അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു ; രണ്ട് പേരെ വധിച്ചു

Posted on: December 31, 2018 10:29 am | Last updated: December 31, 2018 at 3:33 pm

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കാനായി ഞായറാഴ്ച രാത്രി നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം അവസരോചിതമായ ഇടപെടലിലൂടെ തകര്‍ത്തത്. നൗഗാം സെക്ടറില്‍ പാക്കിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ യൂണിഫോം അണിഞ്ഞാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

നിയന്ത്രണ രേഖയോട് അടുത്ത വനമേഖലയിലൂടെയൊണ് ഇവരെത്തിയത്. മോര്‍ട്ടാര്‍, റോക്കറ്റുകള്‍ എന്നിവയടക്കം വന്‍ ആയുധശേഖരവും ഇവരുടെ കൈവശമുണ്ടായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. പാക് സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞു കയറ്റത്തിനിടെ തീവ്രവാദികള്‍ക്ക് സഹായകമാകുന്ന തരത്തില്‍ പാക്ക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിവെപ്പ് നടത്തിയതായും റിപ്പോര്‍്ട്ടുണ്ട്. പാക്ക് സൈന്യമാണ് നുഴഞ്ഞു കയറ്റത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നുഴഞ്ഞു കയറ്റക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നും സൈന്യം വ്യക്തമാക്കി.