പ്രവാസികള്‍ക്ക് ഡിവിഡന്റ് പദ്ധതി വരുന്നു

Posted on: December 24, 2018 6:57 pm | Last updated: December 24, 2018 at 6:57 pm

ദുബൈ: പ്രവാസികള്‍ക്ക് ഡിവിഡന്റ് പദ്ധതി നടപ്പാക്കുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ലക്ഷം മുതല്‍ 51 ലക്ഷം വരെ രൂപ പ്രവാസികള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. അഞ്ചു ലക്ഷം നിക്ഷേപം നടത്തുന്നവര്‍ക്ക് 5500 രൂപ പ്രതിമാസം ഡിവിഡന്റ് ലഭിക്കും. ഉയര്‍ന്ന നിക്ഷേപകര്‍ക്ക് അതിനൊത്തുള്ള ഡിവിഡന്റ് ലഭിക്കും.

വിദേശത്ത് വിശേഷിച്ച് ഗള്‍ഫില്‍ ദീര്‍ഘകാലം അധ്വാനിച്ച് കിട്ടുന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ച് നാട്ടില്‍ പോകുമ്പോള്‍ സമ്പാദ്യം ഒന്നുമില്ലാതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാതാകുന്ന ആളായി പ്രവാസി മാറാതിരിക്കാനാണ് ഈ പദ്ധതി. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിങ്ങനെ ‘പി എസ് സി’ സാക്ഷ്യപത്രവുമായാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് തയാറാക്കിയ പദ്ധതിയാണിത്. ഇതൊരു പലിശ പദ്ധതിയല്ല. നിക്ഷേപങ്ങള്‍ കിഫ്ബിയിലേക്കോ ലാഭകരമായ ഏതെങ്കിലും പദ്ധതിയിലേക്കോ ആണ് പോവുക. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും നിക്ഷേപം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ പ്രതിമാസം ഡിവിഡന്റ് ലഭിച്ചുതുടങ്ങും. മരണം വരെ അത് തുടരും. മരിച്ചുകഴിഞ്ഞാല്‍ ഏറ്റവും അടുത്ത ആശ്രിതനോ ആശ്രിതക്കോ ഡിവിഡന്റ് ലഭിച്ചുതുടങ്ങും. ആ വ്യക്തിയും മരിച്ചാല്‍, നിബന്ധനകള്‍ക്ക് വിധേയമായി തൊട്ടടുത്ത ആശ്രിതര്‍ക്ക് ലഭിക്കും. ഈ പദ്ധതിക്ക് സംസ്ഥാന ഭരണകൂടം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും.

ഇത് നേരത്തേയുള്ള ക്ഷേമനിധിക്ക് തുല്യമല്ല. ക്ഷേമനിധിയില്‍ 3.5 ലക്ഷം പേരാണ് അംഗത്വം സ്വീകരിച്ചിട്ടുള്ളത്. ഗള്‍ഫില്‍ മാത്രം 25 ലക്ഷത്തോളം മലയാളികള്‍ ഇരിക്കെ ഇത് ചെറിയ സംഖ്യയാണ്. ഭൂരിപക്ഷം ആളുകളെയും ക്ഷേമനിധിയുടെ പരിധിയില്‍ എത്തിക്കാനാണ് ശ്രമം. ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കാന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ ലഭിക്കും.
പ്രവാസികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ നല്‍കി വരുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കേണ്ട ബാധ്യത അതാതിടങ്ങളിലെ സ്പോണ്‍സര്‍ക്കോ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനോ ആണെങ്കിലും സംസ്ഥാന ഭരണകൂടം ഒരിക്കലും മുഖം തിരിച്ചിട്ടില്ല. പ്രവാസികള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ ആരംഭിക്കുമെന്നും പി ടി പറഞ്ഞു.