മദീനാ കരാര്‍

'നിങ്ങള്‍ എന്തായിരുന്നോ അതുപോലെ തന്നെയായിരിക്കുക' എന്നതായിരുന്നു കരാറിലെ പൊതു ആശയം. ഈ കരാര്‍ ഏകാധിപത്യമോ സമഗ്രാധിപത്യമോ ആയിരുന്നില്ല, പങ്കാളിത്ത രീതിയാണ് വിഭാവന ചെയ്തത്. മതനിരപേക്ഷമെന്നോ മതേതരമെന്നോ പറയാവുന്നതായിരുന്നു അതിലെ പല വ്യവസ്ഥകളും. ബന്ധങ്ങളെയും സഖ്യങ്ങളെയും അതു മാനിച്ചിരുന്നു. മതസ്വാതന്ത്ര്യം, ജീവനും സ്വത്തിനും സുരക്ഷ, പൗരസ്വാതന്ത്ര്യം, വികസനം തുടങ്ങി മദീനയുടെ സ്വാസ്ഥ്യത്തിനും വളര്‍ച്ചക്കും വേണ്ടതെല്ലാം ഈ കരാര്‍ ഉള്‍ക്കൊണ്ടിരുന്നു.
പഠനം
Posted on: December 23, 2018 10:00 am | Last updated: December 23, 2018 at 10:00 am

മുഹമ്മദ് നബി(സ)യുടെ മദീനാ ജീവിതത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നായിരുന്നു ചരിത്രപ്രസിദ്ധമായ മദീനാ കരാര്‍. പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നു നോക്കുമ്പോള്‍ ഈ കരാര്‍ ചരിത്രത്തെ വിസ്മയിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയവും സൈനികവും സാമൂഹികവും മതപരവുമായി പല മാനങ്ങളുള്ളതായിരുന്നു ഈ കരാര്‍. ചരിത്രത്തിലെ ആദ്യത്തെ ഭരണഘടന എന്നും ആദ്യത്തെ സമാധാനക്കരാറെന്നും സൈനിക ഉടമ്പടിയെന്നുമൊക്കെ മദീനാ കരാര്‍ വാഴ്ത്തപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടി ബോധപൂര്‍വം രൂപപ്പെടുത്തിയിട്ടുള്ള ആദ്യത്തെ പ്രമാണം എന്ന നിലക്കാണ് കരാര്‍ ഖ്യാതി നേടിയത്.

പശ്ചാത്തലം
അഖബ ഉടമ്പടികളുടെ, അത്രയൊന്നും ബലമില്ലാത്ത ഉറപ്പിന്മേലായിരുന്നു നബി(സ)യുടെ മദീനാ പലായനം സംഭവിച്ചത് എന്നു ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഇസ്‌ലാമിനോടും നബി(സ)യോടും ഖസ്‌റജ്- ഔസ് ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന പ്രതിബദ്ധതയെ ചരിത്രം ചോദ്യം ചെയ്യുന്നില്ല. മദീനാ സമൂഹത്തില്‍ നബി(സ)യുടെ ഈ ആതിഥേയര്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയെയും ചെറുതായി കാണാനാവില്ല. അതേസമയം, ഖസ്‌റജും ഔസും മാത്രമായിരുന്നില്ല മദീന. അത് ജൂതന്മാരുടെയും ബഹുദൈവാരാധകരായ അറബികളുടെയും കൂടി മദീനയായിരുന്നു. ചെറുതെങ്കിലും മറ്റു ജനവിഭാഗങ്ങളും മദീനയിലുണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ ഇരുപത് ശതമാനത്തോളം മാത്രമായിരുന്നു ഖസ്‌റജിന്റെയും ഔസിന്റെയും ജനസംഖ്യാനുപാതം.

സാമ്പത്തികമായും സാമൂഹികമായും ശക്തരായിരുന്നു മദീനയിലെ ജൂതന്മാര്‍. ജനസംഖ്യയില്‍ നാല്‍പ്പത് ശതമാനത്തോളം അവരായിരുന്നു. ചെങ്കടലിനും മദീനക്കും ഇടയിലെ തന്ത്രപ്രധാനമായ മേഖലയിലായിരുന്നു പ്രമുഖ ജൂതഗോത്രങ്ങള്‍ അധിവസിച്ചിരുന്നത്. ചെറു ഗോത്രങ്ങളെക്കൂടി പരിഗണിച്ചാല്‍ മദീനക്ക് ചുറ്റും ജൂതന്മാരുടെ ഒരു വലയം കാണാമായിരുന്നു. സംഘടിതരോ സമ്പന്നരോ അല്ലെങ്കിലും അത്ര തന്നെ വരുമായിരുന്നു മുശ്‌രിക്കുകളും.
ഇമ്പമാര്‍ന്ന സ്വാഗതഗാനമോതി നബി(സ)യെ മദീനക്കാര്‍ സ്വീകരിച്ചുവെങ്കിലും സുഖശീതളമായ ഒരു സാമൂഹികാവസ്ഥയിലേക്കായിരുന്നില്ല അവിടുന്നു കയറിച്ചെന്നത്. പ്രാഥമിക വിലയിരുത്തലില്‍ തന്നെ ആപല്‍സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മദീനയില്‍ അവിടുന്നു കണ്ടു. തനിക്കുമുമ്പേ മക്കയില്‍നിന്നു പലായനം ചെയ്‌തെത്തിയ അഭയാര്‍ഥികളെ മദീനാ സമൂഹവുമായി കൂട്ടിയിണക്കുകയായിരുന്നു ആദ്യത്തെ പ്രശ്‌നം. അന്‍സ്വാര്‍- മുഹാജിര്‍ സൗഹൃദം ശ്രമകരമല്ലെങ്കിലും അനായാസമായിരുന്നില്ല. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള ഒടുങ്ങാത്ത ചോരപ്പകക്ക് അറുതി കാണേണ്ടതുണ്ടായിരുന്നു. ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴില്‍ അണിനിരന്നിട്ടുപോലും ഖസ്‌റജ്- ഔസ് ഗോത്രങ്ങള്‍ തമ്മിലുള്ള പോരിന്റെ വീര്യം കുറഞ്ഞിരുന്നില്ല.

മദീനയെ സംബന്ധിച്ചിടത്തോളം ജൂതന്മാരുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. ബുആസ് യുദ്ധം ജൂതന്മാരെ വിജയത്തിന്റെ വക്കോളം എത്തിച്ചതാണ്. വേദങ്ങള്‍ പ്രവചിച്ച വാഗ്ദത്ത നബി, തങ്ങള്‍ക്കൊപ്പം നിന്ന് അറബികളെ അമര്‍ച്ച ചെയ്യുമെന്നു ജൂതന്മാര്‍ കരുതിയിരുന്നു. ഇസ്മാഈല്‍ പരമ്പരയില്‍ നിന്നാണ് വാഗ്ദത്ത നബി എന്നറിഞ്ഞതോടെ ജൂതന്മാരുടെ മട്ടുമാറി. എന്നാല്‍, പ്രത്യക്ഷത്തില്‍ അവര്‍ നബി(സ)യെ എതിര്‍ത്തില്ല, പരോക്ഷമായി ഇസ്‌ലാമിനെതിരെ നിലകൊള്ളുകയും ചെയ്തു.
ജനസംഖ്യയില്‍ ഏറെ ഉണ്ടായിരുന്നെങ്കിലും മദീനയിലെ ബഹുദൈവ വിശ്വാസികളായ അറബികള്‍ ദുര്‍ബലരും അസംഘടിതരുമായിരുന്നു. ഖുറൈശികളുമായി അവര്‍ക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഖുറൈശികള്‍ നബി(സ)ക്കെതിരെ മദീനയിലേക്ക് പടനയിക്കുമെന്ന് അറബികള്‍ക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഏതു പക്ഷത്തു നിന്നാലും ആപത്തായിരിക്കുമെന്നവര്‍ കണക്കു കൂട്ടി. അതേ സമയം സ്വന്തം നിലക്ക് മദീനയിലെ നവമുസ്‌ലിം സമൂഹത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.

ചുരുക്കത്തില്‍ ഒട്ടും സുഖകരമോ സുരക്ഷിതമോ ആയിരുന്നില്ല ഹിജ്‌റാനന്തര മദീന. ആഭ്യന്തര സുരക്ഷിതത്വവും സുസ്ഥിരതയും വികസനോന്മുഖവുമായ ഒരു ദേശമാക്കി മദീനയെ മാറ്റുകയായിരുന്നു നബി(സ)യുടെ ലക്ഷ്യം. കൃത്യമായ അതിര്‍ത്തികളുള്ള ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശമുള്ള പങ്കാളിത്ത സ്വഭാവമുള്ള ഒരു ഭരണക്രമം അവിടുന്നു വിഭാവന ചെയ്തു.

മുഹാജിര്‍- അന്‍സ്വാര്‍ സൗഹൃദത്തിനുള്ള ചരിത്രപ്രധാനമായ ദൗത്യമാണ് അവിടുന്ന് ആദ്യം ഏറ്റെടുത്തത്. രക്തബന്ധങ്ങളെക്കൂടി അപ്രസക്തമാക്കുന്ന ഉദാത്തമായൊരു മാതൃകാ സൗഹൃദം തന്നെ അവിടുന്ന് രൂപപ്പെടുത്തി. ഗോത്ര വൈരങ്ങളുടെ കാലുഷ്യത്തില്‍ നിന്ന് ഇസ്‌ലാമിന്റെ വിശാലമായ സൗഹൃദവലയത്തിലേക്ക് മതഭേദമില്ലാതെ ജനങ്ങളെ യോജിപ്പിച്ചു നിറുത്താനായിരുന്നു അടുത്തശ്രമം. നീണ്ട 120 വര്‍ഷങ്ങളാണ് മദീനയിലെ ഗോത്രവിഭാഗങ്ങള്‍ പരസ്പരം പടവെട്ടിയത്. സാമ്പത്തികമായും സാമൂഹികമായും മദീന തകര്‍ന്നു കഴിഞ്ഞിരുന്നു. ഈ പതിതാവസ്ഥയില്‍ നിന്നു തങ്ങളെ മോചിപ്പിക്കാന്‍ ഒരു വിമോചകനെ കാത്തിരിക്കുകയായിരുന്നു സത്യത്തില്‍ മദീന. ഇസ്‌ലാമും അതു മുന്നോട്ടുവെച്ച മാനവികാശയങ്ങളും അവര്‍ക്ക് അത്രമേല്‍ സ്വീകാര്യമായത് ഈ പശ്ചാത്തലത്തിലാണ്.

പല തട്ടുകളിലായി പല ഘട്ടങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അന്തിമഫലമായിരുന്നു മദീനാ കരാര്‍. മദീനയെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ ജനവിഭാഗങ്ങളെയെല്ലാം ഈ ചര്‍ച്ചകളിലും കൂടിയാലോചനകളിലും അവിടുന്ന് പങ്കാളികളാക്കി. കരാറിനു മുന്നോടിയായി മദീനയുടെ അതിര്‍ത്തി നിര്‍ണയം, ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ വരെ അവിടുന്നു പരിഗണിച്ചുവെന്ന് ചരിത്രത്തില്‍ കാണാം.

കാനേഷുമാരി
അബൂഹുദയ്ഫതുല്‍ യമാനി(റ) പറയുന്നു: മദീനയിലെ മുസ്‌ലിം പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പേരുകള്‍ എഴുതിക്കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോടു കല്‍പ്പിച്ചു. ഞങ്ങളതു തയ്യാറാക്കി. മുസ്‌ലിംകളുടെ പേരു വിവരം 1500 വരുമായിരുന്നു. 4000 ജൂതന്മാരും 4500 ബഹുദൈവ വിശ്വാസികളും അന്ന് മദീനയില്‍ ഉണ്ടായിരുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിനു മദീനയുടെ അതിര്‍ത്തി നിശ്ചയിച്ച് കല്ലിട്ടു. ‘നഗര രാഷ്ട്രം’ എന്നു വിശേഷിപ്പിക്കാവുന്ന ഈ സംരക്ഷിത മേഖല അടിസ്ഥാനമാക്കിയാണ് മദീനാ കരാറിലെ മുപ്പത്തൊമ്പതാം വകുപ്പ്. മദീന ഒരു നഗര രാഷ്ട്രവും നബി(സ) അതിന്റെ ഭരണാധിപനും നഗരവാസികള്‍ സ്വതന്ത്ര അസ്തിത്വമുള്ള പൗരന്മാരും. ഓരോ വിഭാഗത്തിനും മതപരവും സാംസ്‌കാരികവുമായ അവരുടെ അസ്തിത്വം ഈ നഗര രാഷ്ട്രം അംഗീകരിക്കുന്നു. പുറമെ നിന്നും ആഭ്യന്തരമായും ഉണ്ടായേക്കാവുന്ന ഏത് അക്രമങ്ങളെയും തടയുന്നതിനും കൂട്ടായി നേരിടുന്നതിനും ഈ അതിര്‍ത്തി നിര്‍ണയം പ്രധാനമായിരുന്നു.

നബി(സ) സ്വയം തയ്യാറാക്കി മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നില്ല മദീനാ കരാര്‍. നിരന്തരമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കരാര്‍ നിലവില്‍ വന്നത്. ഈ ചര്‍ച്ചകളില്‍ മദീനയിലെ എല്ലാ ജനവിഭാഗങ്ങളെയും അവിടുന്ന് പങ്കാളികളാക്കി. അന്‍സ്വാറുകളെയും മുഹാജിറുകളിലെ പ്രമുഖരെയും വിളിച്ചുചേര്‍ത്തു കൊണ്ടായിരുന്നു ഈ ചര്‍ച്ചകളുടെ തുടക്കം. മദീനാ കരാറിലെ 23 വകുപ്പുകള്‍ ഈ യോഗത്തില്‍ വെച്ചാണു രൂപപ്പെടുത്തിയത്.

മുസ്‌ലിംകളിലെ വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള സൗഹൃദവും മൈത്രീബന്ധവും ഉറപ്പിക്കുന്നതിനുള്ള ആദ്യത്തെ കരടുരേഖയില്‍ ജൂതന്മാര്‍ കക്ഷികളായിരുന്നില്ല. എന്നാല്‍പ്പോലും അവരെക്കൂടി പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഈ കരടുരേഖയില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന് മുമ്പ് തന്നെ ജൂതന്മാരും ഖസ്‌റജ്- ഔസ് ഗോത്രങ്ങളും തമ്മില്‍ വ്യാപാര രംഗത്തും മറ്റും സൗഹൃദങ്ങള്‍ നിലനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ സുഹൃദ്ബന്ധങ്ങള്‍ നിലനിറുത്തുന്നതു സംബന്ധിച്ച അനുകൂല പരാമര്‍ശങ്ങള്‍ ജൂതഗോത്രങ്ങളെ സന്തോഷിപ്പിക്കുന്നതായിരുന്നു.

വലിയ ആഘോഷത്തോടെയായിരുന്നല്ലോ നബി(സ)യെ മദീനയിലേക്കു സ്വീകരിച്ചാനയിച്ചത്. ഈ ആഘോഷങ്ങളില്‍ ജൂതന്മാരും പങ്കാളികളായിരുന്നു. ഹിജ്‌റയുടെ ഉടനെ അവിടുത്തെ സന്ദര്‍ശിക്കാന്‍ വന്ന പ്രമുഖരുടെ നിരയില്‍ ജൂതനേതാക്കളും ഉണ്ടായിരുന്നു. അവര്‍ നീട്ടിയ സൗഹൃദത്തിന്റെ കൈ അവിടുന്നു സ്വീകരിച്ചു. അടുത്ത സമയത്തു തന്നെ പല ജൂതനേതാക്കളെയും നബി(സ) സന്ദര്‍ശിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. ബഹുദൈവാരാധകര്‍ക്കിടയിലെ വേദം നല്‍കപ്പെട്ടവര്‍ എന്ന പരിഗണനയും ഈ സൗഹൃദത്തിനുണ്ടായിരുന്നു.

മുസ്‌ലിം നേതാക്കളുടെ യോഗത്തിനുടനെ മദീനയിലെ എല്ലാ വിഭാഗങ്ങളിലെയും നേതാക്കളെ ഉള്‍പ്പെടുത്തി ഒരു സൗഹൃദ സംഭാഷണത്തിന് നബി(സ) വേദിയൊരുക്കി. ഇന്നത്തെ ഭാഷയില്‍ ‘മദീനാ സമ്മിറ്റ്’ എന്നു പറയാവുന്ന ഈ യോഗത്തില്‍ ജൂതനേതാക്കളും പുരോഹിതന്മാരും സംബന്ധിച്ചു. അനസുബ്‌നു മാലിക്(റ)വിന്റെ വീട്ടിലായിരുന്നു ഈ പൊതുയോഗം.

മദീന ഒരു സുരക്ഷിത മേഖലയായിരിക്കും. നഗരവാസികള്‍ ഒറ്റ സമൂഹമായിരിക്കും. ഓരോ വിഭാഗത്തിനും സ്വന്തം മതവും ആചാരാനുഷ്ഠാനങ്ങളും ജീവിത രീതികളും അതേപടി നിലനിറുത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. പരസ്പരം ആക്രമിക്കാനോ ഏറ്റുമുട്ടാനോ ചോര ചിന്താനോ പാടില്ല. ഇങ്ങനെ ചെയ്യുന്നവര്‍ ആരായിരുന്നാലും- അവര്‍ സ്വന്തക്കാരായിരുന്നാല്‍പ്പോലും കുറ്റവാളികളായിരിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. ഓരോ മതവിഭാഗത്തിനും അതതിന്റെ മത ശാസന അനുസരിച്ച് ശിക്ഷ വിധിക്കും. അല്ലാത്തവര്‍ക്കുവേണ്ടി പൊതുനിയമം രൂപപ്പെടുത്തും. മദീനയുടെ തലവനും വിധികര്‍ത്താവും നബി(സ) ആയിരിക്കും.

മദീനക്കു നേരെ പുറമെ നിന്നുണ്ടാകാവുന്ന ഏത് ആക്രമണത്തെയും കടന്നുകയറ്റത്തെയും എല്ലാവരും കൂട്ടമായി ചെറുക്കും. ഇത്തരം സൈനിക നീക്കങ്ങളില്‍ അവരവര്‍ക്കു വരുന്ന ചെലവുകള്‍ അവരവര്‍ വഹിക്കണം- പൊതുഫണ്ട് ഉണ്ടാവുകയില്ലെന്നര്‍ഥം. എന്നാല്‍, പുറമേക്കു പോയി നടത്തുന്ന മതപരമായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം അതതു വിഭാഗങ്ങള്‍ക്കായിരിക്കും. നിലവിലെ തര്‍ക്കങ്ങള്‍, കൊലക്കേസുകളിലെ രക്തപ്പണം, തടവുകാരുടെ മോചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കരാറില്‍ ധാരണകള്‍ ഉണ്ടായിരുന്നു. ‘നിങ്ങള്‍ എന്തായിരുന്നോ അതുപോലെ തന്നെയായിരിക്കുക’ എന്നതായിരുന്നു കരാറിലെ പൊതു ആശയം. ഈ കരാര്‍ ഏകാധിപത്യമോ സമഗ്രാധിപത്യമോ ആയിരുന്നില്ല, പങ്കാളിത്ത രീതിയാണ് വിഭാവന ചെയ്തത്. മതനിരപേക്ഷമെന്നോ മതേതരമെന്നോ പറയാവുന്നതായിരുന്നു അതിലെ പല വ്യവസ്ഥകളും. ബന്ധങ്ങളെയും സഖ്യങ്ങളെയും അതു മാനിച്ചിരുന്നു. മതസ്വാതന്ത്ര്യം, ജീവനും സ്വത്തിനും സുരക്ഷ, പൗരസ്വാതന്ത്ര്യം, വികസനം തുടങ്ങി മദീനയുടെ സ്വാസ്ഥ്യത്തിനും വളര്‍ച്ചക്കും വേണ്ടതെല്ലാം ഈ കരാര്‍ ഉള്‍ക്കൊണ്ടിരുന്നു.

തിരുത്തിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം രൂപപ്പെട്ട പ്രമാണത്തിനു പൊതുസ്വീകാര്യത ലഭിച്ചു. ഈ സ്വീകാര്യത ഒരു യാദൃച്ഛികമായിരുന്നില്ല. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും കൊണ്ട് തകര്‍ന്നു തരിപ്പണമായ മദീന ഒരു മാറ്റത്തിനുവേണ്ടി – മോചനത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അത്രയൊന്നും ഉദാരമായിരുന്നില്ലെങ്കില്‍പോലും എല്ലാവര്‍ക്കും കരാര്‍ സ്വീകാര്യമാകുമായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന ബുആസ് യുദ്ധത്തിന്റെ കെടുതികളില്‍നിന്ന് മദീന അപ്പോഴും മുക്തമായിരുന്നില്ല.

ഒരു മതവിഭാഗത്തെയോ ജനവിഭാഗത്തെയോ മാത്രമല്ല; അവരോടു ബന്ധമുള്ള, സൗഹൃദക്കരാറിലോ ധാരണയിലോ ഉള്ള വിഭാഗങ്ങളെക്കൂടി കരാര്‍ സംബോധന ചെയ്യുന്നു. എന്നാല്‍ ഖുറൈശികളുമായി ബന്ധം സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും കരാര്‍ നിരാകരിക്കുകയും ചെയ്യുന്നു.
+91 9400501168
അവസാനിച്ചിട്ടില്ല
.