തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് സലഫിസം: ബദ്‌റുദ്ദീന്‍ അജ്മല്‍

Posted on: December 29, 2018 9:16 am | Last updated: December 29, 2018 at 9:16 am

ന്യൂഡല്‍ഹി: തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് സലഫി പ്രത്യേയശാസ്ത്രമാണെന്ന് അസാമില്‍ നിന്നുള്ള ലോക്‌സഭ അംഗം ബദ്‌റുദ്ദീന്‍ അജ്മല്‍. പാര്‍ലിമെന്റില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മുത്വലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അസാമില്‍ നിന്നുള്ള ലോക്‌സഭാ എം പിയും എ ഐ യു ഡി എഫ് നേതാവുമായ ബദ്‌റുദ്ദീന്‍ അജ്മല്‍ സലഫി പ്രത്യേയശാസ്ത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മുത്വലാഖ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ബി ജെ പി. എം പി മീനാക്ഷി ലേഖിക്കെതിരെ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സലഫി വിഭാഗത്തിനാണെന്നും തങ്ങള്‍ ഈ വിഭാഗത്തെ പിന്തുടരുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. മീനാക്ഷി ലേഖി തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ച പുസ്തകം ശരിയായ പുസ്തകമല്ലെന്നും താങ്കള്‍ക്ക് റെഫര്‍ ചെയ്യാന്‍ യഥാര്‍ഥ പുസ്തകം താന്‍ നിര്‍ദേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. സലഫി വിഭാഗത്തിന്റെ പുസ്തകമായിരുന്നു മീനാക്ഷി പാര്‍ലിമെന്റില്‍ ഉദ്ധരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.