ഹജ്ജ് നറുക്കെടുപ്പ് 12ന്; ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന്

  • 11,000ൽ അധികം പേര്‍ക്ക് ഇത്തവണയും അവസരം ലഭിച്ചേക്കും
  • ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി
Posted on: December 31, 2018 5:20 pm | Last updated: January 1, 2019 at 10:20 am

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പോകുന്ന ഹാജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 12ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. 11,000ത്തില്‍ അധികം പേര്‍ക്ക് ഇത്തവണയും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 43171 അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ള നേരിട്ട് അവസരം ലഭിക്കുന്ന വിഭാഗത്തില്‍ 1191 പേരുണ്ട്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 2006 പേരും ജനറല്‍ വിഭാഗത്തില്‍ 41930 അപേക്ഷകരുമുണ്ടാകും.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സഊദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ക്വാട്ട ഉള്‍പ്പെടെ നിലവില്‍ 175,025 ആണ് ഇന്ത്യയുടെ മൊത്തം ക്വാട്ട. ഇത് രണ്ട് ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ന്നാല്‍ കേരളത്തിന്റെ ക്വാട്ടയിലും വര്‍ധനയുണ്ടാകും. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 11,197 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്. പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന 281 സീറ്റുകള്‍ കൂടി ചേര്‍ത്ത് 11,478 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നു. ഇത്തവണയും ഇതേ ക്വാട്ട കിട്ടിയാൽ 8200ഒാളം ഹാജിമാർക്കാകും നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുക.

നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണ ഹാജിമാര്‍ പുറപ്പെടുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ആദ്യ വിമാനം. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് തിരിച്ചുകിട്ടിയ സ്ഥിതിക്ക് ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.

ഏറെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തിരിച്ചെത്തിയത്. അതുകൊണ്ട് തന്നെ അടുത്ത ഹജ്ജ് യാത്രയെ ആവേശപൂര്‍വം വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് മലബാറുകാര്‍. ഈ സാഹചര്യത്തില്‍ ഹജ്ജ് യാത്ര തുടങ്ങുന്നത് കരിപ്പൂരില്‍ നിന്ന് വേണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. മാത്രവുമല്ല ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കരിപ്പൂര്‍ വഴിയാണെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സിറാജ് ലെെവിനോട് പറഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ 10.30ന് ഹജ്ജ് കമ്മിറ്റി യോഗം ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.