യുക്തിഫൈഡ് മതത്തിന്റെ മാര്‍ക്കറ്റിംഗിനെപറ്റി

വഴിവിളക്ക്‌
Posted on: December 23, 2018 10:39 am | Last updated: December 23, 2018 at 10:39 am

മതവിശ്വാസത്തിന്റെകൂെട യുക്തിയും ഉപയുക്തതാചിന്തയും (Utilitarianitiy) കൂട്ടിക്കുഴക്കുന്നതിന്റെ തൊലിത്തല അപകടങ്ങളാണ് പറഞ്ഞുവെച്ചത്. എന്നാല്‍, ഈയൊരു മുക്കൂട്ടുനിലപാട് എല്ലിലേക്കും മജ്ജയിലേക്കും കടക്കുമ്പോള്‍ കടുപ്പപ്പെട്ട രോഗാണുക്കള്‍ നുരക്കുന്നതായി കാണാനാകും. ഫലത്തില്‍ ‘പാതി വിശ്വസിച്ചു, പാതി തള്ളിക്കളഞ്ഞു’ എന്ന കൊള്ളരുതാവിതാനത്തിലേക്ക് താഴ്ന്നുപോകും. മതകാര്യങ്ങളില്‍ ചില ഏരിയകളോട് പ്രിയം കൂടുകയും മറ്റുചില ഏരിയകളോട് പുച്ഛം പതയുകയും ചെയ്യും. മതത്തിന്റെ ചില കാര്യങ്ങള്‍ മനുഷ്യയുക്തിയുടെ അടിക്കല്ല് ഇല്ലാഞ്ഞിട്ടുപോലും ശരിവിശ്വാസമായി ഉള്‍ക്കൊള്ളേണ്ടി വരികയും എന്നാല്‍ അപ്പടിത്തന്നെയുള്ള ചില കാര്യങ്ങളെ അന്ധവിശ്വാസമായി തള്ളിക്കളയേണ്ടി വരികയും ചെയ്യും. വിശദീകരിക്കാം.

എന്തിനാണ് നിസ്‌കരിക്കുന്നത്? സൂറതു ത്വാഹയില്‍ ഖുര്‍ആന്‍ പറയുന്നു: എന്നെ ഓര്‍ക്കാന്‍. എന്നാല്‍ ജമാഅത്തുകാരായ ഓരോരുത്തരും തന്നെത്താന്‍ ചോദിച്ചു നോക്കൂ, നിസ്‌കാര പ്രക്രിയ വഴി അല്ലാഹുവിനെ ഓര്‍ക്കല്‍ എത്രമാത്രം വിജയകരമായി നടക്കുന്നുണ്ട്? യാത്ര, ജോലിത്തിരക്ക്, രോഗപീഡ, അടുക്കളപ്പണി, പ്രസംഗം, പുസ്തകമെഴുത്ത് എന്നുതുടങ്ങിയ അതിപ്രധാനമായ കാര്യങ്ങള്‍ ഇടയ്ക്കുവെച്ച് മുറിച്ചാണ് ദിനംപ്രതി അയ്യഞ്ച് പ്രാവശ്യം നമ്മള്‍ നിസ്‌കരിക്കുന്നത്. അല്ലാഹുവിലേക്കുള്ള സാദാവിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌കാരം. എന്നിട്ട് ഫലമോ? ആത്മാര്‍ഥമായി തന്നത്താനോട് ചോദിച്ച് നോക്ക്, ഓരോ നിസ്‌കാരം കഴിയുന്തോറും നാം അല്ലാഹുവിലേക്ക് ഉഡ്ഡയിക്കപ്പെടുന്നുണ്ടോ? (മര്‍ഹൂം ശിവപുരത്തോട് കടപ്പാട്). ഇല്ലെങ്കില്‍, ഫലവത്തായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇടക്കിടെ അലങ്കോലപ്പെടുത്തിയുള്ള ഈ ‘കുത്തിമറി’ വെയ്സ്റ്റല്ലേ? പ്രായോഗിക ബുദ്ധിയാണ് ഉത്തരം പറയേണ്ടത്. അതേസമയം, ആ അയ്യഞ്ച് നേരങ്ങളിലെ അയ്യഞ്ച് മിനുട്ടുകള്‍ ചേര്‍ത്തുവെച്ച് പാതിരാനേരമോ പുലര്‍ച്ചയോ നമ്മള്‍ വളഞ്ഞിരിന്നോ/ഏകാന്തമായോ പ്രകൃതിയെ കുറിച്ചും പ്രപഞ്ചദൃഷ്ടാന്തങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുകയോ ധ്യാനിക്കുകയോ ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മകള്‍ എത്രമാത്രം ഊറിവരും. നമ്മക്കില്ലേ ചില പ്രസംഗങ്ങള്‍ കേട്ടാല്‍ ഈമാന്‍ തരിച്ചുകോരല്‍? പോട്ടെ, ഈ തിരിയാത്ത അറബിയിലുള്ള ആചാരപരമായ ചൊല്ലിത്തീര്‍ക്കലിനും മടങ്ങിനീരലിനും പകരം മാതൃഭാഷയില്‍ ചില പദകോശങ്ങള്‍ ചേര്‍ത്തുവെച്ചുള്ള, മനസ്സിനെ ഇളക്കിവിടന്ന കീര്‍ത്തനങ്ങളല്ലേ കൂടുതല്‍ അഭികാമ്യം/ പ്രായോഗികം?

അപ്പോള്‍ ശരീരം കൊണ്ടുള്ള അനുഷ്ഠാനപരമായ കവാത്തിനേക്കാള്‍ നല്ലത് സംവേദനത്വമുള്ള ഓട്ടോസജഷനുകളോ, ധ്യാനസദസ്സുകളോ ആത്മീയ പ്രഭാഷണങ്ങളോ ആെണന്നല്ലേ ബുദ്ധി ഉത്തരം പറയുക/പറയേണ്ടത്? മാത്രവുമല്ല, വേണമെങ്കില്‍ ആ നിസ്‌കാരത്തിന് ചെലവാക്കുന്ന സമയത്ത് എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ചാല്‍ എന്തുപകാരമായിരിക്കും. മഹല്ലിലെ ഓരോരുത്തരും ഓരോ കല്ലെടുത്തുവെച്ച് വിധവയായ ആമിനക്കുട്ടിക്ക് വീടുണ്ടാക്കുന്നു. മയ്യിത്ത് കാട്‌വെട്ടിത്തെളിച്ചുണ്ടാക്കിയ വെണ്ടക്കത്തോട്ടത്തില്‍ വെള്ളം കോരുന്നു, ആദിവാസി കോളനികളിലേക്ക് റോഡുവെട്ടുന്നു, താലൂക്കാശുപത്രിയില്‍ കഞ്ഞിവിളമ്പുന്നു, പ്രസവവാര്‍ഡില്‍ കൂട്ടിരിക്കുന്നു. ഇതെല്ലാം എന്തുനല്ല പുണ്യകര്‍മങ്ങളാണ്. ഒരുപകാരവുമില്ലാത്ത ഈ തലകുത്തിമറികൊണ്ട് എന്തിനാണ് ജീവിതത്തിന്റെ വിലപ്പെട്ട സമയം കളയുന്നത്?

