കഠാര മുനക്ക് പോലും തോല്‍പിക്കാനാകാത്ത കരളുറപ്പ്

ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല്... എല്ലാം കത്തിയുടെ കുന്തമുന രുചിച്ചു. പക്‌ഷേ സൈമണ്‍ ബ്രിട്ടോയുടെ തീയില്‍ കുരുത്ത ആത്മവീര്യത്തെമാത്രം കുന്തമുനക്ക് തൊടാനായില്ല. 85 ശതമാനവും ചേതനയറ്റ നിലയില്‍ ജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ കൂടി ഇതിഹാസമാക്കിയാണ് സൈമണ്‍ ബ്രിട്ടോ റോഡ്രിഗസ് ഓര്‍മയിലേക്ക് മറിയുന്നത്.
Posted on: December 31, 2018 7:17 pm | Last updated: January 1, 2019 at 12:26 pm

35 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1983 ഒകടോബര്‍ 14ന് എറണാകുളം ലോ കോളജില്‍ പഠിക്കുമ്പോഴായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജീവിതം ഗതിമാറ്റിയ ആ ദുരന്തം സംഭവിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായിരുന്ന സൈമണ്‍ ബ്രിട്ടോയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പലവുരു കുത്തിമലര്‍ത്തി. എറണാകുളം ജനറല്‍ ആശുപത്രി കാഷാലിറ്റിക്ക് മുന്നിലിട്ട് കഠാര ശരീരത്തിന്റെ ഓരോ അവയവങ്ങളിലും കുത്തിയിറക്കിയപ്പോഴും ഓരായിരം ആത്മവീര്യത്തോടെ സൈമണ്‍ പിടിച്ചുനിന്നു. ഹൃദയം, കരള്‍, ശ്വാസകോശം, നട്ടെല്ല്… എല്ലാം കത്തിയുടെ കുന്തമുന രുചിച്ചു. പക്‌ഷേ സൈമണ്‍ ബ്രിട്ടോയുടെ തീയില്‍ കുരുത്ത ആത്മവീര്യത്തെമാത്രം കുന്തമുനക്ക് തൊടാനായില്ല. 85 ശതമാനവും ചേതനയറ്റ നിലയില്‍ ജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ കൂടി ഇതിഹാസമാക്കിയാണ് സൈമണ്‍ ബ്രിട്ടോ റോഡ്രിഗസ് ഓര്‍മയിലേക്ക് മറിയുന്നത്.

വീല്‍ചെയറിലേക്ക് ജീവിതം ചുരുങ്ങിയെങ്കിലും ആശയതെളിമയോടെയും രാഷ്ട്രീയ ബോധത്തോടെയും സൈമണ്‍ നിരവധി പേര്‍ക്ക് ആത്മവിശ്വാസം നല്‍കി. ഉയിരെടുക്കാന്‍ ശ്രമിച്ചവരോട് ഇഛ്ഛാശക്തിയോടെ നിലപാടുകള്‍ വിളിച്ചുപറയാന്‍ ബ്രിട്ടോ ഉണ്ടായിരുന്നു. എഴുത്തിലൂടെ തന്റെ ആശയങ്ങള്‍ തുറന്നെഴുതിയ അദ്ദേഹം സാംസ്‌കാരിക വേദികളിലും നിറഞ്ഞുനിന്നു. 2006-2011 എല്‍ഡിഎഫ് സര്‍ക്കാറില്‍ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി എത്തിയതോടെ അദ്ദേഹത്തിന്റെ ശബ്ദം നിയമസഭയിലും മുഴങ്ങി.

മാധ്യമപ്രവര്‍ത്തകയും മുമ്പ് രാഷ്ട്രീയത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സീന ഭാസ്‌കര്‍ ആണ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ. അരക്കുതാഴെ തളര്‍ന്ന് വീല്‍ചെറിലേക്ക് പറിച്ചുനട്ട ശേഷമാണ് സീന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ എടുത്ത തീരുമാനം അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

അടുത്തിടെ എറണാകുളം മഹാരാജാസ് കോളജില്‍ അഭിമന്യൂ എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായി മരിച്ചപ്പോള്‍ അഭിമന്യുവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് അദ്ദേഹം സജീവമായി രംഗത്ത് വന്നിരുന്നു. അഭിമന്യുവിന്റെ ഘാതകരെ പിടികൂടാന്‍ മടിച്ചുനിന്ന പോലീസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അങ്ങനെ അക്രമ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും പ്രതീകമായി മാറിയ ഒരു ജീവിതത്തിനാണ് സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്.