Connect with us

Articles

നിപ്പയെ ചെറുത്ത ആരോഗ്യ ജാഗ്രത

Published

|

Last Updated

ആഗോളതലത്തില്‍ ഭീഷണിയായ നിപ്പ കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ ആ രോഗത്തെ കീഴടക്കിയതാണ് പോയ വര്‍ഷത്തെ പ്രധാന വിശേഷങ്ങളിലൊന്ന്. ഭരണസംവിധാനത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും സാധാരണ ജനങ്ങളും അണിനിരന്നപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ “കേരള മോഡലിലൂടെ” രോഗത്തെ കെട്ടുകെട്ടിച്ചു. സമയത്ത് തന്നെ രോഗം തിരിച്ചറിഞ്ഞ് മരണനിരക്ക് കുറച്ച് കേരളം മറ്റൊരു ചരിത്രം കൂടി രചിക്കുകയായിരുന്നു.

മെയ് അഞ്ചിന് പേരാമ്പ്ര സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്തിന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സാബിത്തിന്റെ മരണം നിപ്പയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരന്‍ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവ് മൂസയും ഇതേ രോഗ ലക്ഷണങ്ങളോടെ മരിച്ചു. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെയാണ് സാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ശുശ്രൂഷയിലൂടെ നിപ്പയെക്കുറിച്ച് സംശയം ഉയര്‍ന്നു. പനിയുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാന്‍ സഹായിച്ചു. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് മസ്തിഷ്‌കജ്വരം വരാനുള്ള കാരണമെന്താണെന്ന അന്വേഷണമാണ് നിപ്പ വൈറസ് സാന്നിധ്യം കണ്ടുപിടിക്കുന്നതിലെത്തിച്ചത്.

മേയ് 20 ന് സാമ്പിളുകള്‍ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതോടെ കേരളത്തില്‍ ഔദ്യോഗികമായി നിപ്പ സ്ഥിരീകരിച്ചു. 19ന് ഉച്ചയോടെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം കോഴിക്കോട്ടെത്തിയിരുന്നു. 20ന് പേരാമ്പ്ര മേഖലയിലെത്തി രോഗം റിപ്പോര്‍ട്ട് ചെയ്ത വീടും സമീപപ്രദേശങ്ങളും സന്ദര്‍ശിച്ചു. ഈ ഭാഗത്ത് നിന്ന് വവ്വാലുകള്‍ കടിച്ച പഴങ്ങളും മറ്റും ശേഖരിച്ചു. വീട്ടിലെ കിണറ്റിലുള്ളത് രോഗവാഹകരായ പഴം തീനി വവ്വാലുകളല്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. രോഗത്തിന്റെ വ്യാപനം നടന്നത് പ്രധാനമായും രണ്ട് സ്ഥലങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പുരുഷ വാര്‍ഡ്, മെഡിക്കല്‍ കോളജിലെ സി ടി സ്‌കാന്‍ മുറിയിലേക്കുള്ള ഇടുങ്ങിയ ഇടനാഴി എന്നിവയായിരുന്നു ഇത്. മെയ് അഞ്ചിന് രാവിലെ ഏഴിനും എട്ടിനുമിടക്കാണ് ആദ്യരോഗി പേരാമ്പ്ര ആശുപത്രിയിലെത്തിയതെന്ന് കണ്ടെത്തി. അന്ന് കൂടെയെത്തിയ പിതാവിനും സഹോദരനും രോഗം ബാധിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ലിനി ഈ രോഗിയെ പരിചരിച്ചിരുന്നു. രോഗി അവിടെയുള്ളപ്പോള്‍ മറ്റ് രോഗികളുടെ കൂടെയുള്ള നിരവധി കൂട്ടിരിപ്പുകാര്‍ സഹായത്തിനെത്തിയിരുന്നു. ഇവര്‍ക്കെല്ലാം രോഗം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. രോഗത്തിന്റെ കേന്ദ്രം കണ്ടെത്തി അതിനുള്ള ചികിത്സയും പ്രതിരോധവും നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോടിന് പുറത്ത് മലപ്പുറത്ത് നിന്ന് നിപ്പ രോഗ ലക്ഷണങ്ങളോടെ നിരവധി പേരെത്തിയത്.

