അധികാരം ലഭിച്ചാല്‍ ഹരിയാണയിലും കാര്‍ഷിക കടം എഴുതിത്തള്ളും: കോണ്‍ഗ്രസ്

Posted on: December 28, 2018 8:10 pm | Last updated: December 28, 2018 at 8:10 pm

ചണ്ഡീഗഢ്: ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹുഡ. അധികാരമേറ്റ് ആറു മണിക്കൂറിനുള്ളില്‍ വാഗ്ദാനം യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ധക്യ പെന്‍ഷന്‍ 2000ത്തില്‍ നിന്ന് 3000 ആക്കും, വൈദ്യുതി നിരക്കുകള്‍ പകുതിയായി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും ഹരിയാണയില്‍ രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള ഹുഡ മുന്നോട്ടുവച്ചു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഉറപ്പു നല്‍കിയിരുന്നു.