അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ബി ജെ പിയെ ഞെട്ടിച്ച് മിഷേലിന്റെ വെളിപ്പെടുത്തല്‍

Posted on: January 6, 2019 8:38 pm | Last updated: January 6, 2019 at 10:01 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ബി ജെ പിക്ക് കനത്ത പ്രഹരമേകി ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചത് ബി ജെ പി നേതാവായ മുന്‍ കേന്ദ്ര മന്ത്രിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ മിഷേല്‍ വ്യക്തമാക്കിയതായാണ് വിവരം.

രണ്ടാം യു പി എ സര്‍ക്കാറാണ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നപ്പോള്‍ ഇത് ഒഴിവാക്കി. മിഷേലിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുവെന്ന ആരോപണവുമായി ബി ജെ പി നേരത്തെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവും യു പി എ ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധിക്ക് കേസില്‍ പങ്കുണ്ടെന്ന് മിഷേല്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ വിദേശികള്‍ ഉള്‍പ്പെടുമ്പോഴെല്ലാം അവര്‍ക്ക് ഗാന്ധി കുടുംബവുമായി ബന്ധമുണ്ടെന്നു വരുന്നത് എന്തുകൊണ്ടാണെന്ന് ബി ജെ പി വക്താവ് സുദാന്‍ഷു ത്രിവേദി ചോദ്യമുന്നയിച്ചിരുന്നു. പുതിയ വെളിപ്പെടുത്തല്‍ ആയുധമാക്കി ബി ജെ പിക്കെതിരെ ആഞ്ഞടിക്കാന്‍ കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ്.