Connect with us

Prathivaram

അവസാനത്തെ പെണ്‍കുട്ടി

Published

|

Last Updated

അമ്മയുടെ പച്ചക്കറിത്തോട്ടത്തില്‍ ചെടികള്‍ നട്ടും പഴങ്ങള്‍ പറിച്ചും വിദൂര മലനിരകളിലേക്ക് കുടുംബത്തോടൊപ്പം യാത്രക്കൊരുങ്ങിയും ജീവിതം സന്തോഷകരമാക്കുക. എന്റെ വലിയ സ്വപ്നങ്ങളായിരുന്നു ഇവയൊക്കെ. ചരിത്രത്തിന്റെ പടവുകളിലിരുന്ന് എന്റെ മനസ്സിലിട്ട സ്വപ്‌ന ലോകത്തെ തകര്‍ത്തു കളഞ്ഞു, പക്ഷേ ആ അഞ്ച് വര്‍ഷങ്ങള്‍.

ഐ എസ് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി നാദിയ മുറാദ് 2016ല്‍ യു എന്നില്‍ വിതുമ്പിപ്പറഞ്ഞ വാക്കുകളാണിവ. “ഞാന്‍ നേരിട്ടതിന് സമാന അനുഭവങ്ങളുള്ള അവസാനത്തെ പെണ്‍കുട്ടി ഞാനാവണം” എന്ന വാക്കുകളോടെയാണ് അവളുടെ ആത്മകഥയായ അവസാനത്തെ പെണ്‍കുട്ടി അവസാനിക്കുന്നത്. ഐ എസിന്റെ കിരാത മുഖങ്ങളാണ് പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭീകരവാദികളില്‍ നിന്ന് രക്ഷപ്പെട്ട ഉടനെ 2014ല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവള്‍ പറഞ്ഞത് എന്റെ മുഖം മറക്കരുത് എന്നായിരുന്നു. അതിജീവനത്തിന്റെ പാതയില്‍ കടന്ന് തീവ്രവാദത്തിനെതിരായി ശക്തമായി പ്രതികരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു നാദിയ മുറാദ്. യുദ്ധത്തിന്റെ മാന്യതയില്ലാത്ത മുഖമായ ബലാത്സംഗത്തിന് ഇരയായി ജീവിതത്തിലെ താളംതെറ്റിയ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി കൂട്ടായ്മകളാണ് ഈ പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ളത്.

ഐ എസിന്റെ തടവറകളില്‍ നിന്ന് പലതവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ നാദിയക്കു ഇന്ന് ജീവിതം തിരിച്ചു കിട്ടിയിരിക്കുന്നു. ഐ എസ് തീവ്രവാദികളുടെ കഠിനമായ ഉന്മൂലനത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായിക്കൊണ്ടിരുന്നവരായിരുന്നു ഇറാഖിലെ യസീദികള്‍. യാതൊരുവിധത്തിലുള്ള മാനുഷികമൂല്യങ്ങളും അവകാശങ്ങളും ഇവര്‍ക്ക് ലഭിച്ചില്ല. നാദിയ മുറാദിന്റെ സമൂഹത്തിലേക്കുള്ള കടന്നു വരവോടുകൂടി യസീദികളുടെ വിഷയം ലോകം ചര്‍ച്ച ചെയ്യുന്നു.

സിറിയന്‍ അതിര്‍ത്തിയിലെ ഇറാഖിന്റെ ഭാഗമായ സിന്‍ജാര്‍ പ്രവിശ്യയിലെ പ്രദേശത്തെ മലനിരകളിലാണ് യസീദുകള്‍ താമസിച്ചിരുന്നത്. വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാത്ത നാടാണ് ഇതെന്നത് ഈ മലനിരകളുടെ ഭൂമിശാസ്ത്ര കിടപ്പ് തന്നെ തെളിയിക്കുന്നുണ്ട്. തന്റെ 19ാം വയസ്സില്‍ ആഗസ്റ്റ് മാസത്തിലായിരുന്നു നാദിയയെയും കുടുംബത്തെയും ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അമ്മയോടും ആറ് സഹോദരന്മാരോടും കൂടെ മൊസൂളിലെ ഐ എസുകാരുടെ ശക്തികേന്ദ്രത്തിലേക്ക് ആയിരുന്നു കൊണ്ടുപോയത്. മൊസൂളിലെ സ്‌കൂളിന്റെ മുറ്റത്ത് ആറ് സഹോദരന്മാരെയും അവളുടെ കണ്‍മുന്നിലിട്ടാണ് കൊന്നത്. പിടികൂടിയ കുട്ടികളെ പ്രത്യേകം മാറ്റിനിര്‍ത്തി സൈനിക പരിശീലനം നല്‍കുകയും ഐ എസ് സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനായി ആണ്‍കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ആ തടവറയില്‍ തന്റെ ജീവിതം വരണ്ടുണങ്ങിയതായിരുന്നെന്ന് അവളുടെ ജീവചരിത്രം തുറന്നുവെക്കുന്നു. അമ്മയെയും അവളെയും വേര്‍പിരിച്ച് വ്യത്യസ്ത ക്യാമ്പുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഐ എസുകാര്‍ ചെയ്തത്. ക്യാമ്പിലേക്ക് കടന്നുപോകുന്നതിനിടയില്‍ മിലീഷ്യകളുടെ വ്യത്യസ്ത ആക്രമണങ്ങള്‍ അവള്‍ കണ്ടു.

