ഇന്തോനേഷ്യയെ നടുക്കി വീണ്ടും സുനാമി; 168 മരണം, നൂറ് കണക്കിന് പേരെ കാണാനില്ല

Posted on: December 23, 2018 11:19 am | Last updated: December 23, 2018 at 7:52 pm

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലുണ്ടായ ശക്തമായ സുനാമിയില്‍ 168 പേര്‍ മരിച്ചു. എണ്ണൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാകുകയും ചെയ്തു. ശനിയാഴ്ച രാത്രി 9.30 ഓടെ തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേന അറിയിച്ചു.

ക്രാക്കത്തുവ് അഗ്‌നിപര്‍വത ദ്വീപിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് കടലിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌ഫോടനമുണ്ടായി 24 മിനുട്ടുകള്‍ക്ക് ശേഷമാണ് സുനാമി ആഞ്ഞടിച്ചത്.

സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് സുനാമി ആഞ്ഞടിക്കുന്നതിന്റെ വീഡിയോ ലോകത്തെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചതെന്നാണ് വിവരം. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. സെപ്റ്റംബറില്‍ ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.