റാഫേല്‍ വിധിയില്‍ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടോ?

വിധിയില്‍ ഗൗരവതരമായ തെറ്റുകള്‍ ഉണ്ടെന്ന് ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചു. തങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ കോടതി പരിഗണിച്ചതേയില്ല. ഒരു അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. ഹരജിക്കാര്‍ ഇതേ ബഞ്ചിന് മുന്നില്‍ പുനഃപരിശോധനാ ഹരജി നല്‍കും എന്നാണ് പറയുന്നത്. ഒരു കോടതി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നുണ്ടെങ്കില്‍ പുനഃപരിശോധനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ പറയുന്നു, സര്‍ക്കാറിന്റെ ഒരു നിര്‍ണായകമായ രേഖ കോടതി തെറ്റായി കണ്ടു എന്ന്. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ ഹരജിക്കാര്‍ക്ക് സഹായകമായേക്കാം.
Posted on: December 28, 2018 8:55 am | Last updated: December 28, 2018 at 9:03 am

ണ്ട് എന്‍ജിനുകള്‍ ഉള്ള ഇടത്തരം ബഹുവിധ ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. ഇത് നിര്‍മിക്കുന്നത് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷന്‍ എന്ന കമ്പനി. ഇന്ത്യക്ക് ഇടത്തരം യുദ്ധവിമാനങ്ങള്‍ വലിയ തോതില്‍ (126 എണ്ണം) വാങ്ങാന്‍ പരിപാടിയുണ്ടെന്നറിഞ്ഞപ്പോള്‍ ലോകപ്രശസ്തരായ ആറ് സ്ഥാപനങ്ങള്‍ ആ കരാര്‍ ലഭിക്കാന്‍ വേണ്ടി ശ്രമം നടത്തി. 126 വിമാനങ്ങള്‍ വാങ്ങുക എന്നത് ഇന്നുവരെ നമ്മുടെ സേന നടത്തിയ ഏറ്റവും വലിയ വാങ്ങല്‍ കരാര്‍ ആണ്. ആദ്യഘട്ടത്തില്‍ യു എസിലെ ലോക് ഹീഡിന്റെ എഫ് 16, ബോയിംഗിന്റെ എഫ്/എ 18, യൂറോഫൈറ്റര്‍ കമ്പനിയുടെ ടൈഫൂണ്‍, റഷ്യയുടെ മിഗ് 35, സ്വീഡനിലെ സാബ് നിര്‍മിക്കുന്ന ഗ്രിപ്പന്‍ എന്നിവക്കൊപ്പം റാഫേലും. 2001ലാണ് ഇങ്ങനെ വാങ്ങാനുള്ള തീരുമാനം ഉണ്ടാകുന്നത് അഥവാ, ഈ ഇടപാടിന്റെ തുടക്കം. ഇതുവരെ നമുക്ക് വലുപ്പം കൂടിയതും കുറഞ്ഞതുമായ വിമാനങ്ങള്‍ ആണുണ്ടായിരുന്നത്. ഇടത്തരം കൂടി വേണം എന്നാണ് അന്ന് തീരുമാനിച്ചത്. അന്ന് ഒരാശയമായി മാത്രം നിന്ന ഈ ആവശ്യം 2007ല്‍ എ കെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്ന സമയത്താണ് അംഗീകാരം നേടിയത്. 126 വിമാനങ്ങള്‍ വാങ്ങുക ആയിരുന്നു ലക്ഷ്യം. അംഗീകാരം ലഭിച്ചതോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. തുടക്കത്തില്‍ ഇത് 54,000 കോടിക്കുള്ള പദ്ധതിയായിരുന്നു. 126 വിമാനങ്ങളില്‍ 18 എണ്ണം പ്രവര്‍ത്തന സജ്ജമായവയും ബാക്കി ഇവിടെ നിര്‍മിക്കുന്നതും എന്നായിരുന്നു തീരുമാനം. അതിനായി ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എച്ച് എ എല്ലിനു കരാര്‍ അനുസരിച്ചു സാങ്കേതിക വിദ്യ കൈമാറുക എന്നും തീരുമാനിച്ചു.

