Connect with us

Kerala

മഅ്ദിന്‍ വൈസനിയം സമാപന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം സമാപനത്തോടനുബന്ധിച്ച് മഅ്ദിൻ എജ്യു പാർക്ക് കാമ്പസിൽ നടന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാർ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, മന്ത്രി കെ.ടി ജലീൽ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്റാഹീമുൽ ഖലീൽ അൽ ബുഖാരി, ലുലു ഗ്രൂപ്പ് തലവൻ എം.എ യൂസുഫ് അലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് തലവൻ അദീബ് അഹ്്മദ് എന്നിവരുടെ നേതൃത്വത്തിൽ സായിദ് വർഷം ലോഗോ പുറത്തിറക്കി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: രണ്ടു പതിറ്റാണ്ടിന്റെ സേവന വഴിയില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ച് മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയം സമാപന സമ്മേളത്തിന് തുടക്കമായി. മഅ്ദിന്‍ അക്കാദമിയുടെ വിവിധ കാമ്പസുകളില്‍ നാലു ദിവസം 27 സെഷനുകളിലായി നടക്കുന്ന പരിപാടികള്‍ക്കാണ് ആരംഭമായത്. മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന 400 യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

രാവിലെ പത്തിന് എജ്യൂപാര്‍ക്കില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക എന്നത് പഠനത്തിന്റെ പൂര്‍ത്തീകരണമല്ല, വിശാലമായ പഠനത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഡോ അബ്ദുല്‍ ഫത്താഹ് അല്‍ ഗനി ഈജിപ്ത് മുഖ്യാതിഥിയായി.

ചടങ്ങില്‍ 165 അദനികളും 185 ഹാഫിളുകളും സനദ് ഏറ്റുവാങ്ങി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഡോ. അബ്ദുള്ള ഫദ്അഖ് മക്ക, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, വി പി എം ഫൈസി വല്ല്യാപള്ളി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വയനാട് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, ടി പി അബൂബക്കര്‍ മുസ്ലിയാര്‍ വെന്മനാട് സംബന്ധിച്ചു.

ഉച്ചക്ക് രണ്ടിന് നടന്ന ഹാര്‍മണി മീറ്റ് മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി. മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ നടന്ന പരിപാടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യക്കു പറയാനുള്ളത് മതമൈത്രിയുടെയും മതസൗഹാര്‍ദ്ധത്തിന്റെയും ജീവിത മാതൃകകളുടെ ചരിത്രങ്ങളാണെന്നും വര്‍ഗീയതയുടെ കാലുഷ്യമല്ല രാജ്യത്തു വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ് തങ്ങള്‍ തലപ്പാറ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ്, ഫാദര്‍ ജോസഫ്, ടി.കെ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം നടന്ന സായിദ് വര്‍ഷം അന്താരാഷ്ട്ര സെമിനാര്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി ജലീല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പത്മശ്രീ എം.എ യൂസുഫ് അലി ശൈഖ് സായിദ് അനുസ്്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തലവന്‍ അദീബ് അഹ്്മദ്, അബ്ദുല്‍ ഖാദിര്‍ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്ങ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈകുന്നേരം അഞ്ചിന് നടന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഡോ. അബ്ദുല്ല ഫദ്അഖ്, അസ്സയ്യിദ് ഉമറുല്‍ ജിഫ്രി മദീന, അസ്സയ്യിദ് അലി സൈദ്, അസ്സയ്യിദ് അഹ്മദ് ഹാശിം അല്‍ ഹബ്ശി, അസ്സയ്യിദ് ഹാമിദ് ഉമറുല്‍ ജീലാനി, അല്‍ ഹബീബ് മുഹ്യദ്ധീന്‍ ജമലുല്ലൈലി, അസ്സയ്യിദ് ബാഹസന്‍ ജമലുല്ലൈലി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ഇസ്ലാമിക് ഫിനാന്‍സ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അമ്മാര്‍ അഹ്മദ് മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് നടക്കുന്ന ഇന്ത്യ: ഭാവിയുടെ വിചാരങ്ങള്‍ ചര്‍ച്ചാ സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട് ജു മുഖ്യാതിഥിയാകും. വൈകുന്നേരം ഏഴിന് വണ്‍ഡേ ഇന്‍ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് നട
ക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന ഖുര്‍ആന്‍ വിസ്മയം ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും.