കൊല്ലം ബൈപാസ് ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ; സ്ഥിരീകരിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

Posted on: January 9, 2019 11:30 am | Last updated: January 9, 2019 at 11:30 am

കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കെ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഉറപ്പായി. റോഡ് രാജ്യത്തിന് സമര്‍പ്പിക്കുന്നതിനും ബി ജെ പി റാലിയെ അഭിസംബോധന ചെയ്യുന്നതിനും ഈമാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തും. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി വരുമെന്ന കാര്യം ഇന്നലെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി സ്ഥിരീകരിച്ചു. 15ന് വൈകുന്നേരം 5.30ന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

അതേസമയം, ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രി ജി സുധാകരന്‍ കൊല്ലത്ത് നടത്തിയ അവലോകന യോഗത്തില്‍ പണികള്‍ വേഗതയില്‍ തീര്‍ക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ജനുവരിയില്‍ തന്നെ ബൈപാസിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാകുമെന്ന് ദേശീയപാത ചീഫ് എന്‍ജിനീയര്‍ മന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടന തീയതി നിശ്ചയിച്ച് സര്‍ക്കാര്‍തലത്തില്‍ ക്രമീകരണങ്ങള്‍ തുടങ്ങിയത്.

എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാരോപിച്ച് യു ഡി എഫ് രംഗത്തെത്തിയതോടെ നടപടി വിവാദത്തിലായി. ബൈപാസ് എത്രയും വേഗം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തില്ലെങ്കില്‍ ജനകീയ ഉദ്ഘാടനം സംഘടിപ്പിക്കുമെന്നായിരുന്നു യു ഡി എഫ് അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രിയെ ഒഴിവാക്കി ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെതിരെ ബി ജെ പിയും രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാറും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍ക്കാറിനോട് ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടപ്പോള്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ബൈപാസ് നിര്‍മാണത്തില്‍ യാതൊരു പങ്കും വഹിക്കാത്ത എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍ എസ് എസിന് വേണ്ടി പണിയെടുക്കുകയാണെന്നും മോദിയെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സി പി എം ജില്ലാ നേതൃത്വം ആരോപിക്കുന്നു. 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നുെണ്ടങ്കിലും സംസ്ഥാന സര്‍ക്കാറിന് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് എം എല്‍ എമാരായ എം നൗഷാദ്, എം മുകേഷ്, എന്‍ വിജയന്‍ പിള്ള എന്നിവര്‍ പറഞ്ഞു.

1972ല്‍ ടി കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കൊല്ലം ബൈപാസ് പദ്ധതി എന്ന ആശയം മുന്നോട്ട് വെക്കുന്നത്. മേവറം മുതല്‍ അയത്തില്‍ വരെയുള്ള പാത 1993ലും അയത്തില്‍- കല്ലുംതാഴം പാത 1999ലും പൂര്‍ത്തിയായെങ്കിലും പലകാരണങ്ങള്‍ കൊണ്ട് പദ്ധതി മുടങ്ങുകയായിരുന്നു. ദേശീയപാത 66ല്‍ കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപാസ്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട കൊല്ലം ബൈപാസിന് 352 കോടി രൂപയാണ് കണക്കാക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൊല്ലം നഗരഹൃദയമായ ചിന്നക്കടയിലെ തിരക്കില്‍പ്പെടാതെ ബൈപാസ് വഴി പോകാനാകുമെന്നതാണ് പ്രധാന നേട്ടം.