Connect with us

National

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷയടക്കം നല്‍കാനുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്‌സോ) നിയമം ഭേദഗതി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പോക്‌സോ നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഇതിനായി പോക്‌സോ നിയമത്തിലെ വിവിധ സെഷനുകളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് യോഗത്തിന് ശേഷം പറഞ്ഞു.

പോക്‌സോ നിയമത്തിലെ ഏഴ് വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. നിയമത്തിലെ നാല്, അഞ്ച്, ആറ്, ഒമ്പത്, 14, 15, 42 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന നിര്‍ദേശത്തിനാണ് അംഗീകാരം നല്‍കിത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയാല്‍ പരമാവധി വധശിക്ഷ നല്‍കുക, പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുക, പ്രായപൂര്‍ത്തിയാകാന്‍ കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമാക്കുക, കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴയും ശിക്ഷയും നല്‍കുക എന്നിവയാണ് ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നത്.

പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല്‍ വധശിക്ഷ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് പിന്നാലെയാണ് പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പോക്‌സോ നിയമ ഭേദഗതി കൂടി വരുന്നതോടെ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനാകും. നിയമത്തിലെ നാല്, അഞ്ച്, ആറ് വകുപ്പുകള്‍ ഭേദഗതി ചെയ്താണ് പരമാവധി ശിക്ഷ വധശിക്ഷ വരെയാക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുക ലക്ഷ്യമിട്ടാണ് ഒമ്പതാം വകുപ്പ് ഭേദഗതി ചെയ്തത്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴയും ശിക്ഷയും നിര്‍ദേശിക്കുന്നതാണ് 14, 15 വകുപ്പുകളിലെ ഭേദഗതി.

---- facebook comment plugin here -----

Latest