Connect with us

Articles

ശേഖ് ഹസീനക്ക് ഇന്ദിരയുടെ മുഖച്ഛായ

Published

|

Last Updated

ചരിത്രമാണ് ശേഖ് ഹസീനാ വാജിദിന്റെ കരുത്ത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശേഖ് മുജീബുര്‍റഹ്മാന്റെ മകളാണ് ഹസീന. രാജ്യം കടന്ന് പോയ രാഷ്ട്രീയ പ്രതിസന്ധികളെ അതിന്റെ ന്യൂക്ലിയസിനകത്ത് വെച്ച് അനുഭവിച്ചവരാണ് അവര്‍. കുടുംബമടക്കം പിതാവ് കൊല്ലപ്പെട്ടപ്പോള്‍ വിദേശത്തായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു ഹസീന. രാജ്യത്തിനായി വീഴ്ത്തിയ ചോരയുടെ അവശേഷിപ്പാണ് തന്റെ സിരകള്‍ പേറുന്നതെന്ന് അവര്‍ക്ക് പറയാം. എപ്പോഴൊക്കെ രാഷ്ട്രീയ തിരിച്ചടി നേരിട്ടോ അപ്പോഴൊക്കെ അവര്‍ 1970കള്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. പാക് പക്ഷം ചേര്‍ന്ന് രാജ്യത്തെ ഒറ്റിക്കൊടുത്തവരെന്ന് കുറ്റം ചാര്‍ത്തപ്പെട്ട ഒരാളുടെ വിചാരണാ നടപടി തുടങ്ങുകയേ വേണ്ടൂ, ബംഗ്ലാ വികാരം ആളിക്കത്തിക്കാന്‍. കൊടുംചതിയുടെ ചരിത്രം അത്രമേല്‍ രൂഢമൂലമായി ഏറ്റവും പുതിയ തലമുറയുടെ മനസ്സില്‍ പോലുമുണ്ട്. യുദ്ധ ട്രൈബ്യൂണലിന്റെ ഓരോ വിധി വരുമ്പോഴും, അത് ജമാഅത്തെ ഇസ്‌ലാമി നേതാക്കളാകട്ടേ, മുന്‍ സൈനിക ജനറല്‍മാരാകട്ടേ, തെരുവുകള്‍ അശാന്തമാകും. മനുഷ്യര്‍ മരിച്ചു വീഴും. ജമാഅത്തുകാര്‍ എങ്ങനെയാണ് പക്കാ തീവ്രവാദികളാകുന്നതെന്ന് കാണാന്‍ അത്തരം ശിക്ഷാ നടപടികള്‍ അരങ്ങേറുന്ന കാലത്ത് ബംഗ്ലാദേശില്‍ പോയാല്‍ മതിയാകും. എന്നാല്‍ ആ പ്രക്ഷോഭങ്ങളെല്ലാം ഹസീനയെ കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാക്കുകയായിരുന്നു. യുദ്ധ ട്രൈബ്യൂണലിന്റെ ഓരോ ശിക്ഷാ വിധിയും ചരിത്രത്തെ വീണ്ടും വീണ്ടും ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ജ്വലിപ്പിച്ച് നിര്‍ത്തിയ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും റോക്കറ്റിലേറിയാണ് ശേഖ് ഹസീന ഒരിക്കല്‍ കൂടി ഏകപക്ഷീയമായ വിജയം നേടി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. നെഹ്‌റുവിന്റെ മകളായ ഇന്ദിരാഗാന്ധിയുടെയും കരുത്ത് ചരിത്രമായിരുന്നല്ലോ. അവരും അധികാരത്തിന്റെ ന്യൂക്ലിയസ് കണ്ടവരായിരുന്നു. ഹസീനയോളം ദുരന്തങ്ങള്‍ ഇന്ദിര അനുഭവിച്ചില്ലെന്നേയുള്ളൂ. സാമ്യമേറെയുണ്ട്. ഒരര്‍ഥത്തില്‍ തന്റെ പിതാവിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തായിരുന്ന ഇന്ദിരയെ സ്വന്തത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഹസീന. അതുകൊണ്ട് പുതിയ വിജയം ഹസീനയെ ഇന്ദിരയുടെ നേര്‍പ്പതിപ്പാക്കി മാറ്റും. ഇത്തവണ ഹസീന കൂടുതല്‍ കരുത്തയാണ്. എതിരാളികളെ നിശ്ശബ്ദമാക്കാനുള്ള ശേഷി അവര്‍ക്കുണ്ട്. അധികാര പ്രമത്തതയിലേക്ക് കൂപ്പുകുത്തുന്ന ഹസീനയെയാണ് വരുംനാളുകളില്‍ കാണാനിരിക്കുന്നതെങ്കില്‍ ഇന്ദിരയോടുള്ള സാമ്യം പൂര്‍ണമാകും. അങ്ങനെയെങ്കില്‍, ഇന്ദിരയുടെ കൂടി മുന്‍കൈയില്‍ നേടിയെടുത്ത ബംഗ്ലാദേശില്‍ “ബംഗബന്ധുവി”ന്റെ മകള്‍ പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച ഇന്ദിരയായി അധഃപതിച്ചുവെന്ന് ചരിത്രം വിധിയെഴുതും. തനിക്ക് കൈവന്ന അധികാരത്തെ ശരിയായ ദിശയില്‍ ഉപയോഗിക്കാനാണ് ഹസീന ശ്രമിക്കുന്നതെങ്കില്‍ ബേങ്ക് ദേശസാത്കരണം നടത്തിയ ഇന്ദിരയോടാകും അവരുടെ സാമ്യം.
1947ല്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലെ തുംഗിപാറയിലാണ് ശേഖ് ഹസീന ജനിച്ചത്. അറുപതുകളില്‍ ധാക്ക സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി. 1952ലെ ഭാഷാ സമരത്തോടെ തുടങ്ങിയ ബംഗ്ലാ ദേശീയതയുടെ കൊടുങ്കാറ്റ് ശക്തിയാര്‍ജിക്കുന്ന കാലമായിരുന്നു അത്. 1968ല്‍, ശാസ്ത്രജ്ഞനായ എം എ വാജിദ് മിയായെ വിവാഹം കഴിച്ചു. മുജീബുര്‍റഹ്മാന്‍ ജയിലിലടക്കപ്പെട്ടപ്പോള്‍ പോരാട്ട നിരയില്‍ അദ്ദേഹത്തിന്റെ തനിപ്പതിപ്പായി മകള്‍ മാറി. 1971ല്‍ ഹസീനയും അനുഭവിച്ചു ജയില്‍വാസം. 1975 ആഗസ്റ്റ് 15ന് പിതാവ് മുജീബുര്‍റഹ്മാനും മാതാവും മൂന്ന് സഹോദരങ്ങളും സ്വന്തം വസതിയില്‍ സൈനിക ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ ഹസീന ജര്‍മനിയിലായിരുന്നു. 2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ ശേഖ് ഹസീന ആ നാളുകള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. “ഞങ്ങള്‍ക്ക് ആരുമുണ്ടായിരുന്നില്ല. സ്വന്തം മണ്ണില്‍ നില്‍ക്കക്കള്ളിയില്ലാത്തവരായി ഞങ്ങള്‍. അന്ന് ഇന്ദിരാഗാന്ധി ഞങ്ങളെ ഇന്ത്യയിലേക്ക് വിളിച്ചു, മറക്കില്ല, അതൊരിക്കലും.” ആറ് വര്‍ഷം ആ പ്രവാസം നീണ്ടു. 1981ല്‍ അവര്‍ തിരിച്ചെത്തുന്നത്, പിതാവ് വളര്‍ത്തിയെടുത്ത അവാമി ലീഗിന്റെ അനിഷേധ്യയായ നേതാവായാണ്. രൂപമാറ്റങ്ങള്‍ പലത് സംഭവിച്ചാണ് സെക്യുലര്‍ അടിത്തറയുള്ള പാര്‍ട്ടിയായി അവാമി ലീഗ് മാറിയത്. പാക്കിസ്ഥാന്‍ മുസ്‌ലിം അവാമി ലീഗായും പിന്നെ മുസ്‌ലിം അവാമി ലീഗായും പിന്നെ അവാമി ലീഗായും ആ പാര്‍ട്ടിയുടെ പേര് മാറ്റങ്ങള്‍ ബംഗ്ലാദേശിന്റെ ചരിത്രത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.

പട്ടാള ഭരണത്തിനെതിരായ ഉറച്ച ജനാധിപത്യ ശബ്ദമായി മാറുന്ന ഹസീനയെയാണ് പിന്നീട് കാണുന്നത്. വെറുമൊരു പ്രതിപക്ഷ നേതാവായല്ല, ജനകീയ നേതാവായി അവര്‍ മാറുകയായിരുന്നു. പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തില്‍ ലഫ്. ജനറല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദ് രാജിവെച്ചൊഴിയുമ്പോള്‍ അധികാരം ഹസീനയില്‍ തന്നെ വന്നുചേരുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ സമാന്തരമായി ഖാലിദാ സിയയും ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയും വളര്‍ന്നു വരുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് സിയാ ഉര്‍ റഹ്മാന്റെ ഭാര്യയെന്നതായിരുന്നു ഖാലിദയുടെ ഊര്‍ജം. സിയാ രൂപവത്കരിച്ച ബി എന്‍ പിയുടെ തലപ്പത്ത് ഖാലിദ വന്നതോടെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പുതിയ കരുനീക്കങ്ങള്‍ അവര്‍ നടത്തി. ജനറല്‍ ഇര്‍ഷാദിനെതിരെ സമരരംഗത്ത് ഖാലിദയുമുണ്ടായിരുന്നു. ഇര്‍ഷാദ് വീണപ്പോള്‍ അവര്‍ ഏഴ് പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി. 1991ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആ സഖ്യമാണ് വിജയം നേടിയത്. സഖ്യ രാഷ്ട്രീയത്തില്‍ ഹസീന നിലംപൊത്തുകയായിരുന്നു. ഖാലിദ പ്രധാനമന്ത്രിയായി.

