Connect with us

Kerala

മുത്വലാഖ് ബില്ല് മത വിരുദ്ധം: കാന്തപുരം

Published

|

Last Updated

സ്വലാത്ത് നഗര്‍: മുത്വലാഖുമായിബന്ധപ്പെട്ട് ലോക്‌സഭയില്‍ പുതുതായി കൊണ്ടുവന്ന ബില്ലിലെ പരാമര്‍ശം ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മൂന്ന് ത്വലാഖ് ഒന്നിച്ച് ചെല്ലുന്നത് പ്രോത്സാഹിപ്പിക്കേണ്ടതല്ല. അതേസമയം, മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാല്‍ ത്വലാഖ് സംഭവിക്കുകയില്ലെന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. മുത്വലാഖ് നിയമനിര്‍മാണം പാര്‍ലിമെന്റില്‍ നടത്തിയത് ഇന്ത്യയിലെ മതവിശ്വാസികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കൈക്കടത്തലാണ്. ഭരണഘടനയില്‍ മതപരമായ പല നിയമങ്ങളും വിശ്വാസങ്ങള്‍കൂടി പരിഗണിച്ച് വ്യക്തിനിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെല്ലാം ഇത്തരം വ്യക്തിനിയമങ്ങളുണ്ട്.
വിവാഹം, അനന്തരാവകാശം തുടങ്ങിയ പലകാര്യങ്ങളും ഈ വ്യക്തിനിയമത്തിന്റെ പരിധിയിലാണ് വരുന്നത്. എന്നാല്‍, മതപരമായി സാധുവാകുന്ന മുത്വലാഖ് എന്ന കര്‍മം ക്രിമിനല്‍ കുറ്റമാക്കുക വഴി മതവിശ്വാസികള്‍ക്ക് ഭരണ ഘടന അനുവദിച്ച വ്യക്തിനിയമ പ്രകാരമുള്ള സ്വന്തം ആചാരാനുഷ്ടാനം അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണ്. മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും ആ തടവ് അനുഭവിക്കുമ്പോള്‍ തന്നെ വിവാഹമോചിതക്ക് ചെലവിന് കൊടുക്കാനുള്ള നിയമവും മനുഷ്യാവകാശ ലംഘനമാണ്.

ഇസ്ലാം ഒരിക്കലും ത്വലാഖിനെ പ്രോത്സാഹിപ്പിക്കുന്നില്ല. മാനുഷികമായി ഒരു തരത്തിലും വിവാഹിതര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണിശമായ നിരവധി നിബന്ധനകളിലൂടെ അനുവദിക്കപ്പെട്ട ഒന്നാണ് ത്വലാഖ്. മതപരമായി മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട അക്കാര്യത്തെ രാഷ്ട്രീയ താത്പര്യത്തിനായി നിരോധിക്കുകയും പുതിയ നിയമങ്ങള്‍ പാസാക്കുകയും ചെയ്യുന്നത് രാജ്യത്തെ മുസ്ലിംകളെ വേറിട്ടു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
വിശ്വാസികളുടെ കാര്യങ്ങളില്‍ ഇത്തരത്തില്‍ നിയമ നിര്‍മാണം നടത്തുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ യശസ്സ് കുറക്കാനേ കരണമാകുകയുള്ളൂ. ജന പ്രതിനിധികള്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ മതപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കണിശത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാക്കാനാണ് കേരളത്തിലെ സുന്നി മുസ്ലിംകള്‍ ഏറ്റവും നന്നായി പരിശ്രമിക്കുന്നത്. മഅ്ദിനിനെയും മര്‍കസിനെയും പോലുള്ള സ്ഥാപനങ്ങള്‍ അത്തരം മുന്നേറ്റങ്ങള്‍ രാജ്യത്താകെ പ്രഭ പരത്തുന്ന ജ്ഞാന കേന്ദ്രങ്ങളാണ്. കേവലമായ വൈജ്ഞാനിക നവോത്ഥാനം മാത്രമല്ല ഈ സ്ഥാപനങ്ങള്‍ വഴി നിര്‍വഹിക്കപ്പെട്ടത്. തീവ്രവാദ ആശയങ്ങളിലേക്ക് യുവതലമുറ താളം തെറ്റുന്ന പ്രവണതകള്‍ക്കെതിരെ ആരംഭം മുതലേ ഏറ്റവും ശക്തമായ ജാഗ്രത തീര്‍ത്തത് സുന്നി സ്ഥാപനങ്ങളും സംഘടനകളുമാണ്.
എന്നും സമാധാനത്തിനും, ബഹുസ്വരമായ മൂല്യങ്ങളുടെ നിലനില്‍പ്പിനും വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. യഥാര്‍ഥമായ ഇസ്ലാമിനെ പഠിപ്പിക്കുകയും തനിമയോടെ വിശ്വാസികളിലേക്ക് വിനിമയം ചെയ്യുന്നതുമാണ് സുന്നത്ത് ജമാഅത്തിന്റെ നിലപാട്. കാന്തപുരം പറഞ്ഞു.