പ്രതിഷേധം കത്തി; മനിതി സംഘം മലകയറാനാകാതെ മടങ്ങി

Posted on: December 23, 2018 9:06 am | Last updated: December 23, 2018 at 4:53 pm

പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങി. പ്രതിഷേധം ശക്തമായതോടെ മനിതി സംഘവും പോലീസും തമ്മില്‍ പമ്പയില്‍ ചര്‍ച്ച നടത്തുകയും സംഘം മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. സുരക്ഷാ പ്രശ്‌നമുണ്ടെന്ന പോലീസ് നിലപാട് മനിതി അംഗങ്ങള്‍ അംഗീകരിച്ചു. മടങ്ങിയ സംഘത്തിന് പോലീസ് സുരക്ഷ നല്‍കുമെന്ന് എസ്പി കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, പോലീസ് തങ്ങളെ ബലം പ്രയോഗിച്ച് മടക്കി അയക്കുകയാണെന്ന് മനിതി സംഘം നേതാവ് സെല്‍വി പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി മടങ്ങി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാടകീയ രംഗങ്ങള്‍; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത നീക്കി; ഉന്തുംതള്ളും

നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. ശരണമന്ത്രവുമായി പ്രതിഷേധക്കാര്‍ ഇവര്‍ക്കു ചുറ്റും കൂടിയതോടു കൂടിയാണ് സംഘത്തിന് പിന്‍വാങ്ങേണ്ടി വന്നത്. മലകയറാനുള്ള ശ്രമത്തില്‍ മുന്നോട്ടു പോകുന്നതിനിടെ വന്‍ പ്രതിഷേധം നേരിടേണ്ടി വന്ന മനിതി സംഘം പെട്ടെന്ന് ഭയന്നോടി ഗാര്‍ഡ് റൂമിലേക്ക് കയറുകയായിരുന്നു. 200 മീറ്റര്‍ മാത്രമാണ് ഇവര്‍ക്ക് മുന്നോട്ട് പോകാനായത്. പ്രതിഷേധം കടുത്തതോടെ തുടര്‍ന്ന് മുപ്പതോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം വ്യക്തമാക്കിയതോടെ ശബരിമലയില്‍ സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമായി. ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ നീക്കം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്നാണ് മനിതി സംഘത്തിന്റെ ആവശ്യം. തങ്ങള്‍ ആക്ടിവിസ്റ്റുകള്‍ അല്ല, വിശ്വാസികള്‍ ആണെന്നും ദര്‍ശനം നടത്താനാണ് തീരുമാനമെന്നും മനിതി നേതാവ് ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ മനിതി പ്രവര്‍ത്തകര്‍ പമ്പയിലേക്ക് എത്തുമെന്നാണ് വിവരം. അവരും കെട്ട് നിറച്ച് മല കയറുമെന്ന് ശെല്‍വി അവകാശപ്പെട്ടു. മനിതി സംഘത്തിനെതിരെ പമ്പയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ നാല് മണിക്കൂറായി പ്രതിഷേധക്കാര്‍ സംഘത്തെ തടഞ്ഞുവെച്ചിരിക്കുകയാണ്.

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ വലിയ പ്രശ്‌നങ്ങളിലേക്ക് വഴി വെക്കും. എന്‍പതിനായിരത്തോളം പേരാണ് നിലവില്‍ ദര്‍ശനം നടത്താനെത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ആയിരത്തോളം പോലീസുകാര്‍ മാത്രമാണ് ശബരിമലയിലുള്ളത്.

അതേസമയം, മനിതി സംഘത്തിന്റെ കാര്യത്തില്‍ ശബരിമല നിരീക്ഷക
സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതി ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോലീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നേരത്തെ അറിയിച്ച ശേഷമാണ് സംഘം യാത്ര തുടങ്ങിയത്. മനിതി കൂട്ടായ്മക്ക് കീഴില്‍ തമിഴ്‌നാട്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ സംഘത്തിലുണ്ടെന്നാണ് വിവരം. സുരക്ഷയൊരുക്കാമെന്ന് പോലീസും സര്‍ക്കാറും ഉറപ്പു നല്‍കിയതായി മനിതി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മനിതി വനിതാ കൂട്ടായ്മ നേരത്തേ വ്യക്തമാക്കിയിരുന്നു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് യുവതികളെ സംഘടിപ്പിച്ചത്.