റാഫേല്‍ Vs വി വി ഐ പി കോപ്റ്റര്‍

Posted on: December 30, 2018 11:30 pm | Last updated: December 30, 2018 at 11:57 pm

റാഫേല്‍ കരാര്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. 2016ലാണ് ഫ്രഞ്ച് കമ്പനിയായ ദാസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്. പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ ഇന്ത്യന്‍ പങ്കാളിയായി തിരഞ്ഞെടുത്തത് ദുരൂഹതക്കിടയാക്കി. യു പി എ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനേക്കാള്‍ അധിക വിലയാണ് മോദി കരാര്‍ ഒപ്പിട്ടതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

റാഫേലില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളിയതും വിവാദങ്ങള്‍ക്കിടയാക്കി. റാഫേല്‍ ഇടപാടിന്റെ വിലവിവരങ്ങള്‍ സി എ ജിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും സി എ ജി റിപ്പോര്‍ട്ട് പി എ സിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് എവിടെയും വെച്ചിട്ടില്ലെന്ന് പി എ സി ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ചൂണ്ടിക്കാട്ടിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതോടെ വിധിയില്‍ തിരുത്തല്‍ വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

യു പി എ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് ഉയര്‍ത്തി പ്രതിരോധിക്കാനാണ് ബി ജെ പി ശ്രമം. കോപ്റ്റര്‍ ഇടപാട് കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. മിഷേലിന്റെ മൊഴിയില്‍ സോണിയാ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പരാമര്‍ശിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.