Connect with us

Editorial

ശരീഅത്തിന്മേലുള്ള കടന്നുകയറ്റം

Published

|

Last Updated

നേരത്തെ അംഗീകരിച്ച മുത്വലാഖ് ബില്‍ (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം)ചില ഭേദഗതിയോടെ വീണ്ടുമൊരിക്കല്‍ കൂടി പാസ്സാക്കിയിരിക്കുകയാണ് വ്യാഴാഴ്ച ലോകസഭ. മുത്വലാഖിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് ജാമ്യത്തിന് അവസരം ലഭിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്ലിലെ പ്രധാന മാറ്റം. ഭാര്യയുടെ വാദം കേട്ട ശേഷം മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്പര സമ്മതത്തോടെ കേസ് പിന്‍വലിക്കാനും അവസരമുണ്ട്. ഭാര്യയോ രക്തബന്ധമുള്ളവരോ പരാതി നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ കഴിയൂ എന്ന നിര്‍ദേശവും ഉള്‍പ്പെടുത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍, പിഴവുകള്‍ ഉന്നയിച്ചു പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധവും പാര്‍ലിമെന്ററി സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന ആവശ്യവും അവഗണിച്ചാണ് 245 വോട്ടിന് ബില്‍ പാസാക്കിയത്. ഒരുമിച്ചു മൂന്ന് തവണ ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്‍ക്ക് മുന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കുന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നു ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതും ചെവിക്കൊണ്ടില്ല.

ഒട്ടേറെ പിഴവുകളുണ്ട് ബില്ലില്‍. മുത്വലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്കു ജീവനാംശവും നല്‍കണം. തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവസരമില്ലാതെ ജയിലില്‍ കഴിയുന്നയാള്‍ എങ്ങനെയാണ് ജീവനാംശം നല്‍കുക? മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ നിയമത്തിനു കീഴിലാണ് വരുന്നത്. അതിന് ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് ശരിയായ നടപടിയല്ല. സിവില്‍ നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനല്‍ കുറ്റമാകുമ്പോള്‍ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുന്നു. ത്വലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തില്‍ ഭാര്യയെ ഉപേക്ഷിക്കലാണ്.എന്നാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നതു മറ്റു സമുദായങ്ങളിലെല്ലാം സിവില്‍ കുറ്റമാണ്. എന്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തില്‍ മാത്രം അതു ക്രിമിനല്‍ കുറ്റമായി മാറുന്നത്? ഇതുകൊണ്ടെല്ലാമാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം നിര്‍ദേശം വെച്ചത്. ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ വിശദ ചര്‍ച്ചയിലൂടെ അപാകതകള്‍ പരിഹരിക്കാനും വിഷയസംബന്ധമായി മുസ്‌ലിം സംഘടനകളുടെ അഭിപ്രായം ആരായാനും അവസരം ലഭിക്കുമായിരുന്നു.

മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്വലാഖ് ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകള്‍ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നിരിക്കെ മുസ്‌ലിം വനിതകളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാറിനെന്താണിത്ര താത്പര്യം? മാത്രമല്ല, രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനവും വിചേനവും അവസാനിപ്പിക്കാന്‍ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിം സമുദായത്തിനും ബാധകമാണ് താനും. പിന്നെന്തിനാണ് മുസ്‌ലിംകള്‍ക്കു മാത്രമായി പ്രത്യേകമൊരു വനിതാ വിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീകളോടുള്ള സിമ്പതിയല്ല ഇതിനു പിന്നില്‍. ഇസ്‌ലാമിക നിയമങ്ങള്‍ പ്രാകൃതമാണെന്നു വരുത്തിത്തീര്‍ക്കാനും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലാക്കാക്കിയുമുള്ള തികച്ചും രാഷ്ട്രീയമായ ഒരു അജന്‍ഡയാണിത്. മുത്വലാഖ് അസാധുവാണെന്നു സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബില്‍ കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിധി അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി അത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.കോടതി വിധിക്ക് ഇല്ലാത്ത മാനങ്ങള്‍ നല്‍കി തങ്ങളുടെ ഇസ്‌ലാമിക വിരുദ്ധി നടപ്പാക്കുകയാണിവിടെ ഹിന്ദുത്വ ഫാസിസ ഭരണ കൂടം. രാജ്യദ്രോഹ കുറ്റങ്ങള്‍ വ്യാജമായി ചുമത്തി മുസ്‌ലിം യുവാക്കളെ ജയിലിടച്ചു വിചാരണ കൂടാതെ ദശകങ്ങളോളം ഇരുമ്പഴിക്കുള്ളിലിട്ട് പീഡിപ്പിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍, മുസ്‌ലിംകളെ കൂട്ടത്തോടെ ജയിലിലടക്കാനുള്ള മറ്റൊരു വളഞ്ഞ വഴിയായി മുത്വലാഖിനെ ഉപയോഗപ്പെടുത്തുകയാണോ എന്നും സന്ദേഹിക്കേണ്ടതുണ്ട്.

ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോള്‍, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്രസര്‍ക്കാറും ബി ജെ പിയും ന്യായീകരിക്കാറ്. കഴിഞ്ഞ മെയ് അവസാനത്തില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലിമെന്റില്‍ പറഞ്ഞത,് സ്ത്രീമാന്യത, തുല്യനീതി,ലിംഗനീതി എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം അടങ്ങിയിട്ടുണ്ട് മുത്വലാഖിലെന്നാണ്. എങ്കില്‍ ശബരിമല യുവതീ പ്രവേശന പ്രശ്‌നം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ എന്തിനാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും തടസ്സപ്പെടുത്തുന്നത്? എന്തുകൊണ്ടാണ് ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാന്‍ സഹായകമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരാത്തത്? യഥാര്‍ഥത്തില്‍ ലിംഗനീതിയല്ല; രാജ്യം മുസ്‌ലിംകള്‍ക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നല്‍കിയതുമായ “മുസ്‌ലിം വ്യക്തിനിയമം” തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരികമായ അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് മുത്വലാഖ് വിരുദ്ധബില്‍. ഈ സാഹചര്യത്തില്‍ മുത്വലാഖിനെ ഉപയോഗപ്പെടുത്തിയിരുന്ന സമുദായത്തിലെ ഒരു ചെറുപക്ഷത്തിന്റെ പ്രശ്‌നമായി കാണാതെ ഇസ്‌ലാമിക ശരീഅത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് മനസ്സിലാക്കി പ്രതിരോധിക്കാനും നിയമപരമായി നേരിടാനും സമുദായ സംഘടനകളും നേതൃത്വങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.

Latest