കൊല്‍ക്കത്ത മെട്രോ ട്രെയിനില്‍ അഗ്നിബാധ; നിരവധി പേര്‍ക്കു പൊള്ളലേറ്റു

Posted on: December 27, 2018 8:13 pm | Last updated: December 27, 2018 at 8:13 pm

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ ട്രെയിനിന്റെ എ സി കോച്ചില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്കു പൊള്ളലേറ്റു. രബീന്ദ്ര സദന്‍, മൈഡാന്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഓടുന്ന ട്രെയിനിലാണ് ഇന്ന് വൈകീട്ട് അഞ്ചോടെ തീപ്പിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ മൈഡാനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. പശ്ചിമ ബംഗാള്‍ അഗ്നിശമന സേനയും കൊല്‍ക്കത്ത ദുരന്ത നിവാരണ ഗ്രൂപ്പും ചേര്‍ന്ന് തീയണച്ചതായും വൈകീട്ട് ആറോടെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചതായും മെട്രോ അധികൃതര്‍ പറഞ്ഞു.

പൊള്ളലേറ്റ 16 പേരെ എസ് എസ് കെ എം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അപരാജിത റായ് വ്യക്തമാക്കി.