Connect with us

National

മഹാസഖ്യത്തിന് പുറത്തെന്ന സൂചന ; ബിജെപിയെ ഒറ്റക്ക് നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

Published

|

Last Updated

ലക്‌നൗ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്ക് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാതെ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും മഹാസഖ്യവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണിത്. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ പിഎല്‍ പുനിയ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഖ്യമെന്നത് പ്രധാനമല്ലെന്നും അതിനായി തങ്ങളാരേയും സമീപിച്ചിട്ടില്ലെന്നും പുനിയ പറഞ്ഞു.

യുപിയിലെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച് മായാവതിയും അഖിലേഷ് യാദവും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടിനാണ് ഇരു നേതാക്കളും മുന്‍ഗണന നല്‍കിയത്. അതേ സമയം കോണ്‍ഗ്രസ് ഇതര സഖ്യമെന്ന റിപ്പോര്‍ട്ടുകള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് ഇതിനോട് പ്രതകരിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ സമാജ് വാദിയുടെ ഏക എംഎല്‍എക്ക് മന്ത്രി സ്ഥാനം നല്‍കാത്തതില്‍ അഖിലേഷ് യാദവ് പ്രതിഷേധമറിയിച്ചിരുന്നു. മധ്യപ്രദേശില്‍ തങ്ങളുടെ എംഎല്‍എയെ മന്ത്രിയാക്കാത്തതില്‍ നന്ദിയുണ്ടെന്നും യുപിയിലെ വഴിയാണ് ഇപ്പോള്‍ വ്യകതമായതെന്നും സഖ്യസാധ്യതകളെ പരാമര്‍ശിച്ച് അഖിലേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായി.