Connect with us

Kerala

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കോഴിക്കോട്: തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊണ്ടയാട് മേല്‍പ്പാലത്തിലൂടെ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.

ദേശീയപാതയില്‍ ആയതിനാല്‍ ഈ രണ്ട് മേല്‍പ്പാലങ്ങളുടെയും ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടിയിരുന്നതെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് സംസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ കൃത്യതയില്ലാത്തതിനാല്‍ അനിശ്ചിതത്വത്തിലാകുമായിരുന്ന ഈ മേല്‍പ്പാലങ്ങള്‍ പിണറായി സര്‍ക്കാര്‍ ഫണ്ട് നീക്കിവെച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
നാല്‍പ്പത്തയ്യാരിത്തോളം വാഹനങ്ങള്‍ ഒരു ദിവസം കടന്ന് പോകുന്നിടത്താണ് തൊണ്ടയാട് മേല്‍പ്പാലം. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും നിര്‍മ്മാണച്ചെലവ് വഹിച്ച തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ് 51 കോടി രൂപയാണ്. രൂപകല്‍പ്പനയും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്. രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമായി 127 കോടി രൂപയാണ് ആകെ ചെലവ്. 45000 വാഹനങ്ങളാണ് പ്രതിദിനം ഈ മേല്‍പ്പാലങ്ങളില്‍ കൂടി കടന്ന് പോകുന്നത്. കോഴിക്കോട് ദേശീയപാത 66 ലെ കോഴിക്കോട് ബൈപ്പാസിലെ ഗതാഗതത്തിരക്ക് ഈ മേല്‍പ്പാലങ്ങള്‍ വഴി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പ്പാലങ്ങളാണിവ. കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി ആറ് റോഡുകള്‍ മുഖ്യമന്ത്രി തന്നെ ജനുവരി 2018 ല്‍ നാടിന് സമര്‍പ്പിച്ചിരുന്നു.