Connect with us

Kerala

മുത്വലാഖ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

ദുബൈ: മുത്വലാഖ് ബില്ലില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് താന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാണ്.

തീര്‍ച്ചയായും കല്യാണം ഉണ്ടായിരുന്നു, കല്ല്യാണത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടുനിന്നത്. അന്ന് ഉച്ചക്ക് ശേഷം ചന്ദ്രിക ദിനപ്രത്രത്തിന്റെ സുപ്രധാന ഗവേണിംഗ് ബോഡി യോഗത്തില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി ഉത്തരവാദിത്വങ്ങള്‍ തനിക്കുണ്ട്. ചുമതലകള്‍ ചെയ്ത് തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്വലാഖ് ബില്ലിനെ എന്നും എതിര്‍ത്തയാളാണ് താന്‍. മുത്വലാഖ് ചര്‍ച്ച സംബന്ധിച്ച് ഇ.ടി.മുഹമ്മദ് ബഷീറുമായി ചര്‍ച്ചചെയ്തിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്തത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. ആരോപണം മന്ത്രി കെ.ടി.ജലീലിന് കിട്ടിയ പിടിവള്ളിയാണ്. ജലീല്‍ തന്റെ രാജി ആവശ്യപ്പെടുന്നത് സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ്. സിപിഎമ്മിന്റെ നാല് പേര്‍ ഈ ദിവസം ലോക്‌സഭയില്‍ ഉണ്ടായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള ഒരു ഇടത് എംപിയും സംസാരിച്ചിട്ടില്ല. ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിം മാത്രമാണ് സംസാരിച്ചത്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

 

Latest