യു എന്‍ പ്രധാന വേദിയില്‍ വെച്ച് നാദിയ പറഞ്ഞ വാക്കുകള്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉള്ളുതുറന്നു കാണിക്കുന്നതാണ്. പലതവണ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കരഞ്ഞുകൊണ്ട് അവള്‍ പറയുന്നുണ്ട്. മൊസൂളില്‍ അടിമച്ചന്തകള്‍ വരെ ഐ എസ് സംവിധാനിച്ചിരുന്നു. സ്ത്രീകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ളതായിരുന്നു ഈ ചന്ത. സ്ത്രീകളെ ഉപയോഗിച്ച് മടുപ്പ് വരുമ്പോള്‍ ഈ ചന്തയില്‍ കൊണ്ടുവന്ന് വില്‍ക്കലാണത്രേ ഐ എസുകാരുടെ പതിവ്. അങ്ങനെ ഗതികേടുകൊണ്ടാണ് നാദിയ ഒരു ദിവസം ആ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ ഭാഗ്യം അവളെ തുണച്ചില്ല. വീണ്ടും ബന്ദിയാക്കപ്പെട്ടു. അന്ന് രാത്രി നാദിയയെ ഐ എസ് കിരാതര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് അവളെയും അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയും മറ്റു ഐ എസ് തീവ്രവാദികള്‍ വാങ്ങുകയും ചെയ്തു.

2014ലാണ് നാദിയ ഐ എസ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത്. അടുത്തുള്ള കുര്‍ദിസ്ഥാന്‍ ദേശത്തുള്ള ഒരു മുസ്‌ലിം വീടാണ് അവള്‍ക്ക് അഭയം നല്‍കിയത്. അത് തന്നെയായിരുന്നു അവളുടെ ജീവിതത്തിലെ വഴിത്തിരിവും. ഇവിടെ വെച്ചാണ് തന്റെ അമ്മയുടെ മരണം അവിടെയുള്ള സ്ത്രീകള്‍ പറയുന്നതും.

യുദ്ധത്തിലും അല്ലാതെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരെ ചികിത്സിച്ചു ജീവിതത്തിലെ താളം തിരിച്ചു കൊടുക്കുന്നതില്‍ കോംഗോയിലെ പാന്‍സി ആശുപത്രിയുടെ സേവനം തള്ളിക്കളയാനാവില്ല. അവിടെ ചികിത്സക്കെത്തുന്ന പതിനായിരക്കണക്കിന് സ്ത്രീകളില്‍ ഒരാള്‍ മാത്രമായിരുന്നു നാദിയ. ഡോ. ഡെന്നിസ് മുകേജീയുടെ നേതൃത്വത്തില്‍ 2008ലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകളെ ചികിത്സിക്കുന്നതിന് പാന്‍സി ആശുപത്രി സ്ഥാപിച്ചത്. ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനം എന്നായിരുന്നു കോംഗോ നഗരം അറിയപ്പെട്ടിരുന്നത്. 2011ലെ കണക്കുപ്രകാരം മണിക്കൂറില്‍ 48 സ്ത്രീകളാണ് കോംഗോയില്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നത്. ഇവരെയെല്ലാം കൃത്യമായി പരിചരിക്കുന്നതില്‍ മുകേജീയുടെ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. കോംഗോയില്‍ ഒതുങ്ങുന്നില്ല മുകേജീയും അദ്ദേഹത്തിന്റെ സേവനവും. ലോകത്താകമാനമുള്ള ലൈംഗികാതിക്ര ഇരകളുടെ ഉന്നമനത്തിനായി കൂട്ടായ്മകള്‍ രൂപവത്കരിക്കാനും അദ്ദേഹം മറന്നില്ല. പക്ഷേ യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്തത് അവരെ മാനസികമായി തളര്‍ത്തിയിരുന്നു. എങ്കില്‍പോലും വൈദ്യുതിയില്ലാത്ത ആശുപത്രിയുടെ ഇരുളടഞ്ഞ ആ മുറിയില്‍ എല്ലാ സമയത്തും സഹായഹസ്തവുമായി അദ്ദേഹത്തിന്റെ ചികിത്സാ സംരംഭം മുന്നോട്ടുപോയി.