ഇന്ന് ഹസീനക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അന്ന് ഹസീനയുടെ അവാമി ലീഗ് തിരിച്ച് ഉന്നയിച്ചവയാണ്. ബഹിഷ്‌കരണം, അക്രമാസക്ത പ്രക്ഷോഭം, രക്തസാക്ഷിത്വം. എല്ലാം അരങ്ങേറി. രാജ്യം അരാജകമായി. പാര്‍ട്ടികള്‍ക്കതീതമായ കാവല്‍സര്‍ക്കാര്‍ വേണമെന്ന ഹസീനയുടെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നതാണ് ആ പ്രക്ഷോഭത്തിന്റെ ആത്യന്തിക ഫലം. ഇര്‍ഷാദിനെ താഴെയിറക്കിയ ശേഷമുള്ള ഹസീനയുടെ തിളക്കമാര്‍ന്ന വിജയമായിരുന്നു അത്. ഇത്തവണ പക്ഷേ, ആ വിജയത്തിന്റെ രാഷ്ട്രീയ വിളവെടുപ്പ് കൈവിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അരയും തലയും മുറുക്കിയിറങ്ങി. സഖ്യമുണ്ടാക്കി. 1996ലെ തിരഞ്ഞെടുപ്പില്‍ അവാമി സഖ്യം ജയിച്ചു കയറി. ഹസീന പ്രധാനമന്ത്രിയായി.