നോമ്പിനെ കുറിച്ചും പ്രായോഗികമായി ഈ നിലക്ക് ചിന്തിക്കാവുന്നതാണ്. തിരുനബിയുടെ കാലത്ത് ദാരിദ്ര്യത്തെ കര്‍മം കൊണ്ട് ന്യായീകരിക്കാന്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ശരിക്കാലോചിച്ചു പറ! നിലനില്‍പ്പുഭീഷണി നേരിടുന്ന ഇന്നത്തെ കാലത്ത് നാം എന്താണ് ശരിക്കുവേണ്ടത്? കൂടുതല്‍ പോഷകാഹാരം കഴിച്ച് കായികശേഷി വര്‍ധിപ്പിക്കുക, ആ ശേഷിയെ നമ്മുടെ നന്മക്കുപയുക്തമായ മേഖലകളിലേക്ക് ചാനലൈസ് ചെയ്യുക എന്നതാണോ അതോ പൈദാഹങ്ങള്‍ സഹിച്ച് കൂനിക്കൂടിയിരിക്കുകയാണോ? ഏതാണ് ബുദ്ധി? ഏതാണ് യുക്തി? ഭൗതികലോകത്തെ നെഗറ്റീവായി കാണുന്ന സ്വൂഫീവൈറസുകള്‍ ശരിക്കു പറഞ്ഞാല്‍ ഈ നോമ്പില്‍ പറ്റിപ്പിടിച്ചിട്ടില്ലേ? സക്കാത്തിനെ പിന്നെ ഓള്‍റെഡി പ്രായോഗികമാക്കിക്കഴിഞ്ഞു. കണിശമായ ഫിഖ്ഹീ വീക്ഷണപ്രകാരം വകുപ്പ് കാണാഞ്ഞിട്ടും നമ്മളിപ്പറഞ്ഞ് പോരുന്ന ബാഹ്യമായ പ്രായോഗികത എന്ന ഒറ്റയൊന്നില്‍ തൂങ്ങിപ്പിടിച്ചാണ് സംഘടിത സകാത്ത് എന്നത് നടപ്പിലാക്കിയത്.

നിസ്‌കാരവും നോമ്പും പ്രായോഗികമാക്കുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിക്കാണും ഇതൊക്കെ വെറും കാടന്‍ഭാവനകള്‍ പറഞ്ഞ് കുതിര കേറുകയല്ലേ എന്ന്? എന്നാല്‍ സംഘടിതസകാത്ത് നടപ്പാക്കുന്നതിന്റെ മുമ്പുള്ള ഒരു ജമാഅത് കാലാവസ്ഥയില്‍ പറഞ്ഞാല്‍ പലപ്പോഴും ഇതേ തോന്നല്‍ ഉണ്ടാകുമായിരുന്നു. വളരെ മനോഹരമായ ഭാഷയില്‍, നല്ല മട്ടയരി പോലുള്ള കാര്‍ത്തിക ഫോണ്ടില്‍ മേല്‍പറഞ്ഞ പ്രകാരം നിസ്‌കാരവും നോമ്പും പരിഷ്‌കരിച്ച് പ്രായോഗികമാക്കിയാല്‍, അത് ചെയ്യുന്ന പ്രസ്ഥാനത്തിന് പത്രവും ചാനലും ഉണ്ടായാല്‍, പള്ളിയും മദ്‌റസയും ഉണ്ടായാല്‍, അരിവിതരണവും വിവാഹസഹായവും ഉണ്ടായാല്‍, സ്റ്റൈപന്‍ഡും സ്‌കോളര്‍ഷിപ്പും ഉണ്ടായാല്‍, പിന്ന് എന്ത് സംശയിക്കാനാ? അഞ്ച് നേരം നിസ്‌കാരവും നോമ്പുപിടിയും ഒന്നും വേണ്ട, പോത്തിറച്ചി കൂട്ടി നെയ്‌ച്ചോറ് തട്ടി ദിക്‌റ് ചൊല്ലിയിരുന്നാല്‍ മതി എന്ന് പറയുന്ന പൊയ്ത്വരീഖത്തുകളില്‍ ആത്മീയ ദാഹമുള്ളവര്‍ പോലും പോയി പറ്റുകയും കരിഞ്ഞുവീഴുകയും ചെയ്യുന്ന കാലമാണിത്. റബ്ബനാ..…
മതത്തെ ഭാഗികമായി ഉള്‍ക്കൊള്ളുകയും ഭാഗികമായി കൊള്ളുന്നതിന്റെ ഇടയ്ക്കു നിര്‍ത്തി യുക്തിയുടെ ദാക്ഷിണ്യത്തിന് ദയാഹരജി സമര്‍പ്പിക്കുകയും ചെയ്യുന്നത് നമ്മെ വിശ്വാസപരമായ നപുംസകാവസ്ഥയില്‍ കൊണ്ടിടും. അപ്പോള്‍ മയ്യിത്തിന് തസ്ബീത് ചൊല്ലല്‍ കൊള്ളാവുന്നതും തല്‍ഖീന്‍ ചൊല്ലല്‍ കൊള്ളരുതാത്തതും ആയിത്തീരും. മരിച്ച് കുഴിയിലാഴ്ത്തിയ ആളിനോട് ‘അങ്ങനെ പറഞ്ഞോ ഇങ്ങനെ പറഞ്ഞോ’ എന്ന് പറഞ്ഞുകൊടുക്കുന്നത് എന്തു മഠയത്തരമാണെന്നാണ് ചോദ്യം.

മദ്‌റസയില്‍ പഠിക്കുന്ന കാലത്ത് പാന്റുടുത്ത ജമാഅത്തുസ്താദുമാര്‍ തല്‍ഖീനിനെ പരമാവധി പരിഹസിച്ചുകൊണ്ടായിരുന്നു ക്ലാസെടുത്തിരുന്നത്. കൂട്ടത്തില്‍ കൗശലപൂര്‍വം രണ്ട് കാര്യങ്ങള്‍ തിരുകിക്കയറ്റും. ഒന്ന്, ജീവിതത്തില്‍ ഒരു നന്മയും ചെയ്യാത്ത ഒരാളെ മരിച്ച് മണ്ണിലാഴ്ത്തിയ ശേഷം പുറത്തു നിന്ന്, ‘മലക്ക് അങ്ങനെ ചോദിച്ചാല്‍ ഇങ്ങനെ പറഞ്ഞോ, ഇങ്ങനെ ചോദിച്ചാല്‍ അങ്ങനെ പറഞ്ഞോ’ എന്നൊക്കെ പറഞ്ഞുകൊടുക്കുന്നത് എന്തുമാത്രം അന്ധവിശ്വാസമാണ്. രണ്ട്, അയാള്‍ മരിക്കുന്നതിന്റെ മുമ്പ് ഒരിക്കല്‍ പോലും ‘നന്മ ചെയ്യൂ, തിന്മ വെടിയൂ’ എന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല ഈ മൊല്ലാക്ക. എന്നിട്ടാണിപ്പം മരിച്ച് കഴിഞ്ഞ് കുഴിച്ചിട്ടശേഷം ‘അതു പറ ഇതു പറ’ എന്നൊക്കെ പറയുന്നത്.. ഫൂൂൂൂ!!!!. കുഞ്ഞുമനസ്സുകളില്‍ യുക്തിഫൈഡ് മതത്തിന്റെ മാര്‍ക്കറ്റിംഗ് പൊടിപൊടിക്കുന്നത് കണ്ടോ നിങ്ങള്‍.

അല്ലെങ്കിലും ഒരു മാര്‍ക്കിസ്റ്റ് തല കൊണ്ടു ചിന്തിച്ചാല്‍ മലക്ക്, മഹ്ശറ, മീസാന്‍, സ്വിറാത്…ഇതിലേതാണ് അന്ധവിശ്വാസമല്ലാത്തത്? ജമാഅത്തുകാര്‍ ഏത് ടെലിസ്‌കോപ്പുപയോഗിച്ചാണ് മുന്‍കറും നകീറും ഖബ്‌റില്‍ വരുന്നുവെന്ന് യുക്തിസഹമായി ഉറപ്പിച്ചെടുത്തത്? ഏത് സള്‍ഫ്യൂരിക്കാസിഡ് ചേര്‍ത്ത് ചൂടാക്കിയാണ് റൂഹ് പിടിക്കുന്നത് അസ്‌റാഈല്‍ അലൈഹിസ്സലാം തന്നെയാണെന്ന് അരിച്ചു കണ്ടെത്തിയത്?
അതായത്, പറഞ്ഞുപോരുന്ന തീമിന്റെ മര്‍മത്തില്‍ നിന്ന് തെന്നിയകലുകയും കാഴ്ചക്കാരന്റെ നോട്ടത്തെ പുറംപോക്കിലേക്ക് കിഡ്‌നാപ് ചെയ്ത് തട്ടിക്കളയുകയും ചെയ്യുക എന്നുള്ളതാണ് നടന്നുപോരുന്ന ഒരു ക്രൂരകാര്യം. ആയതുകൊണ്ടാണ് നബിദിനം കഴിക്കുന്നതിലെ പോരിശയെ പ്രാമാണികമായി വിശദീകരിക്കുന്നതിനിടെ, നബിദിന റാലിയില്‍ ശീതളപാനീയം കുടിച്ച ഗ്ലാസുകള്‍ വഴിയിലെറിയുന്നില്ലേ, ഉറൂസ് നഗരികളെല്ലാം ഉത്സവപ്പറവമ്പാക്കി മാറ്റുന്നില്ലേ, മഖാം കമ്മിറ്റി പണം മുക്കുന്നില്ലേ, പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടമില്ലേ? ബദര്‍ നേര്‍ച്ചക്ക് മൂന്ന് തരം കറി കാച്ചുന്നില്ലേ- ഇതെല്ലാം തെറ്റല്ലേ?

ഒരുകാര്യം പറയാം, തെറ്റ് തെറ്റ്തന്നെയാണ്. അത് സ്വതന്ത്ര തെറ്റാവാം, മറ്റൊരു തെറ്റിന്റെ ഉപതെറ്റാവാം, ഒരു നന്മയുടെ ചിറകിനടിയില്‍ വിരിയുന്ന കള്ളഹിമാര്‍ തെറ്റാവാം. ഇതെല്ലാം കൂട്ടിക്കുഴച്ച് പുകപടലം സൃഷ്ടിച്ച് ആളുകളില്‍ അങ്കലാപ്പിന്റെ ആന്ധ്യം സൃഷ്ടിക്കരുത്. അഥവാ, ചില തിരിച്ചുചോദ്യങ്ങള്‍ക്കുള്ള തുറസ്സായ സാധ്യതയെ വെട്ടിയുണ്ടാക്കി സ്വയം വെട്ടില്‍ വീഴരുത്. ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് വരുക:
‘സാറേ, അപ്പോള്‍ തെറ്റൊന്നും ചെയ്യാത്ത ആളാണ് മരിച്ചതെങ്കില്‍, മൊല്ലാക്ക ഇടക്കിടെ അയാളെ ഉപദേശിക്കുമായിരുന്നെങ്കില്‍ തല്‍ഖീന്‍ പറ്റുമായിരിക്കും?’

‘മീലാദ് റാലിയില്‍ ഒറ്റക്കപ്പും വഴിയിലെറിയാതെ ഇക്കോഫ്രണ്ട്‌ലിയായി നടത്തിയാല്‍ കേടില്ലായിരിക്കാം, അല്ലേ?’
‘തികഞ്ഞ അച്ചടക്കത്തോടെ, കിടയറ്റ ആത്മീയബോധത്തോടെ നടത്തുകയാണെങ്കില്‍ ആണ്ടുനേര്‍ച്ചയും ഉറൂസും ആകാമല്ലേ?’ ചോദ്യം അറ്റമില്ലാതെ നീളും.

മറ്റുള്ളവരുടെ ഇടയില്‍ കാണുന്ന തിന്മകളെ പര്‍വതീകരിച്ച് വലിയ നന്മകളുടെ ഫ്യൂസൂരാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം കാര്യങ്ങളിലും അതൊക്കെ സംഭവിക്കാമെന്നതിനെ സൗകര്യപൂര്‍വം മറക്കുന്നു. പ്രസ്ഥാനത്തിന്റെ സമ്മേളനം കഴിഞ്ഞുകിടന്ന എത്രപേര്‍ക്ക് സുബ്ഹി ഖളാ ആയി, അമീറിന്റെ അനുജന്റെ കല്യാണം എത്ര അജ്‌നബികളുടെ ഹറാംകാഴ്ചക്ക് കളമായി, സ്ഥാപനത്തിന്റെ ത്രിദിന സമ്മേളനത്തിന്റെ പരിസരത്ത് അരിയും പൊരിയും വില്‍ക്കുന്ന ചന്തപ്പറമ്പായില്ലേ, സക്കാത്ത് പിരിവ് നടത്താനേല്‍പ്പിച്ചവന്‍ കള്ളത്രാണം കാണിച്ച് പിരിച്ചുവിട്ടില്ലേ എന്നിത്യാദികളൊന്നും ചര്‍ച്ചക്ക് വരുന്നില്ല. സുബ്ഹി കിട്ടാതെ ഉറങ്ങുമെന്നതിനാല്‍ ഇനിയീ സമ്മേളന പരിപാടിതന്നെ മേലാല്‍ വേണ്ടെന്ന് തീരുമാനിക്കുന്നില്ല. ഇതെന്ത്പ്പാ…..?????