എന്തുകൊണ്ട് ഇന്ത്യ റാഫേല്‍ വാങ്ങാന്‍ തീരുമാനിച്ചു? ടെണ്ടറില്‍ വന്ന ആറ് കമ്പനികളുടെയും വിമാനങ്ങള്‍ വായുസേനാ വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധിച്ച് അതില്‍ നിന്ന് ഏറ്റവും മെച്ചപ്പെട്ടവരെന്ന് കണ്ടെത്തിയ രണ്ട് കമ്പനികളെ മാത്രം ചേര്‍ത്ത ചുരുക്കപ്പട്ടിക ഉണ്ടാക്കി. ഏറ്റവും കുറഞ്ഞ വിലയും അറ്റകുറ്റപ്പണി ഏറ്റവും കുറവുമുള്ള വിമാനം എന്ന നിലയിലുമാണ് റാഫേലിന് നറുക്ക് വീണത്. എങ്കിലും അന്തിമമായി വാങ്ങാന്‍ തീരുമാനിക്കുക എന്നത് എളുപ്പമായിരുന്നില്ല. ഇത്തരം ഇടപാടുകളില്‍ തീരുമാനമാകാന്‍ ഏറെ സമയം എടുക്കുക എന്നത് പതിവാണ്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് 2012 ലാണ്. നാല് വര്‍ഷം കഴിഞ്ഞു 2016 ജനുവരിയിലാണ് കരാര്‍ ഒപ്പിട്ടത്.

തങ്ങളുടെ വില്‍പ്പന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ കരാര്‍ സഹായിക്കും എന്ന് ദസോള്‍ട്ട് കരുതുന്നു. ലിബിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച ശേഷം ഇന്ത്യയാണ് ആദ്യമായി റാഫേല്‍ വാങ്ങാന്‍ ഒരുങ്ങിയത്. നമ്മള്‍ ഇത് വാങ്ങിയാല്‍ മറ്റു രാജ്യങ്ങള്‍ക്കും അത് പ്രേരകമാകും എന്നും അവര്‍ കരുതുന്നു. ഇന്ത്യ പരമ്പരാഗതമായി യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്, മിഗ്. ഇന്ത്യയുമായി അടുപ്പമുണ്ടാക്കാന്‍ യു എസ് കിണഞ്ഞു ശ്രമിക്കുന്നു എങ്കിലും അവരുടെ വിമാനം ഇന്ത്യ പരിഗണിച്ചില്ല. ഏറെക്കാലമായി നമ്മുടെ സേന ആവശ്യപ്പെടുന്ന യുദ്ധവിമാനം ഇനിയും വൈകിക്കരുതെന്ന് തീരുമാനിക്കുകയായിരുന്നു. മോദി സര്‍ക്കാറിന്റെ കാലത്ത് ഇതേ കമ്പനിയില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 14ന് സുപ്രീം കോടതി റാഫേല്‍ വാങ്ങുന്ന കരാറുമായി ബന്ധപ്പെട്ട കേസില്‍ പ്രസ്താവിച്ച ഒരു വിധി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആദ്യനോട്ടത്തില്‍ അത് മോദി സര്‍ക്കാറിനെ കുറ്റവിമുക്തമാക്കുന്ന ഒന്നാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കെ എം ജോസഫ്, സഞ്ജയ് കിഷന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. വിമാനം വാങ്ങല്‍ പ്രക്രിയകള്‍ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിച്ചു എന്ന് കോടതിക്ക് ബോധ്യം വന്നിരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. ഇനി അതില്‍ എന്തെങ്കിലും ചെറിയ ചില തകരാറുകള്‍ ഉണ്ടെങ്കില്‍ കൂടി അത് കരാര്‍ റദ്ദാക്കുന്നതിനോ ഗഹനമായ അന്വേഷണത്തിനോ ഉതകുന്ന ഒന്നല്ല എന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ എല്ലാം കോടതി തള്ളുകയും ചെയ്തു. 126 വിമാനങ്ങള്‍ വാങ്ങുന്നതിന് പകരം 36 എണ്ണം വാങ്ങുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഏതെങ്കിലും വിലയിരുത്തല്‍ നടത്താന്‍ കോടതി തയ്യാറല്ല. 126 വിമാനങ്ങള്‍ വാങ്ങാനുള്ള പഴയ ആര്‍ എഫ് പി (ആവശ്യരേഖ) റദ്ദായിപ്പോയതിനാല്‍ ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പറയാന്‍ കഴിയില്ല എന്ന് കോടതി വാക്കാല്‍ പറഞ്ഞു.

