ഇന്ന് രാജ്യവ്യാപകമായി ബേങ്ക് പണിമുടക്ക്

Posted on: December 26, 2018 9:20 am | Last updated: December 26, 2018 at 5:43 pm

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബേങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച ഇന്ന് രാജ്യ വ്യാപകമായി ബേങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു.
യു എഫ് ബി യു (യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിജയ ബേങ്കും ദേന ബേങ്കും ബേങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബേങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബേങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്.

എന്നാല്‍ ലാഭ വിഹിതം മുഴുവന്‍ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യു എഫ് ബി യു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോണ്‍ പറഞ്ഞു.
2014- 18 കാലയളവില്‍ മൂന്നര ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. 12 കമ്പനികള്‍ മാത്രം 2,53,000 കോടിയാണ് കിട്ടാക്കടം വരുത്തിയത്. ജനകീയ പൊതുമേഖലാ ബേങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയന നീക്കം യഥാര്‍ഥ പ്രശ്‌നമായ കിട്ടാക്കടത്തില്‍ നിന്നും വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗ്രാമീണ്‍ ബേങ്ക് ജീവനക്കാരുടെ പണിമുടക്കിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ എല്ലാ ബേങ്കുകളിലെയും ജീവനക്കാര്‍ ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പണിമുടക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ബേങ്ക് പണിമുടക്കായിരുന്നു. നാലാം ശനിയാഴ്ചയായതിനാല്‍ തോട്ടടുത്ത ദിവസവും ബേങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഞായറാഴ്ചയിലെ അവധിയും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ബേങ്ക് പ്രവര്‍ത്തിച്ചത്. ഇന്നലെ ക്രിസ്മസ് അവധിയായിരുന്നു. തുടര്‍ച്ചയായ അവധികളോടൊപ്പമാണ് ഇന്നും പണിമുടക്ക് നടക്കുന്നത്.