ഇന്നത്തെ ഗൂഗിള്‍ ഡൂഡ്ല്‍ ബാബ ആംതെയുടെ ജന്മദിനം

Posted on: December 26, 2018 11:03 am | Last updated: December 26, 2018 at 11:04 am
ഗൂഗിള്‍ ഹോം പേജിലെ ഇന്നത്തെ ഡൂഡ്ല്‍

ബാബ ആംതെയുടെ നൂറ്റി നാലാമത് ജന്മദിനത്തില്‍ ആധുനിക ഗാന്ധിക്ക് ഗൂഗിളിന്റെ ആദരം. ഇന്ത്യയില്‍ ഇന്നത്തെ ഗൂഗിളിന്റെ ഡൂഡില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായിരുന്ന ബാബ ആംതെയുടെ ജന്മദിനമാണ്. ഗൂഗിളിന്റെ ഹോം പേജില്‍ അഞ്ച് ചിത്രങ്ങളോട് കൂടിയ സ്ലൈഡറായാണ് ഡൂഡ്ല്‍ നല്‍കിയിരിക്കുന്നത്. Babe Amte’s 104th Birth Day എന്നാണ് അടിക്കുറിപ്പ്്. ബാബ ആംതെയുടെ സേവന പ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ കുഷ്ടരോഗികളെ ശുശ്രൂഷിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്.

കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ അന്താരാഷ്ട്ര പുരസ്‌കാരം, ഡാമിയന്‍-ഡ്യുട്ടണ്‍ അവാര്‍ഡ് 1983 ല്‍ ലഭിച്ച സാമൂഹിക പ്രവര്‍ത്തകനാണ് ബാബ ആംതെ. സാമൂഹിക സേവന രംഗത്തെ മികവിനുള്ള മാഗ്‌സസെ അവാര്‍ഡ് 1985 ലും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പുരസ്‌കാരം 1988ലും അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ 1914 ഡിസംബര്‍ 26 ന് ആണ് ആംതെ ജനിച്ചത്. സമ്പന്നമായ ജാഗിര്‍ദാരി കുടുംബത്തില്‍ ജനിച്ച ആംതെ നിയമത്തില്‍ ബിരുദം നേടി പ്രാക്ടീസ് തുടങ്ങി. എന്നാല്‍, ചുറ്റുപാടുമുള്ള മനുഷ്യരുടെ നിരാലംബത അദ്ദേഹത്തെ പിടിച്ചുലച്ചു. മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2008 ഫെബ്രുവരി ഒമ്പതിന്‍ തൊണ്ണൂറ്റി നാലാം വയസ്സില്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ആനന്ദവന്‍ ആശ്രമത്തില്‍ വച്ചായിരുന്നു ബാബ ആംതെയുടെ അന്ത്യം.

ഒരൊറ്റ ഇന്ത്യ എന്ന ആശയവുമായി അദ്ദേഹം രണ്ട് പ്രാവശ്യം ‘ഭാതത് ജോദോ’ യാത്ര നടത്തി. ആദ്യത്തേത്, 1985 ല്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്കും രണ്ടാമത്തേത് 1988 ല്‍ ഗുജറാത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുമായിരുന്നു. പിന്നീട് നര്‍മ്മദ സരോവര്‍ അണക്കെട്ട് ഒരു വിഭാഗം ജനങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റുമെന്ന് കണ്ട ആംതെ നര്‍മ്മദാ ബചാവന്‍ ആന്ദോളന്റെ സജീവ പ്രവര്‍ത്തകനാവുകയായിരുന്നു. 1990 മുതലാണ് നര്‍മ്മദ പ്രശ്‌നത്തില്‍ സജീവ സാന്നിധ്യം അറിയിച്ചത്. കടന്നു പോയ വഴികളിലെല്ലാം പുരസ്‌കാരങ്ങളും ബഹുമതികളും ആംതെയെ തേടിയെത്തി. 1971 ല്‍ പദ്മ ശ്രീയും 1986 ല്‍ പദ്മ വിഭൂഷണും 1999ല്‍ ഗാന്ധി സമാധാന സമ്മാനവും ലഭിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകള്‍ അദ്ദേഹത്തെ ഡി ലിറ്റ് ബിരുദം നല്‍കിയും ആദരിച്ചിട്ടുണ്ട്.