കരാറിലെ വില സംബന്ധിച്ചുള്ള പരിശോധന നടത്തുക എന്നത് കോടതിയുടെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നില്ല. (ഒന്നിന് 1660 കോടി രൂപ) റിലയന്‍സിന് ഇന്ത്യയില്‍ നിര്‍മാണച്ചുമതല നല്‍കിയ ഏറെ വിവാദമായ കരാര്‍ വ്യവസ്ഥക്ക് കേന്ദ്ര സര്‍ക്കാറിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അത് നിശ്ചയിച്ചത് നിര്‍മാണക്കമ്പനി ആണെന്നും കോടതി വിലയിരുത്തി. ക്രമപ്രകാരമല്ലാത്ത വാങ്ങല്‍ നടപടികള്‍, അവസാന നിമിഷത്തില്‍ വിലയില്‍ വരുത്തിയ ക്രമാതീതമായ വര്‍ധനവ്, ഇന്ത്യന്‍ പങ്കാളിയായി അംബാനിയുടെ റിലയന്‍സിനെ കണ്ടെത്തിയതിലെ ദുരൂഹതകള്‍, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് 785 കോടി യുറോക്കുള്ള കരാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗമായ സഞ്ജയ് സിംഗ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ, മുന്‍ കേന്ദ്രമന്ത്രിമാരും പഴയ ബി ജെ പി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സര്‍ക്കാറിന് കോടതി നല്‍കിയ സമ്പൂര്‍ണ കുറ്റവിമുക്തിയാണെന്ന വാദം അംഗീകരിക്കാന്‍ ഹരജിക്കാര്‍ തയ്യാറല്ല. ഈ വിധിയില്‍ ഗൗരവതരമായ തെറ്റുകള്‍ ഉണ്ടെന്ന് ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചു. തങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ കോടതി പരിഗണിച്ചതേയില്ല. ഒരു അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയും.

പക്ഷേ, ഈ വിധി സംബന്ധിച്ച് സര്‍ക്കാര്‍ ഭാഗവും അത്ര തൃപ്തരല്ല എന്നതാണ് അത്ഭുതകരമായ വസ്തുത. ഇതിലെ തെറ്റുകള്‍ തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു. ചില വസ്തുതകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് അവരുടെ ഹരജിയില്‍ പറയുന്നത്. അതിന്റെ അര്‍ഥം വിധി അങ്ങനെ തന്നെ അവര്‍ക്ക് സ്വീകാര്യമല്ല എന്നാണ്. റാഫേല്‍ കരാറില്‍ എന്തെങ്കിലും തകരാര്‍ ഇല്ലെന്നതിനാല്‍ അതില്‍ ഇടപെട്ടില്ല എന്ന ഡിസംബര്‍ 14ലെ കോടതിവിധിന്യായത്തില്‍, സര്‍ക്കാര്‍ രഹസ്യമായി കോടതിയില്‍ സമര്‍പ്പിച്ച വില സംബന്ധിച്ച റിപ്പോര്‍ട്ടിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് സര്‍ക്കാറിന്റെ പരാതി. എന്നാല്‍, എതിര്‍ഭാഗം പറയുന്നത് സര്‍ക്കാര്‍ കോടതിയില്‍ അര്‍ധസത്യങ്ങളാണ് സമര്‍പ്പിച്ചത് എന്നാണ്. അത് കണക്കിലെടുത്തുള്ള വിധിയാണിത് എന്നതിനാല്‍ ഇതില്‍ തെറ്റുണ്ടെന്നും അവര്‍ വാദിക്കുന്നു. കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ എട്ട് പേജുള്ള ഹരജിയില്‍ വിധിന്യായത്തില്‍ ഈ തെറ്റുകള്‍ തിരുത്തണമെന്നാണ് ആവശ്യം. സ്വതന്ത്ര നിയമവിദഗ്ധര്‍ പറയുന്നത് ഈ വിധിയില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ആരോപണവിധേയനാകുന്ന ഒരു കേസില്‍ ഇങ്ങനെ ഒരു വിധി നല്‍കുക വഴി തത്കാലം സര്‍ക്കാര്‍ കുടുക്കില്‍ നിന്നും രക്ഷപ്പെട്ടു എന്ന് മാത്രം.

