ഐ എന്‍ എല്ലിന്റെ എല്‍ഡിഎഫ് പ്രവേശനം; വിരാമമായത് കാല്‍ നൂറ്റാണ്ട് കാത്തിരിപ്പ്

Posted on: December 27, 2018 2:34 pm | Last updated: December 27, 2018 at 2:34 pm

കോഴിക്കോട്: കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അറുതിയാക്കിക്കൊണ്ടുള്ള മുന്നണി പ്രവേശത്തിന്റെ ആശ്വാസത്തിലാണ് ഐ എന്‍ എല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശം വേണമെന്ന് സംഘടന പരസ്യമായി ആവശ്യപ്പെട്ടിരുന്നതാണ്.
പാര്‍ട്ടി രൂപവത്കരിച്ചത് മുതല്‍ തന്നെ ഇടത് മുന്നണിയുമായി സഹകരിച്ചാണ് ഐ എന്‍ എല്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പര ധാരണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എം എല്‍ എ സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ പോലും ഇടത് മുന്നണിലെടുത്ത് ഐ എന്‍ എല്ലിനെ കനിഞ്ഞില്ല. വി എസ് അച്ചുതാനന്ദന്റെയും സി പി ഐ യുടെയുമൊക്കെ എതിര്‍പ്പായിരുന്നു പറഞ്ഞ്‌കേട്ട കാരണങ്ങള്‍.

ഒടുവില്‍ സി പി ഐ അടക്കമുള്ള കക്ഷികള്‍ വരെ പച്ചക്കൊടി കാട്ടിയിട്ടും നാളുകളേറെയായി കാത്തിരിപ്പ് തുടരുകയായിരുന്നു. അതിനിടയില്‍ മുന്നണിയില്‍ നിന്ന് മറുകണ്ടം ചാടി വീണ്ടും തിരിച്ചു വന്ന വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു വരെ നല്‍കി. കെ എം മാണിയെ മുന്നണിയിലെടുക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നു. മാണിയെ ഒപ്പംകൂട്ടി എല്‍ ഡി എഫ് വിപുലീകരിക്കുമെന്നും അപ്പോള്‍ മുന്നണി പ്രവേശമുണ്ടാകുമെന്നും ഐ എന്‍ എല്‍ പ്രതീക്ഷിച്ചു. പക്ഷേ മാണി മറുകണ്ടം ചാടിയതോടെ ആ അധ്യായവും അടയുകയായിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1994ലാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ട് ഐ എന്‍ എല്‍ രൂപവത്കരിച്ചത്. പി എം അബൂബക്കര്‍, യു എ ബീരാന്‍, ചെറിയ മമ്മുക്കേയി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍ ഈ നേതാക്കളുടെ കാലശേഷവും പാര്‍ട്ടി പിടിച്ചു നിന്നു. എന്നാല്‍ പിന്നെയും പിളര്‍പ്പുകളും കൊഴിഞ്ഞു പോക്കും തുടര്‍ന്നു. എം എല്‍ എയായിരുന്ന പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ലീഗിലേക്ക് പോയി. അടുത്ത കാലത്ത് ഐ എന്‍ എല്‍ ഡെമോക്രാറ്റിക് എന്ന പേരില്‍ ചിലര്‍ വിഘടിച്ച് പ്രവര്‍ത്തിക്കുകയുമാണ്. മുന്നണി പ്രവേശമായിരുന്നു ആത്യന്തികമായി ഇതിന്റെയെല്ലാം പിന്നിലെ പ്രേരണ.

തങ്ങളെയാണ് മുന്നണിയിലെടുക്കേണ്ടതെന്ന് ഐ എന്‍ എല്‍ ഡെമോക്രാറ്റിക് പ്രസ്താവനയുമിറക്കിയിരുന്നു. ചെറു പാര്‍ട്ടികള്‍ ഒന്നായി വന്നാലേ മുന്നണിയിലെടുക്കൂവെന്ന നിര്‍ദ്ദേശമായിരുന്നു ഇടത് മുന്നണിയുടെത്. ഇതിന്റെ ഭാഗമായി ചില നീക്കങ്ങള്‍ നടന്നെങ്കിലും വിജയം കണ്ടില്ല. പേരും ഭരണഘടനയും ലക്ഷ്യങ്ങളുമൊക്കെ മാറിയെങ്കിലും മുസ്‌ലിം ലീഗില്‍ നിന്ന് മാറി വന്നവര്‍ ഉണ്ടാക്കിയ പാര്‍ട്ടി വര്‍ഗീയമാണെന്ന് വരെയുള്ള അഭിപ്രായം ഇടത് മുന്നണിയിലുമുണ്ടായിരുന്നു.

ഇതൊക്കെ തന്നെയാണ് മുന്നണി പ്രവേശം സാധ്യമാകുന്നതിലുണ്ടായ കാലതാമസത്തിനും കാരണമായി ഭവിച്ചത്. ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുക മുസ്‌ലിം ലീഗിന് തന്നെയാണ്. മുന്നണി പ്രവേശം വഴി ഐ എന്‍ എല്ലിനുണ്ടാക്കുന്ന മുന്നേറ്റം മുസ്‌ലിം ലീഗിന് മങ്ങലേല്‍പ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.