ഷാര്‍ജ വിന്റര്‍ സെയിലിന് തുടക്കം

Posted on: December 24, 2018 7:07 pm | Last updated: December 24, 2018 at 7:07 pm

ഷാര്‍ജ: ഷാര്‍ജ വിന്റര്‍ സെയിലിന് എക്‌സ്‌പോ സെന്ററില്‍ തുടക്കം. 11 നാളുകള്‍ നീണ്ടുനില്‍ക്കുന്ന സെയില്‍ ഈ മാസം 29 വരെ നീണ്ടുനില്‍ക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച അവസരമാണിത്. പുതുവത്സരം സമാഗതമാകുന്നതോടെ വ്യാപാര കേന്ദ്രങ്ങള്‍ ഉന്നതമായ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള അവസരമായും വിന്റര്‍ സെയില്‍ സംരംഭത്തെ കരുതുന്നുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഫാഷന്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, അലങ്കാരങ്ങള്‍ തുടങ്ങിയവ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് സംഘാടകര്‍ പറഞ്ഞു.

ഈ വര്‍ഷം 100ലധികം റീടെയ്ല്‍ സ്ഥാപനങ്ങളാണ് ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വിലക്കിഴിവില്‍ ഒരുക്കിയിട്ടുള്ളത്. ബോസ്ഷ്, ബേബി ഷോപ്പ്, ഗ്രാന്‍ഡ് സ്റ്റോഴ്‌സ്, പാന്‍ എമിറേറ്റ്‌സ്, സ്‌കെച്ചേര്‍സ്, നൈന്‍ വെസ്റ്റ്, ആള്‍ഡോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് മികച്ച വിലക്കിഴിവില്‍ സെയിലിന് എത്തിച്ചിട്ടുള്ളത്.

വിലക്കിഴിവുകള്‍ക്ക് പുറമെ വ്യത്യസ്തമായ വിനോദ പരിപാടികള്‍, സ്വാദിഷ്ടമായ ഭക്ഷ്യ വിഭവങ്ങള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവ വിന്റര്‍ സെയിലിനൊപ്പം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ ആരംഭിക്കുന്ന വിപണന മേള രാത്രി 11 വരെ നീണ്ടുനില്‍ക്കും. അഞ്ച് ദിര്‍ഹമാണ് പ്രവേശന നിരക്ക്.