ഓസീസിനെ വെല്ലാന്‍ മാറ്റങ്ങളോടെ ഇന്ത്യ; കളി മാറുമെന്ന് കോലി

Posted on: December 25, 2018 6:03 pm | Last updated: December 25, 2018 at 9:14 pm

മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ സെലക്ടര്‍മാരെ ഇരുത്തി ചിന്തിപ്പിച്ചുവെന്നു വേണം കരുതാന്‍. എന്നാല്‍, മെല്‍ബണില്‍ നാളെ തുടങ്ങുന്ന മൂന്നാം ടെസ്റ്റിനു പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം ഒരു പരീക്ഷണ ടീം കൂടിയാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധന്മാരുടെ വിലയിരുത്തല്‍.

ആദ്യ രണ്ടു ടെസ്റ്റുകളിലും അമ്പേ പരാജയപ്പെട്ട മുരളി വിജയിയെയും കെ എല്‍ രാഹുലിനെയും ഒഴിവാക്കിയുള്ളതാണ് ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ടീം. മായങ്ക് അഗര്‍വാളാണ് ഓപ്പണറായെത്തുന്നത്. മായങ്കിന്റെ അരങ്ങേറ്റ ടെസ്റ്റു കൂടിയാകും മെല്‍ബണിലേത്. സ്ഥാനക്കയറ്റം കിട്ടിയ ഹനുമ വിഹാരിയാകും മായങ്കിനൊപ്പം ഇന്നിംഗ്‌സ് തുറക്കുക.പരുക്കില്‍ നിന്നു മുക്തരായ ഏകദിന സ്‌പെഷ്യലിസ്റ്റ് രോഹിത് ശര്‍മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും തിരിച്ചെത്തുന്നത് കരുത്താകും.

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന 90, 000ത്തോളം ആരാധകര്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വിരാട് കോലിക്കും മികച്ച ഗെയിം തന്നെ പുറത്തെടുക്കേണ്ടി വരും. ടോപ്പ് ഓര്‍ഡര്‍ തകരുന്ന പ്രവണതയില്‍ നിന്നു കര കയറാനായില്ലെങ്കില്‍ മൂന്നാം ടെസ്റ്റും രണ്ടാമത്തതിന്റെ തനിയാവര്‍ത്തനമാകാനാണിട. അഡ്‌ലെയ്ഡിലും പെര്‍ത്തിലുമായി നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിലായി വെറും 95 റണ്‍സാണ് മുരളി വിജയിയുടെയും കെ എല്‍ രാഹുലിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നിന്നു പിറന്നത്. ഇതാണ് മാറ്റി പരീക്ഷണത്തിനു ബി സി സി ഐയെ പ്രേരിപ്പിച്ചത്.

രോഹിത് ശര്‍മക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കിലും രണ്ടാം ടെസ്റ്റ് നഷ്ടമായ രവിചന്ദ്രന്‍ അശ്വിന് ശാരീരിക ക്ഷമത വീണ്ടെടുക്കാനായില്ല. അശ്വിനു പകരമാണ് സ്പിന്നര്‍ രവീന്ദ്ര ജഡേജ എത്തുന്നത്. അതേസമയം പ്ലേയിംഗ് ഇലവനില്‍ ഒരേയൊരു മാറ്റമാണ് ആസ്‌ത്രേലിയ വരുത്തിയിട്ടുള്ളത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനു പകരം മിഷേല്‍ മാര്‍ഷ് കളിക്കും. രണ്ടാം ടെസ്റ്റിലെ പരാജയവും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായുണ്ടായ വാഗ്വാദവുമെല്ലാം കഴിഞ്ഞ കഥയാണെന്നും മെല്‍ബണില്‍ പുതു ചരിതം രചിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നും സ്‌കിപ്പര്‍ വിരാട് കോലി പറഞ്ഞു.

ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

ആസ്‌ത്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍കസ് ഹാരിസ്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മിഷേല്‍ മാര്‍ഷ്, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിഷേല്‍ സ്റ്റാര്‍ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

മത്സരം: സോണി സിക്‌സ് ചാനലില്‍ രാവിലെ 5.00 മുതല്‍