സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

Posted on: January 8, 2019 10:41 pm | Last updated: January 9, 2019 at 8:56 am

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്ന ബില്‍ ലോക്സഭ പാസാക്കി. കേന്ദ്ര മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോത്ത് അവതരിപ്പിച്ച ബില്ലിനെ 323 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ മൂന്നു പേര്‍ മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസും സി പി എമ്മും ബില്ലിനെ അനുകൂലിച്ചു. എ ഐ എ ഡി എം കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. സമത്വവും സാമൂഹിക പുരോഗതിയുമാണ് സാമ്പത്തിക സംവരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.

സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുണ്ടെങ്കിലും വിപുലമായ ചര്‍ച്ചക്കു ശേഷമേ ഇതു നടപ്പാക്കാവൂ എന്നാണ് കോണ്‍ഗ്രസിന്റെയും സി പിഎമ്മും മറ്റും നേരത്തെ പറഞ്ഞിരുന്നത്. തിരക്കിട്ട് ബില്‍ കൊണ്ടുവരുന്നതില്‍ അനൗചിത്യമുണ്ടെന്ന് സഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ച കെ വി തോമസ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിശദമായ ചര്‍ച്ചക്കു വിധേയമാക്കാതെ ബില്‍ കൊണ്ടുവന്ന നടപടിയെ അനുകൂലിക്കാനാകില്ലെന്നും ഇത് കേന്ദ്ര ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പു തന്ത്രം മാത്രമാണെന്നുമാണ് സി പി എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നത്.