Connect with us

Ongoing News

പന്ത് ചുരണ്ടലിലേക്കു നയിച്ചത് തലപ്പത്തുള്ളവരില്‍ നിന്നുള്ള സമ്മര്‍ദം; വിവാദ വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

Published

|

Last Updated

 

മെല്‍ബണ്‍: പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കൂടുതല്‍ വിവാദങ്ങള്‍ക്കു വഴി തുറക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ തലപ്പത്തുള്ളവരില്‍ നിന്നുള്ള സമ്മര്‍ദമാണ് തെറ്റായ കാര്യങ്ങളിലേക്കു നയിച്ചതെന്ന് സ്മിത്ത് പറഞ്ഞു.

എന്തു വില കൊടുത്തും ജയിക്കുകയെന്ന സംസ്‌കാരം ടീമില്‍ വളര്‍ത്തിയെടുത്ത ക്രിക്കറ്റ് ആസ്‌ത്രേലിയ എക്‌സിക്യൂട്ടീവുകളായ ജെയിംസ് സതര്‍ലാന്‍ഡും പാറ്റ് ഹൊവാര്‍ഡുമാണ് പന്ത് ചുരണ്ടലിലേക്ക് കൊണ്ടെത്തിച്ചത്. ആദം ഗില്‍ക്രിസ്റ്റ് ഫോക്‌സ് സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍.
പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് സ്മിത്ത്.

2016 നവംബറില്‍ ഹൊബാര്‍ട്ട് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോടു പരാജയപ്പെട്ടതിനെ തുടര്‍ന്ന് തര്‍ലാന്‍ഡും ഹൊവാര്‍ഡും ഇടക്കിടെ ഡ്രസിംഗ് റൂമില്‍ വരികയും കളിക്കാന്‍ വേണ്ടിയല്ല നിങ്ങള്‍ക്കു പണം തരുന്നത്, ജയിക്കാനാണ് എന്ന് പറയാറുണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. ആ വാക്കുകള്‍ ഞങ്ങളെ നിരാശരാക്കി. അതാണ് പിന്നീട് പന്ത് ചുരണ്ടല്‍ വരെ കൊണ്ടെത്തിച്ചത്.

യഥാര്‍ഥത്തില്‍ തോല്‍ക്കാനായിരുന്നില്ല, നന്നായി കളിച്ചു ജയിക്കാന്‍ തന്നെയായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷെ തെറ്റായ വിലയിരുത്തലാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റിന്റെ തലപ്പത്തുള്ളവര്‍ നടത്തിയത്. ജയിക്കുമ്പോള്‍ എല്ലാവരും പ്രശംസിക്കുകയും തോല്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തുകയും ചെയ്യും. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നതിനാല്‍ ആരെയും വിമര്‍ശിക്കുന്നില്ല.

പന്ത് ചുരണ്ടല്‍ സംഭവം ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. പന്ത് ചുരുണ്ടുന്ന കാര്യം എന്റെ അറിവിലുള്ള കാര്യമായിരുന്നിട്ടും തടയാന്‍ എനിക്കു കഴിഞ്ഞില്ല. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് എന്നെ വല്ലാതെ തളര്‍ത്തി. ഏത് തീരുമാനവും എടുക്കുന്നതിനു മുമ്പു പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്ന പാഠം പഠിക്കാന്‍ അതു സഹായിച്ചു. സ്മിത്ത് കൂട്ടിച്ചേര്‍ത്തു.