ഭരണഘടന അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്; സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസ് നിലപാട് തള്ളി വിടി ബല്‍റാം

Posted on: January 9, 2019 10:33 am | Last updated: January 9, 2019 at 1:56 pm

ന്യൂഡല്‍ഹി: ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവണം ഏര്‍പ്പെടുത്താനായി ബിജെപി കൊണ്ടുവെന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ കക്ഷികളുടെ നടപടിയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം തുറന്നടിച്ചു.

അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്വത്തിന് പകരം സവര്‍ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണ്. ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത മൂന്ന് പേരില്‍ ഒരാളായ ഇടി മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മൂന്നിനെതിരെ 323 വോട്ടുകള്‍ നേടിയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സായത്. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോത്താണ് ബില്ല് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബശീറും എ ഐ എം െഎഎം അംഗം അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിക്കുന്നുവെന്ന് വ്യക്തമാക്കി. അബേദ്കറിനെ പരിഹസിക്കുന്ന ബില്ലാണ് ഇതെന്നും കോടതി ബില്ല് റദ്ദാക്കുമെന്നു ഉറപ്പാണെന്നും ഉവൈസി പറഞ്ഞു.