പിന്നെയും അക്രമം. ബന്ദ്. കൊലപാതകം. ആളും കൊടിയും മാത്രം മാറി. ബി എന്‍ പിയും സഖ്യകക്ഷിയായ ജമാഅത്തുകാരുമായി തെരുവില്‍. ഹസീന പിടിച്ചു നിന്നു, 2001വരെ. അങ്ങനെ കാലാവധി തികക്കുന്ന ആദ്യ പ്രധാനമന്ത്രിയായി അവര്‍ റെക്കോര്‍ഡിട്ടു. 2001ല്‍ ഭരണവിരുദ്ധവികാരത്തിന്റെ കുത്തൊഴുക്കില്‍ ഹസീന ഒഴുകിപ്പോയി. ഖാലിദ വന്നു. സംഘര്‍ഷത്തിന്റെ അടുത്ത തിര. നിരവധി പേര്‍ മരിച്ചു വീണു. ശേഖ് ഹസീനക്ക് തന്നെ ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റു. 2007ല്‍ അടിയന്തരാവസ്ഥ. പട്ടാളഭരണം. ഖാലിദയും ഹസീനയും ജയിലില്‍. 2008 ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ ഹസീന തന്നെ അധികാരത്തിലെത്തി. ആ ഊഴത്തിലാണ് തന്റെ വ്യക്തിപരമായ നഷ്ടങ്ങള്‍ക്ക് അവര്‍ കണക്ക് ചോദിച്ചു തുടങ്ങിയത്. പിതാവിനെയും കുടുംബത്തെയും കൊന്നു തള്ളിയ സൈനിക ഉദ്യോഗസ്ഥരെ തൂക്കിലേറ്റി. സ്വാതന്ത്ര്യ സമര കാലത്ത് പാക് പക്ഷം ചേര്‍ന്നവരെ വിചാരണ ചെയ്യാന്‍ ട്രൈബ്യൂണല്‍ ഉണ്ടാക്കി. നിരവധി ജമാഅത്തെ ഇസ്‌ലാമിക്കാരെയും പ്രതിപക്ഷ നേതാക്കളെയും തൂക്കിലേറ്റി. 2013ല്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിക്കുകയും ചെയ്തു.
2014ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ ഹസീനക്ക് കാര്യങ്ങള്‍ എളുപ്പമായി. സുസ്ഥിര ഭരണത്തിന്റെ ഗുണഫലങ്ങള്‍ മെല്ലെ മെല്ലെ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനമാണ്. (ഇന്ത്യയില്‍ അത് 7.3 ശതമാനമായിരുന്നു) വസ്ത്ര കയറ്റുമതി രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കി. 2017ല്‍ റോഹിംഗ്യ മുസ്‌ലിംകള്‍ക്ക് അഭയമൊരുക്കി ലോകത്തിന്റെയാകെ കൈയടി നേടി ഹസീനാ സര്‍ക്കാര്‍. ഇത്തരം ആത്മവിശ്വാസങ്ങളെല്ലാം കൈമുതലാക്കിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഹസീനയുടെ അവാമി സഖ്യം ഒരുങ്ങിയത്. പ്രചാരണത്തില്‍ അവരായിരുന്നു മുന്നില്‍. തിരഞ്ഞെടുപ്പ് ഫലത്തിലും അത് കണ്ടു. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി) തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച 2014ല്‍ ശേഖ് ഹസീനയുടെ സഖ്യം നേടിയത് 234 സീറ്റായിരുന്നു. ഇത്തവണ അതും മറികടന്ന് 288 സീറ്റ് നേടി. ഏഴ് സീറ്റ് മാത്രമാണ് ബി എന്‍ പിയുടെ നേതൃത്വത്തിലുള്ള ജതീയ ഒയികിയ മുന്നണിക്ക് നേടാനായത്.
തിരഞ്ഞെടുപ്പ് പ്രഹസനമായിരുന്നുവെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ബി എന്‍ പി നേതൃത്വം രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു. 221 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ലെന്ന് പ്രതിപക്ഷ മുന്നണി നേതാവ് കമാല്‍ ഹുസൈന്‍ ആരോപിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ചിറ്റഗോംഗിലെ പോളിംഗ് സെന്ററിന് പുറത്ത് നിന്ന് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ നിറച്ച പെട്ടികള്‍ കണ്ടെടുത്തിരുന്നു. ഭൂരിപക്ഷം വോട്ടെടുപ്പ് കേന്ദ്രങ്ങളിലും തങ്ങളുടെ പോളിംഗ് ഏജന്റിനെ നിര്‍ത്താന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞ ശേഷം 40ലധികം പ്രതിപക്ഷ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയത് ക്രമക്കേടിന്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ വോട്ടെടുപ്പ് നീതിയുക്തമല്ലെന്ന് പ്രഖ്യാപിക്കാന്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയും സാര്‍ക്ക് ഉപ സമിതിയും തയ്യാറായിട്ടില്ല. ബംഗ്ലാദേശിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ഭേദപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തേതെന്നാണ് അവരുടെ വിലയിരുത്തല്‍. 2014ല്‍ പോളിംഗ് ശതമാനം 51 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 66 ശതമാനമായി ഉയര്‍ന്നുവെന്നതാണ് ഈ സമിതികള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും വൈകിയും മാറ്റിവെച്ചുമാണ് ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇത്തവണ കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് നടന്നുവെന്നതും നിരീക്ഷണ സമിതി എടുത്തുപറയുന്നു.
എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഖാലിദാ സിയ അഴിമതിക്കേസില്‍ പെട്ട് ജയിലിലാണ്. മകന്‍ താരീഖ് റഹ്മാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. ബ്രിട്ടനിലുള്ള അദ്ദേഹം നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യും. മിക്ക പ്രതിപക്ഷ നേതാക്കളും അഴിക്കകത്താണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതല്‍ താഴോട്ടുള്ള മുഴുവന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും മാറ്റി സര്‍ക്കാര്‍ അനുകൂലികളെ തിരുകിക്കയറ്റിയിട്ടുണ്ടെന്നാണ് സ്വതന്ത്ര ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. കീഴ്‌ക്കോടതിയിലെ നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും സുപ്രീം കോടതിയില്‍ നിക്ഷിപ്തമാക്കുന്ന ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 116 ഭേദഗതി ചെയ്താണ് ഹസീനാ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് പോയത്. ഏത് നിമിഷവും ജഡ്ജിമാരെ പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. ഈ ഭേദഗതിക്കെതിരെ വിധിപറഞ്ഞ ചീഫ് ജസ്റ്റിസ് സുരേന്ദ്ര സിന്‍ഹയെ പുറത്താക്കി. അദ്ദേഹമിപ്പോള്‍ വിദേശത്ത് കഴിയുകയാണ്. പോലീസിലും മറ്റ് ഉദ്യോഗസ്ഥതലത്തിലുമെല്ലാം ഇത്തരത്തില്‍ അവാമിവത്കരണം നടന്നിട്ടുണ്ടത്രേ. സര്‍ക്കാറിനെതിരെ ശബ്ദിക്കുന്ന പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മാധ്യമ നിയന്ത്രണ നിയമവും കൊണ്ടു വന്നിട്ടുണ്ട്. സലഫിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുന്ന പത്രങ്ങളെ പിടികൂടാന്‍ വേണ്ടിയാണ് ഈ നിയമമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ഈ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നുവെന്ന് തെളിയിക്കുക തന്നെയായിരിക്കും ഹസീനാ സര്‍ക്കാറിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. വിദേശശക്തികള്‍ കരുതലോടെയാണ് ഹസീനാവിജയത്തോട് പ്രതികരിച്ചത്. ഇന്ത്യയും ചൈനയും യു എസും ഒഴിച്ചുള്ള രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ വിജയത്തില്‍ സംശയം പ്രകടിപ്പിക്കുന്ന നിലയിലായിരുന്നു. സാമ്പത്തിക രംഗത്ത് ഹസീനാ സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കരണങ്ങള്‍ക്ക് അന്താഷ്ട്ര പിന്തുണ അനിവാര്യമാണെന്നിരിക്കെ സ്വതന്ത്ര അന്വേഷണത്തിന് വഴങ്ങിയും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയും മുന്നോട്ട് പോകുക മാത്രമാണ് ശേഖ് ഹസീനയുടെ മുന്നിലുള്ള വഴി. സലഫിസ്റ്റ്, ഇസ്‌ലാമിസ്റ്റ് സംഘടനകളില്‍ നുഴഞ്ഞ് കയറിയ ഐ എസ് ബംഗ്ലാദേശില്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. പ്രതിപക്ഷ പ്രക്ഷോഭം സൃഷ്ടിക്കുന്ന അശാന്തി ഇത്തരം ഗ്രൂപ്പുകളാകും മുതലെടുക്കുക. ഈ വസ്തുതകളൊന്നും കാണാതെ വിജയത്തിന്റെ അഹങ്കാരത്തിന് പുറത്തേറിയാണ് ശേഖ് ഹസീന മുന്നോട്ട് പോകുന്നതെങ്കില്‍ അടിയന്തരാവസ്ഥക്ക് പിറകേ ഇന്ദിരയെ എങ്ങനെയാണോ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞത് അതേ ഗതി ഹസീനക്കുമുണ്ടാകും. സെക്യുലറിസത്തിനായി മതഗ്രൂപ്പുകളുമായി അകലം പാലിക്കുന്നുണ്ട് ഹസീന. എന്നാല്‍ മിതവാദികളായ മതസമൂഹത്തെ പോലും സംശയിക്കുന്നത് അവര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഇസ്‌ലാമും ഇസ്‌ലാമിസവും രണ്ടാണല്ലോ.
വാല്‍ക്കഷ്ണം:
ഹസീനയെ ആദ്യമായി വിളിച്ച് അനുമോദിച്ച വിദേശ നേതാവ് നരേന്ദ്ര മോദി.
അധികാരകേന്ദ്രീകരണത്തില്‍ അവര്‍ ഒരേ ആകാശം പങ്കുവെക്കുന്നത് കൊണ്ടെന്ന് അസൂയക്കാര്‍.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്