Connect with us

Palakkad

ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു; കൊമ്പിനിടയില്‍പ്പെട്ട പാപ്പാന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Published

|

Last Updated

കാവശ്ശേരി: കൊങ്ങാളക്കോട് തെക്കേത്തറ ചീര്‍മ്പഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു. തുമ്പിക്കൈകൊണ്ടു തട്ടി വീഴ്ത്തിയ പാപ്പാനെ ആന കുത്താന്‍ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്നവര്‍ കൊമ്പുകള്‍ക്കിടയില്‍ നിന്ന് സാഹസികമായ വലിച്ചെടുത്തു രക്ഷപ്പെടുത്തുകയായിരുന്നു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ പാപ്പാന്‍ തേങ്കുറിശ്ശി പെരുംകുന്നം കൂഞ്ഞിറ വീട്ടില്‍ മണികണ്ഠനെ(സ്വാമി 39) തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കാവശ്ശേരി കൊങ്ങാളക്കോട് തെക്കേത്തറ ചീര്‍മ്പഭഗവതിക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിനു കൊണ്ടു വന്നതായിരുന്നു മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ. കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ കുളക്കരയില്‍ ഹോസിട്ട് കുളിപ്പിക്കുമ്പോഴാണ് പാപ്പാനെ തട്ടി വീഴ്ത്തി കുത്താന്‍ ശ്രമിച്ച ശേഷം ഓടിയത്. ആദ്യം തളച്ചിരുന്ന സ്ഥലത്ത് എത്തി ആന നിന്നു. രണ്ട് മണിക്കൂര്‍ നേരം മരത്തില്‍ കുലുക്കിയും ചിന്നം വിളിച്ചും നിന്ന ആന പരിഭ്രാന്തി പടര്‍ത്തി.

പാലക്കാട് നിന്ന് എത്തിയ എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാന്മാരും ചേര്‍ന്ന് ആറരയോടെ ആനയെ തളച്ചു. വിവരമറിഞ്ഞ് നിരവധിപേര്‍ തടിച്ചുകൂടി. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി ജനത്തെ നിയന്ത്രിച്ചു.

Latest