മുസാഫുര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതായി സി ബി ഐ റിപ്പോര്‍ട്ട്

Posted on: January 7, 2019 1:19 pm | Last updated: January 7, 2019 at 6:40 pm

പാറ്റ്‌ന: മുസാഫര്‍പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇവിടുത്തെ അന്തേവാസികളെ സമ്മര്‍ദം ചെലുത്തി മോശം കാര്യങ്ങള്‍ ചെയ്യിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അശ്ലീല സംഗീതത്തിനൊപ്പം പെണ്‍കുട്ടികളെ നൃത്തം ചെയ്യിപ്പിച്ചതായും മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതായും പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. അന്തേവാസികളായ 42 പേരില്‍ ഭൂരിഭാഗവും ബലാത്സംഗത്തിനു ഇരയാക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.

വര്‍ഷങ്ങളോളമായി അഭയകേന്ദ്രത്തില്‍ പീഡനം നടന്നുവരികയാണെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) ഓഡിറ്റ് റിപ്പോര്‍ട്ടെടുക്കുന്ന അവസരത്തില്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം സാമൂഹിക നീതി വകുപ്പിനു കൈമാറിയതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലക്കാരനായിരുന്ന ബ്രജേഷ് ഠാക്കൂറാണ് കേസിലെ മുഖ്യ പ്രതി. ഇയാള്‍ ഇവിടുത്തെ പെണ്‍കുട്ടികളെ ഉന്നതന്മാര്‍ക്കു കാഴ്ചവച്ചിരുന്നു. ബ്രജേഷ് ഠാക്കൂറിനും കേന്ദ്രത്തിലെ ജീവനക്കാരായ മറ്റ് 20 പേര്‍ക്കുമെതിരെ പോക്‌സോ അടക്കമുള്ള പ്രധാന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.