മദ്‌റസകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കുന്നത് ശരിയല്ല: കാന്തപുരം

Posted on: December 29, 2018 9:37 pm | Last updated: December 30, 2018 at 10:58 am

മലപ്പുറം: മുഴുവന്‍ മദ്‌റസകളിലും എല്ലാ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ നടപടി ശരിയല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ദിവസവും ദേശീയഗാനം ആലപിക്കാത്തതിന്റെ പേരില്‍ യുപിയില്‍ മദ്‌റസാധ്യാപകരെയും പണ്ഡിതന്മാരെയും ജയിലില്‍ അടച്ചിരിക്കുകയാണ്. ഇത് ഗൗരവത്തില്‍ കാണേണ്ട വിഷയമാണെന്നും കാന്തപുരം പറഞ്ഞു. മഅ്ദിന്‍ വൈസനീയം സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിക്കാന്‍ കഴിയണം. അത് ആലപിക്കുന്നതിന് ചില മര്യാദകളും നിയമങ്ങളും ഉണ്ട്. അത് പാലിക്കാതിരിക്കല്‍ നിയമപരമായി തെറ്റാണ്. മദ്റസകളിൽ ദേശീയഗാന‌ം ആലപിക്കരുത് എന്ന് പറയാൻ പാടില്ല. ദേശീയഗാനം ആലപിക്കില്ലെന്ന് പറഞ്ഞതിനല്ല യുപിയില്‍ മദ്‌റസാധ്യാപകരെ ജയിലില്‍ അടച്ചത്. മറിച്ച് ചെറിയ മദ്‌റസകളില്‍ പോലും എല്ലാ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന സര്‍ക്കാര്‍ ആഹ്വാനം നടപ്പാക്കാത്തതിന്റെ പേരിലാണ്. ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും കാന്തപുരം വ്യക്തമാക്കി.