ഹെലിക്കോപ്ടര്‍ ഹാംഗറിന്റെ വാതില്‍ തകര്‍ന്ന് വീണ് രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം

Posted on: December 27, 2018 1:02 pm | Last updated: December 27, 2018 at 4:47 pm

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാംഗര്‍ തകര്‍ന്ന് വീണ് രണ്ട് നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ളവര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

ഹെലിക്കോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍ ദേഹത്തേക്ക് വീണ് നാവികര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചവരുടെ പേര് വിവരങ്ങളോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യം പുറത്ത് പറയാമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.