Connect with us

Malappuram

പൊന്നാനി നഗരസഭ 444 ഭവനങ്ങളുടെ താക്കോല്‍ ദാനത്തിനൊരുങ്ങുന്നു

Published

|

Last Updated

പൊന്നാനി: നാനൂറ്റിനാല്പത്തിനാല് പി.എം.എ.വൈ – ലൈഫ് ഭവനങ്ങള്‍ക്ക് താക്കോല്‍ ദാനം നടത്തുവാനായി പൊന്നാനി നഗരസഭ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പൊന്നാനി ബി.എം.ഇ.യു.പി സ്‌കൂളില്‍ വെച്ച് ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

പൊന്നാനി നഗരസഭയില്‍ പി.എം.എ.വൈ – ലൈഫ് പദ്ധതിയില്‍ മൂന്നാം ഗഡു കൈപ്പറ്റിയവരുടെ യോഗമാണ് വിളിച്ച് ചേര്‍ത്തത്. 444 പേരാണ് നഗരസഭയില്‍ നിന്നും മൂന്നാം ഗഡു കൈപ്പറ്റിയിട്ടുള്ളത്. പുതുവര്‍ഷത്തില്‍  ഭവനങ്ങള്‍ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ ദാനം നടത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം 150 വീടുകളുടെ താക്കോല്‍ദാനം നഗരസഭ സംഘടിപ്പിച്ചിരുന്നു. അതിനു പുറമെയാണ് 444 ഭവനങ്ങളുടേയും പണി പൂര്‍ത്തീകരിക്കാന്‍ നഗരസഭ ശ്രമിക്കുന്നത്. നിലവില്‍ അഞ്ച് ഡിപിആറുകളിലുമായി അന്തിമമായി 1158 ഗുണഭോക്താക്കളുണ്ട്. ആറാം ഡി.പി.ആറു കൂടി അംഗീകാരത്തിന് അയക്കാനിരിക്കുകയാണ് നഗരസഭ. അതോടെ  ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും, ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ വിഹിതം നല്‍കാനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യം പണി പൂര്‍ത്തീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നഗരസഭ പാരിതോഷികവും നല്‍കും.