2012ല്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച് മടങ്ങുമ്പോഴാണ് മുകേജീക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം അപകടനില തരണം ചെയ്‌തെങ്കിലും സന്തതസഹചാരി ജെഫ് കൊല്ലപ്പെട്ടു. പക്ഷേ, അദ്ദേഹം ഈ പ്രസ്ഥാനം നിര്‍ത്തിവെച്ചില്ല. ഈ സ്ഥാപനത്തില്‍ നിന്ന് ചികിത്സ തേടിയ ശേഷമാണ് നാദിയ മുറാദ് യസീദികള്‍ക്ക് വേണ്ടി ലോകത്തോട് ശബ്ദിക്കാന്‍ തുടങ്ങിയത്. ഈ വിഭാഗക്കാരുടെ ഉയര്‍ച്ചക്കായി അവള്‍ നിരന്തരം ശബ്ദിച്ചു. അതിനെ തുടര്‍ന്നായിരുന്നു ലോകപ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തക അമാന്‍ ക്ലൂണി രംഗത്തുവരുന്നത്. അതോടെ വിഷയം ലോകത്ത് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു. നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയരാക്കി മാറ്റിയ യസീദികളുടെ യഥാര്‍ഥ ജീവിതം ലോകം അറിയാന്‍ തുടങ്ങി. ദി ലാസ്റ്റ് ഗേളിന് ആമുഖമെഴുതിയത് ക്ലൂണിയായായിരുന്നു.

2016ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് നാദിയയുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 100 പേരില്‍ ഒരാളായി നാദിയയെ തിരഞ്ഞെടുത്തു. രാജ്യാന്തര അവാര്‍ഡും ലഭിച്ചു. 2016ല്‍ തന്നെ കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ വാ ക്ലൈവ് ഹാവല്‍ അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിനും അര്‍ഹയായി. പിന്നീടങ്ങോട്ട് അടിച്ചമര്‍ത്തപ്പെട്ട വിഭാഗക്കാരായ യസീദി സ്ത്രീകളുടെ വിമോചക നായികയായിട്ടാണ് നാദിയ മുറാദ് അറിയപ്പെട്ടത്. 2016 ല്‍ തന്നെ ശാക് റോവ് പ്രൈസ് ഫോര്‍ ഫ്രീഡം ഓഫ് തോട്ട് എന്ന അവാര്‍ഡിനും അര്‍ഹയായി. പിന്നീട് ഇരുപത്തിയഞ്ചാം വയസ്സില്‍ യസീദി മനുഷ്യാവകാശ പ്രവര്‍ത്തകനായ ആബിദ് ശംദീറുമായുള്ള വിവാഹവും നടന്നു. ഐ എസ് താണ്ഡവ സമയത്ത് സിറിയയെ കുറിച്ച് പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന ഡോക്യുമെന്ററി നിര്‍മാതാക്കളില്‍ ഒരാള്‍ ആയിരുന്നു ശംദീര്‍. ഈ ഡോക്യുമെന്ററിക്ക് ബാഫ്റ്റ അവാര്‍ഡ് ലഭിച്ചു.

കിട്ടുന്ന വേദികളിലെല്ലാം നാദിയ അടിച്ചമര്‍ത്തപ്പെട്ട യസീദ സ്ത്രീകളെ കുറിച്ച് പറയാന്‍ മറന്നില്ല. അവരുടെ പ്രയാസങ്ങള്‍ ഓരോ നിമിഷവും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. മനുഷ്യര്‍ക്ക് ഒരു മരണമേ ഉള്ളൂ, ഞങ്ങള്‍ യസീദികള്‍ക്ക് ആയിരം തവണ മരണമുണ്ട് എന്ന് പറഞ്ഞ് വേദികളില്‍ നിറഞ്ഞു നിന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ് വില്‍ അംബാസഡര്‍ എന്ന പദവി നാദിയയെ തേടിയെത്തി. ഇരുപത്തിയഞ്ചാം വയസ്സില്‍ സമാധാനത്തിന്റെ നൊബേല്‍ സമ്മാനവും അവളെ തേടിയെത്തി. ഓസ്‌ലോയില്‍ നൊബേല്‍ സമ്മാന പ്രഖ്യാപന സമ്മേളനത്തില്‍ കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞത് നാദിയയുടെ അതിജീവനത്തെ കുറിച്ചായിരുന്നു. ഐ എസ് അസ്തമിച്ചപ്പോഴും അവരുടെ ആക്രമണങ്ങളേറ്റ ഒട്ടനവധിയാളുകള്‍ ദുരിതം പേറിയിന്നും ജീവിക്കുന്നു. അവരില്‍ അതിജീവന ഗാഥ രചിച്ചവരിലൊരാളായി നാദിയയും.
.

Latest