ഈ വിവാദത്തിനടിസ്ഥാനമാകുന്നത് ചീഫ് ജസ്റ്റിസ് എഴുതിയ വിധിന്യായത്തിന്റെ 25 -ാം ഖണ്ഡികയിലെ രണ്ട് വരികളാണ്. ‘ഇതിലെ വിലനിര്‍ണയ വിവരങ്ങള്‍ എന്തായാലും സി എ ജിക്കു നല്‍കിയതും അവരുടെ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതുമാണ്’ എന്നതാണ് ആദ്യവരി. ഇത് വായിക്കുന്ന ആരും മനസ്സിലാക്കുക വില സംബന്ധിച്ചുള്ള സി എ ജി പരിശോധനാ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ സമിതിയുടെ പരിശോധനക്ക് വിധേയമായി എന്നാണല്ലോ. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തായി ആവശ്യപ്പെടുന്നത് ഇങ്ങനെ ഒന്ന് നടന്നിട്ടേയില്ല എന്നാണ്. തങ്ങള്‍ നല്‍കിയ രഹസ്യക്കുറിപ്പ് കോടതി തെറ്റായി വായിച്ചു എന്നാണ്. മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നത് ‘സര്‍ക്കാര്‍ ഈ വില നിര്‍ണയവിവരങ്ങള്‍ സി എ ജിയുമായി പങ്കുവെച്ചിട്ടുള്ളതാണ്. സി എ ജിയുടെ റിപ്പോര്‍ട്ട് പി എ സി പരിശോധിച്ചതാണ്. ഈ റിപ്പോര്‍ട്ടില്‍ ചില ഭംഗിവരുത്തലുകള്‍ വരുത്തി മാത്രമേ പൊതു സമൂഹത്തിന് മുന്നില്‍ വെക്കൂ’ എന്നാണെന്നും ഇത് ചെയ്ത കാര്യമല്ലെന്നും സി എ ജി റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് പി എ സിക്ക് മുന്നില്‍ വെക്കുമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. തങ്ങള്‍ ഭാവിയില്‍ സംഭവിക്കുന്നതിനെ പറ്റിയാണ് പറഞ്ഞതെന്നും കോടതി അതിനെ ഭൂതകാലമായി തെറ്റിദ്ധരിച്ചുകൊണ്ട് ‘സംഭവിച്ചു’ എന്ന് വിധിന്യായത്തില്‍ പറയുന്നു എന്നും ഇത് തിരുത്തണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. ഇംഗ്ലീഷിലെ ‘ഈസ്’ എന്നതിനെ കോടതി ‘വാസ്’ എന്ന് കണ്ടുവത്രെ.

ഉടന്‍ ഉപയോഗിക്കാന്‍ കഴിയും വിധത്തിലുള്ള, നിര്‍മാണം എല്ലാ വിധത്തിലും പൂര്‍ത്തിയായ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എടുത്ത രീതിയില്‍ തകരാറുണ്ടെന്നതാണല്ലോ കേസിലെ ഒരു പ്രധാന വാദം. വിമാനനിര്‍മാണത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത റിലയന്‍സിനെ ഇന്ത്യന്‍ നിര്‍മാണ പങ്കാളിയാക്കിയതിലെ അപാകതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പങ്കാളി ആരാകണമെന്നും ഫ്രാന്‍സ് യാതൊരു വിധ നിര്‍ബന്ധങ്ങളും ചെലുത്തിയില്ലെന്നും അക്കാര്യം ഇന്ത്യയുടെ മാത്രം തീരുമാനമായിരുന്നു എന്നും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹൊളന്‍ഡെയുടെ അഭിപ്രായം പുറത്ത് വന്നതാണ് ഇങ്ങനെ ഒരു സംശയം ഉയരാന്‍ കാരണമായത്. 126 വിമാനങ്ങള്‍ വാങ്ങാനുള്ള മുന്‍ കരാറില്‍ പങ്കാളിയായി കണ്ടിരുന്നത് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെയാണ്. ഇന്ത്യന്‍ സേനക്ക് വേണ്ടി യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് വരുന്ന, അര നൂറ്റാണ്ട് കാലത്തിലധികം ഈ രംഗത്ത് പരിചയം ഉള്ള കമ്പനിയാണത്. എന്നാല്‍, ഈ തീരുമാനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ആക്കി മാറ്റിയത് 2015 ഏപ്രില്‍ 15 നു മോദി പാരിസില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു എന്ന ഹരജിക്കാരുടെ വാദം വസ്തുതാപരമായി നിഷേധിക്കാന്‍ കഴിയാത്തതാണ്.

