കാര്‍ഷിക കടം എഴുതിത്തള്ളല്‍

Posted on: December 27, 2018 12:32 pm | Last updated: December 27, 2018 at 12:32 pm

ധീരമായ നടപടിയായാണ് കാര്‍ഷിക കടങ്ങള്‍ വന്‍തോതില്‍ എഴുതിത്തള്ളുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയെ പൊതുവെ വിലയിരുത്തപ്പെടുന്നത്. അടുത്തിടെ അധികാരത്തിലേറിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാറുകളുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനത്തിന് കാര്‍ഷിക മേഖലകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിലെയും പ്രചാരണ വേദികളിലെയും സ്ഥിരംവാഗ്ദാനങ്ങളാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍. എന്നാല്‍, ഇതൊരു നല്ല പ്രവണതയല്ലെന്നാണ് സാമ്പത്തിക, ആസൂത്രണ വിദഗ്ധരുടെ പക്ഷം.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്ന് ഒരു ദേശീയ മാധ്യമവുമായി സംസാരിക്കവെ പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തികമായി നടപ്പാക്കാന്‍ പ്രയാസകരമായ നയങ്ങളെ തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമായി നേതാക്കള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാര്‍ഷിക പ്രതിസന്ധി എന്നത് മറ്റൊരു സാമ്പത്തിക പ്രതിസന്ധിയാണ്. കടങ്ങള്‍ ഒഴിവാക്കിക്കൊടുക്കുന്നതിന് പകരം കാര്‍ഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. കടങ്ങള്‍ എഴുതിത്തള്ളുന്നത് മൂലം സര്‍ക്കാറിനുണ്ടാകുന്ന അധികബാധ്യത ധനക്കമ്മി ഉയരുന്നതിന് കാരണമാകുമെന്നാണ് രാജസ്ഥാന്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ വി വി സിംഗ് ചൂണ്ടിക്കാട്ടുന്നത്. എസ് ബി ഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷും കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു.

സാമ്പത്തിക വിദഗ്ധനും മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറുമായ ഉര്‍ജിത് പട്ടേല്‍ പറയുന്നത് കടം എഴുതിത്തള്ളുന്നത് കര്‍ഷക വഞ്ചനയാണെന്നാണ.് കടമെടുത്താല്‍ തിരിച്ചടക്കാത്ത മോശം സംസ്‌കാരമാണ് ഇത് വഴി ജനങ്ങളെ പഠിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെയും ഇത് ദോശകരമായി ബാധിക്കും. ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക വായ്പയെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ വാങ്ങിക്കുന്നവരില്‍ ഭൂരിഭാഗവും കാര്‍ഷിക വൃത്തിക്ക് പുറത്തുള്ളവരാണ്. യഥാര്‍ഥ കര്‍ഷകര്‍ ഏറെയും വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ കടം എഴുതിത്തള്ളുന്നതിന്റെ ഫലസിദ്ധി യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കല്ല ലഭിക്കുന്നതെന്ന് ഇന്ത്യന്‍ ഇക്കണോമിക്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ ഉര്‍ജിത് പട്ടേല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട് ഉര്‍ജിത് പട്ടേല്‍.

പ്രകൃതി ദുരന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്‍നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുമ്പോഴും മറ്റു അടിയന്തര സാഹചര്യത്തിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളേണ്ടിവരും. എന്നാല്‍, അത് തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമായി പ്രയോഗിക്കുന്നത് ശരിയായ നടപടിയല്ല. ഇതിനിടെ കടം എഴുതിത്തള്ളിയ പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണ്. 35,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ മധ്യപ്രദേശ് കടത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കേണ്ട പണമാണ് ജനങ്ങളുടെ കൈയടി നേടാനായി എഴുതിത്തള്ളുന്നത്. കാര്‍ഷിക കടത്തിന്റെ പലിശ നിരക്ക് കുറവായതിനാല്‍ വ്യാവസായിക, വാണിജ്യ ആവശ്യത്തിനും മറ്റുമായാണ് വ്യാജ രേഖകള്‍ സമര്‍പ്പിച്ചും സ്വാധീനം മുഖേനയും പലരും ഈ കടം വാങ്ങിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തി അര്‍ഹര്‍ക്ക് തന്നെയാണ് ഇതിന്റെ ഗുണം ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

സര്‍ക്കാര്‍ മാറുമ്പോള്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് ഒരു പതിവ് നടപടിയായി മാറിക്കഴിഞ്ഞാല്‍, കൃഷി ലാഭകരമാക്കി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കടം വീട്ടാനുള്ള താത്പര്യവും പ്രയത്‌നവും കര്‍ഷകരില്‍ ഇല്ലാതാകൂം. ഇത് ഉത്പാദനത്തില്‍ ഇടിവും കാര്‍ഷിക മേഖലയില്‍ മുരടിപ്പും സൃഷ്ടിക്കും. കാര്‍ഷിക മേഖലയെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് ഏറ്റവും നല്ല മാര്‍ഗം. കാര്‍ഷിക സാങ്കേതികവിദ്യ വികസിപ്പിക്കുക, ജലസേചന പദ്ധതികളുടെ വ്യാപനം, സംഭരണ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളിലൂടെ കൃഷി ആദായകരമാക്കാനും കര്‍ഷകന് ന്യായമായ വില ഉറപ്പ് വരുത്താനും സാധിക്കും. സംഭരണ സംവിധാനമില്ലാത്തതിനാല്‍ വിളവെടുപ്പ് കാലത്ത് കിട്ടുന്ന വിലക്ക് വിളവകള്‍ വിറ്റൊഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ വന്‍കിട കുത്തക കമ്പനികള്‍ കര്‍ഷകരുടെ ഈ ദുര്‍ഗതി ചൂഷണം ചെയ്ത് ചുരുങ്ങിയ വിലക്ക് വിളകള്‍ വാങ്ങി സംഭരിച്ചു വെക്കുകയാണ്. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ വിനിയോഗിക്കുന്ന പണം സര്‍ക്കാര്‍ സംഭരണ ശേഷി വര്‍ധിപ്പിക്കാനുപയോഗിക്കുകയാണെങ്കില്‍ വിലയില്ലാത്ത ഘട്ടത്തില്‍ വിളകള്‍ സൂക്ഷിച്ച് വെച്ചു വില മെച്ചപ്പെടുന്ന ഘട്ടത്തില്‍ വില്‍ക്കാന്‍ കര്‍ഷകന് സഹായകമായിത്തീരും. കര്‍ഷകന് മാത്രമല്ല, രാജ്യത്തിനും ഇത് ഗുണകരമാണ്. പദ്ധതി പ്രവൃത്തികള്‍ക്കുള്ള വിഹിതത്തില്‍ നിന്നാണ് കടങ്ങള്‍ എഴുതിത്തള്ളാന്‍ തുക കണ്ടെത്തുന്നത്. പദ്ധതി വിഹിതങ്ങള്‍ വിനിയോഗിക്കേണ്ടത് പ്രത്യൂത്പാദനപരമായ മേഖലകളിലാണ്. കാര്‍ഷികകടം വീട്ടാനായി സര്‍ക്കാറുകള്‍ ചെലവാക്കുന്ന തുക ഒരു തരത്തിലുള്ള ഉത്പാദനവും നടത്തുന്നില്ല.