Ongoing News
ട്വന്റി20 ടീമില്‍ ധോണി തിരിച്ചെത്തി; രാഹുലും കാര്‍ത്തിക്കും സ്‌ക്വാഡില്‍

ന്യൂഡല്‍ഹി: സൂപ്പര്‍ താരം എംഎസ് ധോണി ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. നേരത്തെ, വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കുമെതിരായ ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരക്ക് പുറമേ, ആസ്‌ത്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന സ്‌ക്വാഡിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹാര്‍ദിക്ക് പാണ്ഡ്യ ഇരു സ്‌ക്വാഡിലേക്കും തിരികെയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഹാര്‍ദിക് അവസാനമായി കളിച്ചത്.
മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇരു സ്‌ക്വാഡിലും താരം ഇടംനേടി. രാഹുലില്‍ ഒരിക്കല്‍ക്കൂടി സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം.
നേരത്തെ, ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായ, രാജ്യത്തെ നിരവധി കിരീടങ്ങള്‍ നേടിയ ധോണിയെ വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കുമെതിരായ ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത് ആരാധകര്‍ ഞെട്ടലോടെയാണ് ശ്രമിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗം അവസാനിക്കുന്നതിന്റെ മുന്നറിയിപ്പായും ഈ പുറത്താകലിനെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ വിലയിരുത്തിയിരുന്നു. വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനമാണെങ്കിലും ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചതോടെയാണ് ധോണിയുടെ പുറത്താകലിന് വഴിവെച്ചത്.
എന്നാല്‍, ധോണിയുടെ കരിയര്‍ അവസാനിക്കുന്നുവെന്നല്ലഇത് സൂചിപ്പിക്കുന്നതെന്നും, മറിച്ച് വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ ഈ നീക്കമെന്നുമായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായം. ടീമില്‍ തിരിച്ചെത്തിയെങ്കിലും ന്യൂസിലാന്‍ഡ് പര്യടനം ധോണിക്ക് നിര്‍ണാകയമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹ്മദ്.
ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പട്ടി റായിഡു, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹ്മദ്, മുഹമ്മദ് ഷാമി.