Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിജെപിയെ വീഴ്ത്താന്‍ സിപിഎം കോണ്‍ഗ്രസുമായി കൈകോര്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യവുമായും ബീഹാറില്‍ ആര്‍ജെഡി- കോണ്‍ഗ്രസ് വിശാല സഖ്യവുമായും സഹകരിച്ചേക്കും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തില്‍ സിപിഎം മത്സരിക്കും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്‍ക്കും. പശ്ചിമ ബംഗാളില്‍ അടവ് നയമായിരിക്കും സ്വീകരിക്കുക. ഇവിടെ തൃണമൂലുമായി സഹകരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതാണ് അടവ് നയത്തിന് സാധ്യത വര്‍ധിപ്പിച്ചത്.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാം എന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് പ്രമേയം തള്ളിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടാണ് സീതാറാം യെച്ചൂരിക്ക്. എന്നാല്‍, കാരാട്ട് പക്ഷം ഇതിനെ എതിര്‍ക്കുന്നു. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപവത്കരിക്കുന്ന സാഹചര്യം നിലവില്‍ വന്നതോടെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന നയം സി.പി.എം സ്വീകരിക്കുന്നത്.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ കൂട്ടുക, ബദല്‍ മതേതര സര്‍ക്കാറിന് ശ്രമിക്കുക. ഈ മൂന്ന് നിര്‍ദേശങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഫലത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ രാഷ്ട്രീയ സഖ്യമായി മാറും.

Latest