ഇന്ത്യന്‍ പങ്കാളിയെ നിയമിക്കാനുള്ള അധികാരം തത്വത്തില്‍ ഫ്രഞ്ച് കമ്പനിക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ നിയമത്തില്‍ ഒരു ഭേദഗതിയാണ് വരുത്തിയത്. കരാറിന്റെ ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യന്‍ പങ്കാളിക്ക് ഒരു ഉത്തരവാദിത്വവുമില്ല എന്നതാണ് ആ ഭേദഗതി. അതുകൊണ്ട് മുന്‍പരിചയമില്ലാത്ത സ്ഥാപനത്തിന് ഇപ്പോള്‍ പങ്കാളിത്തം നല്‍കിയാലും മൂന്ന് വര്‍ഷം കഴിഞ്ഞേ ഈ കരാര്‍ പ്രാബല്യത്തില്‍ വരൂ. അന്നേക്ക് ഈ കമ്പനിക്ക് മൂന്ന് വര്‍ഷത്തെ മുന്‍ പരിചയമുണ്ടെന്ന് വാദിക്കാമല്ലോ. ഇതാണ് രണ്ടാമത്തെ വിഷയം..

ഇതുപോലെ തന്നെ ഗൗരവമുള്ളതാണ് മൂന്നാമത്തെ വിഷയം. വാങ്ങുന്ന ഇമാനങ്ങളുടെ എണ്ണം 126 ല്‍ നിന്നും 36 ആക്കി കുറക്കാന്‍ പ്രതിരോധ വാങ്ങലുകള്‍ സംബന്ധിച്ച ഉന്നതാധികാര സമിതിയായ, കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതി തീരുമാനിച്ചത് 2016 ആഗസ്റ്റ് 24നാണ്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തന്നെ (2015 ഏപ്രില്‍ 10ന്) പ്രധാനമന്ത്രി ഈ പുതുക്കിയ കരാറില്‍ ഒപ്പിട്ടു. അതായത് പ്രധാനമന്ത്രിയുടെ തീരുമാനം ഉപസമിതിക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ മൂന്നാം ആരോപണവും കോടതി വേണ്ടവിധം പരിഗണിച്ചില്ല.
വ്യക്തിഗത അഭിപ്രായങ്ങള്‍ മാത്രമാണ് പരാതികളില്‍ ഉള്ളതെന്നാണ് കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിപ്രായത്തെ ഹരജിക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും കോടതി വിലയിരുത്തി. റാഫേല്‍ വിമാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ആരും പരാതിപ്പെട്ടിട്ടില്ലതാനും. ഹരജിക്കാര്‍ ഇതേ ബെഞ്ചിന് മുന്നില്‍ പുനഃപരിശോധനാ ഹരജി നല്‍കും എന്നാണ് പറയുന്നത്. ഒരു കോടതി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നുണ്ടെങ്കില്‍ പുനഃപരിശോധനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ പറയുന്നു, സര്‍ക്കാറിന്റെ ഒരു നിര്‍ണായകമായ രേഖ കോടതി തെറ്റായി കണ്ടു എന്ന്. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ ഹരജിക്കാര്‍ക്ക് സഹായകമായേക്കാം.
മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഒരു നിഷേധക്കുറിപ്പ് പോലും സര്‍ക്കാര്‍ ഇറക്കിയില്ല. അതിനു പകരം ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഉന്നതാധികാരസമിതി തീരുമാനിക്കുന്നതിനും 16 മാസങ്ങള്‍ക്ക് മുമ്പ് ഈ കരാറില്‍ ഒപ്പിടാന്‍പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്താണ്? അത് കേവലം മാധ്യമങ്ങളിലെ ഒരു തലക്കെട്ട് സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നോ എന്ന വിഷയം പരിഗണിക്കപ്പെടണം. ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ് എന്ന് കരുതേണ്ടിവരും. രാജ്യരക്ഷക്ക് നിര്‍ണായകമായ റാഫേല്‍ കരാര്‍ റദ്ദാക്കണമെന്നല്ല പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.