Connect with us

Ongoing News

യാത്രക്കാരെ പരിഭ്രാന്തരാക്കി, മലബാര്‍ എക്‌സ്പ്രസിലെ സീറ്റിനടിയില്‍ പുക

Published

|

Last Updated

തൃശൂര്‍: മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് സംഭവം.
സീറ്റിനടിയിലെ കവറില്‍ നിന്ന് പുക ഉയര്‍ന്നതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ആരോ ഉപേക്ഷിച്ച് പോയെന്ന് കരുതുന്ന കവര്‍ യാത്രക്കാര്‍ ചേര്‍ന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. കരുതക്കാട് ട്രെയിന്‍ ഏറെ നേരം നിര്‍ത്തിയിട്ട് പരിശോധിച്ചതിന് ശേഷം യാത്ര തുടര്‍ന്നു.
ഏറെ തിരക്കുള്ള കംപാര്‍ട്ട്മെന്റിലെ സീറ്റിനടിയിലായിരുന്നു കവറുണ്ടായിരുന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെക്കുകയും കവര്‍ പുറത്തേക്ക് എറിയുകയുമായിരുന്നു.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആര്‍ പി എഫ് സി ഐ കേശവദാസിന്റെയും വടക്കാഞ്ചേരി എസ് ഐ. കെ സി രതീഷിന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വൈറ്റ് ക്രിസ്റ്റലും ഗ്ലാസുകളും മൂന്ന് ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ പ്രത്യേക ദ്രാവകവും കണ്ടെത്തി. പ്ലാസ്റ്റിക് കയറും കവറില്‍ ഉണ്ടായിരുന്നു. പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.