Connect with us

National

മൂന്നര വര്‍ഷത്തിനിടെ പൊതുമേഖല ബേങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 10,000 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുമേഖല ബേങ്കുകള്‍ പിഴയിനത്തില്‍ ഇടപാടുകാരില്‍നിന്നും ഈടാക്കിയത് പതിനായിരം കോടിയിലേറെ രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യകമാകുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ ഇടപാടുകള്‍ക്ക് പുറമെ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമായാണ് ഇത്രയധികം പണം ബേങ്കുകള്‍ ഈടാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്ബിഐ ഈടാക്കിയ പിഴ 2012ല്‍ നിര്‍ത്തലാക്കിയെന്നും എന്നാല്‍ 2017 ഏപ്രിലില്‍ വീണ്ടും പിഴ ഈടാക്കാന്‍ തുടങ്ങിയെന്നും പാര്‍ലമെന്റിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയിലുണ്ട്. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ സ്വകാര്യ ബേങ്കുകള്‍ പിഴ ഈടാക്കുന്നത് തുടരുകയാണ്. വിവധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനുള്ള അധികാരം ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു. സ്വകാര്യ ബേങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തിന് വന്‍ തുക പിഴ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യങ്ങള്‍ പറയുന്നില്ല.