. എന്‍ജിഒ യൂനിയന്‍ ജില്ലാ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തിരിച്ചറിയില്‍ പരേഡിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. മാനേജരുടെ കാബിനില്‍ അതിക്രമിച്ച് കയറിയ സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. കമ്പ്യൂട്ടര്‍, ഫോണ്‍, മേശ എന്നിവയാണ് അടിച്ചു തകര്‍ത്തത്. പതിനഞ്ചോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പണിമുടക്ക് ദിനത്തില്‍ ബേങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ആക്രമണം.

എസ് ബി ഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബേങ്ക് ചൊവ്വാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇന്നലെ ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അടക്കണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. മോശം ഭാഷ സംസാരിച്ചെത്തിയ അക്രമികള്‍ പിന്നീട് ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. ശാഖ അടക്കാമെന്ന് പറഞ്ഞെങ്കിലും ആക്രമണം നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം ട്രഷറി തുറന്നപ്പോ ള്‍ പ്രതിഷേധമൊന്നുമുണ്ടായിരുന്നില്ല.
എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ജി എസ് ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവരുള്‍പ്പെട്ട സംഘം ആക്രമണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇവരെ പിടികൂടിയിട്ടില്ല.