മെയ് അഞ്ചിന് മെഡിക്കല്‍ കോളജില്‍ രണ്ട് സമയങ്ങളിലായി അത്യാഹിത വിഭാഗത്തിലേക്കോ സി ടി സ്‌കാന്‍ മുറിയിലേക്കുള്ള ഇടനാഴിയിലോ സഞ്ചരിച്ചവരാണ് ഇവരെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. അതീവജാഗ്രതയോടെ നിപ്പയെ പിടിച്ചുകെട്ടാന്‍ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടിയില്‍ 16 ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ട് പേര്‍ നിപ്പയെ അതിജയിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതേസമയം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലുകളില്‍ 21 പേര്‍ കേരളത്തില്‍ നിപ്പ ബാധിച്ച് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രോഗം ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെന്ന രീതിയിലായിരുന്നു ബ്രിട്ടീഷ് ജേണലില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ആരോഗ്യമന്ത്രി നിമസഭയില്‍ ഈ കണക്കുകള്‍ നിഷേധിച്ചു.
നിപ്പ ഭീതിയില്‍ വിറച്ച കോഴിക്കോടിന്റെ സാമൂഹിക ജീവിതത്തില്‍ തന്നെ കുറേ ദിവസത്തേക്ക് മാറ്റങ്ങള്‍ സംഭവിച്ചു. നിപ്പ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ സൂപ്പിക്കടയിലെ വീടിന് സമീപമുള്ളവരെല്ലാം വീട് ഒഴിഞ്ഞ് പോയി. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങാന്‍ തുടങ്ങി. ചെറിയ പനിയുള്ളവരെ പോലും നിപ്പയാണെന്ന രീതിയില്‍ ആളുകള്‍ നോക്കിക്കാണാന്‍ തുടങ്ങി. കടകളിലും ബസുകളിലും തിരക്ക് നന്നേ കുറഞ്ഞു. ജ്യൂസ് കടകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടി. പേരാമ്പ്ര വഴി കോഴിക്കോട്, കുറ്റിയാടി, വടകര, പെരുവണ്ണാമുഴി, ബാലുശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ പോലും രോഗികള്‍ കുറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സമീപകാല ചരിത്രത്തിലില്ലാത്ത രീതിയില്‍ രോഗികള്‍ വിരലിലെണ്ണാവുന്നത്രയായി ചുരുങ്ങി.
പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകളായിരുന്നു ഉണ്ടായത്. എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍വസന്നാഹങ്ങള്‍ ഒരുക്കി സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ കോഴിക്കോട്ട് ക്യാമ്പ് ചെയ്തായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പ്രതികൂല സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ കര്‍മനിരതരാകുന്നതാണ് കേരളം കണ്ടത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ സൂപ്പിക്കടയിലും പരിസര പ്രദേശങ്ങളിലും ബോധവത്കരണപ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്തെത്തി. ജില്ലയിലും ഇതര ജില്ലകളിലും ഇത്തരത്തില്‍ അതീവ ജാഗ്രതയോടെയാണ് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചത്. ചെറിയ പനി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും അതീവഗൗരവത്തോടെയെടുത്ത് ചികിത്സക്ക് വിധേയമാക്കി.
ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തി. നിപ്പ ഭീതിയില്‍ നിന്ന് വളരെ സാവധാനത്തിലാണ് കോഴിക്കോടും കേരളവും മുക്തമായത്. നിപ്പയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രതക്ക് രാജ്യത്തിന് പുറത്ത് നിന്നുവരെ അംഗീകാരങ്ങള്‍ തേടിയെത്തിയിരുന്നു. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ കെ ശൈലജയേയും ആദരിച്ചു. നിപ്പയെന്നല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഒന്നിച്ച് നിന്നാല്‍ അതിജയിക്കാന്‍ കഴിയുമെന്ന പാഠമാണ് പുതിയൊരു വര്‍ഷം ആഗതമാകുമ്പോള്‍ നിപ്പയെ തുരത്തിയ കേരളം പഠിച്ചെടുത്തത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest