ബി ജെ പി കടുത്ത സമ്മര്‍ദത്തിലെന്ന് പൈലറ്റും കുശ്വാഹയും; ബിഹാറിലെ സീറ്റ് ധാരണ വ്യക്തമായ തെളിവ്

Posted on: December 25, 2018 9:13 pm | Last updated: December 26, 2018 at 9:24 am

ജയ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി ജെ പി കടുത്ത സമ്മര്‍ദത്തിലാണെന്ന് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍ എസ് പി) തലവന്‍ ഉപേന്ദ്ര കുശ്വാഹയും.
ബിഹാറില്‍ സീറ്റുകള്‍ തുല്യമായി പങ്കിട്ടു മത്സരിക്കാന്‍ സഖ്യ കക്ഷിയായ ജനതാദള്‍ (യു)വുമായി ധാരണയിലെത്തിയത് ബി ജെ പി ചക്രശ്വാസം വലിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്ന് അവര്‍ പറഞ്ഞു.

അധികാര ഭാവമാണ് ബി ജെ പി സഖ്യ കക്ഷികളോടു കാണിക്കുന്നതെന്ന് പൈലറ്റ് ആരോപിച്ചു. ‘ബി ജെ പി കടുത്ത സമ്മര്‍ദത്തിലാണെന്ന് ബീഹാറിലെ സീറ്റ് ധാരണ സ്ഥിരീകരിക്കുന്നു. ടി ഡി പിയും ഉപേന്ദ്ര കുശ്വാഹയും എന്‍ ഡി എ വിട്ടു. ശിവസേനയും ഇപ്പോള്‍ കൂടെയില്ല. ഇതോടെയാണ് രണ്ട് എം പിമാര്‍ മാത്രമുള്ള ജെ ഡി (യു) വിന് 17 സീറ്റുകള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്. അരക്ഷിതാവസ്ഥക്ക് ഇതില്‍പരമൊരു തെളിവ് എന്താണു വേണ്ടത്’- പൈലറ്റ് ചോദിച്ചു. സീറ്റ് വിഭജന കാര്യത്തില്‍ ബി ജെ പി ധാര്‍ഷ്ട്യ മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് കുശ്വാഹ കുറ്റപ്പെടുത്തി.

‘തങ്ങള്‍ക്ക് 22 എം പിമാരുള്ള ബിഹാറില്‍ 17 സീറ്റുകളില്‍ മാത്രം മത്സരിക്കാനാണ് ബി ജെ പി തീരുമാനം. അതേസമയം, രണ്ട് എം പിമാര്‍ മാത്രമുള്ള നിതീഷ് ജിയുടെ പാര്‍ട്ടിയും 17 സീറ്റുകളില്‍ മത്സരിക്കും. എന്‍ ഡി എ എത് അവസ്ഥയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.’- ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

ആന്ധ്ര പ്രദേശിനു പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി എന്‍ ഡി എ ബന്ധം അവസാനിപ്പിച്ചത്. പല വിഷയങ്ങളിലും ബി ജെ പിയുമായി കൊമ്പു കോര്‍ക്കുന്ന ശിവസേന വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായിരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജനുവരിയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.