ഇടയ്ക്ക് പറയട്ടെ, മഖാമിനെയും ഉറൂസിനെയും ആണ്ടിനെയുമൊക്കെ അതിന്റെ ആത്മീയ ചൈതന്യത്തോടെ തന്നെ കൈകാര്യം ചെയ്യണം. സമ്പൂര്‍ണമായ ഇലാഹീ തൃപ്തിയില്‍ പരിപൂര്‍ണ പരിത്യാഗത്തോടെ/ ഭക്തിയോടെ ജീവിച്ച് വിലായത്തിന്റെ പടികള്‍ ചവിട്ടിക്കയറിയ ‘വലി’ യ്യോരെ സ്മരിക്കാന്‍, ആ ജീവിതത്തില്‍ നിന്ന് ആകാവുന്നത് കൊളുത്തിയെടുക്കാന്‍/ അവരുമായി ഹൃദയബന്ധം സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയൊക്കെയാണല്ലോ ഉറൂസ് കഴിക്കുന്നത്. പക്ഷേ, ആരെങ്കിലും എവിടെയെങ്കിലും അത് കള്ളനേട്ടത്തിനോ കള്ളക്കച്ചവടത്തിനോ സ്വകാര്യ മുതലെടുപ്പിനോ ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അത് തെറ്റാണ്, അതാണ് തെറ്റ്! അതിനെതിരെ പേരോടുസ്താദൊക്കെ പൊടിപൂരം പ്രസംഗങ്ങള്‍ നടത്താറുണ്ട്. മറ്റു പ്രഭാഷകരും വര്‍ധിത രോഷത്തോടെ ആണ്ടുപര അഴിഞ്ഞാട്ടത്തിനെതിരെ ആഞ്ഞടിക്കണമെന്ന് ആശ പറയാം, അതാണുവേണ്ടത്. പണം താരമാകുന്നിടത്ത് രൂപപ്പെടുന്ന വേണ്ടാത്തരങ്ങളെ വഴികേടുകളെ അഴിഞ്ഞാട്ടങ്ങളെ വെട്ടിമുറിച്ചങ്ങ് പറയുന്നതില്‍ എന്തോ ഒരു മൃദുലതയുണ്ടോ എന്ന് മറ്റുള്ളവരെ കൊണ്ട് ഊഹിപ്പിക്കാതിരിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.

നന്മകള്‍ക്കുള്ളിലൂടെ നുഴഞ്ഞുകയറുന്ന തിന്മകളുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഏത് നല്ലവരുടെ കൂട്ടത്തിലും വക്രമായി ചിന്തിക്കുന്ന ചിലരുണ്ടാകും. അത്, ആ നന്മയുടെ ഗണം/ കൂട്ടായ്മ തന്നെ കേടാണ് എന്നതിന്റെ തെളിവല്ല. അത് മനുഷ്യനുള്ളിടത്തെല്ലാം ഉണ്ടാവാം. ആദം നബിയുടെ മോന്‍ പോലും വളഞ്ഞുചിന്തിച്ചില്ലേ? സകലരും സര്‍വസ്വവും ത്യജിച്ച് നാടുവിടുമ്പോള്‍, ഇടയിലൊരാളുടെ ഖല്‍ബില്‍ തന്റെ കാമിനിയുടെ കത്തുന്ന മേനിയായിരുന്നല്ലോ പൂത്തുനിന്നിരുന്നത്. എന്നിട്ട് നമ്മളാരെങ്കിലും ഇതുവരേയായി, ചരിത്ര പ്രസിദ്ധമായ ഹിജ്‌റ തെറ്റാണെന്ന് പറഞ്ഞോ? എല്ലാ ഭാഗങ്ങളും ആലോചിക്കുമ്പോള്‍ എന്തെങ്കിലും അങ്ങ് പറയുന്നത് നല്ലതാണോ?
.